ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ സമരം ചെയ്ത ഏഴായിരത്തിലധികം നഴ്സുമാരുടെ ആവശ്യങ്ങള്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ അംഗീകരിച്ചതിനെതുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലെ 7100 നഴ്‌സുമാരാണ് സമരം ചെയ്തത്. വേതന വര്‍ധന, കൂടുതല്‍ നഴ്‌സുമാരെ നിയമിക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ദി ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. മാന്‍ഹട്ടനിലെ മോണ്ടെഫിയോര്‍ മെഡിക്കല്‍ സെന്ററിലെ 3500 നഴ്‌സുമാരും ബ്രോങ്ക്സിലെ മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്‌സുമാരുമാണ് പണിമുടക്കിയത്.
രണ്ട് ആശുപത്രി മാനേജ്‌മെന്റുകളുമായി താല്‍ക്കാലിക കരാര്‍ ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നതായി നഴ്സുമാരുടെ യൂണിയന്‍ അറിയിച്ചു.
ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതു മൂലം ജോലിഭാരം വര്‍ധിച്ച സാഹചര്യത്തിലാണ് നഴ്‌സുമാര്‍ പണിമുടക്കിലേക്കു നീങ്ങിയത്. കോവിഡ് മഹാമാരിക്കു പിന്നാലെ ശൈത്യകാലം വന്നതിനാല്‍ നിരവധി പേരാണ് ആശുപത്രി സേവനം തേടിയെത്തുന്നത്. അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതും കൂടുതല്‍ രോഗികളെ കൈകാര്യം ചെയ്യുന്നതും മൂലം തങ്ങള്‍ വളരെയധികം ക്ഷീണിതരാണെന്നും ഭക്ഷണം പോലും ഒഴിവാക്കേണ്ടി വരുന്നതായും നഴ്സുമാര്‍ പറയുന്നു.
സമരത്തിലൂടെ മോണ്ടെഫിയോറിലും മൗണ്ട് സീനായിലും സുരക്ഷിതമായ സ്റ്റാഫിംഗ് അനുപാതം നേടിയെടുത്തതായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് നാന്‍സി ഹഗന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം കാലാവധിയുള്ള കരാര്‍ പ്രകാരം എല്ലാ വര്‍ഷവും ശമ്പള വര്‍ധനയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ധാരണയായതായി യൂണിയന്‍ പറഞ്ഞു.
യൂണിയനുമായുള്ള കരാറിലൂടെ നഴ്സുമാര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച തൊഴില്‍ അന്തരീക്ഷം, വേതനവും ആനുകൂല്യങ്ങളും ഗണ്യമായി വര്‍ധിപ്പിക്കല്‍ എന്നിവ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു.
നഴ്‌സുമാര്‍ ജോലിയില്‍ തിരിച്ചെത്തിയതോടെ എല്ലാ ശസ്ത്രക്രിയകളും ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും ഷെഡ്യൂള്‍ ചെയ്തതുപോലെ നടക്കുമെന്ന് മോണ്ടിഫിയോര്‍ മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.