ടെഹ്‌റാൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാന്‍ മുന്‍ ഉപപ്രതിരോധ മന്ത്രി അലിരേസ അക്ബരിയെ തൂക്കിലേറ്റി. ബ്രിട്ടന് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. കേസില്‍ വിധി പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് 61 കാരനായ അലിരേസ അക്ബരിയുടെ ശിക്ഷ നടപ്പാക്കിയത്.
അഴിമതി നടത്തിയതിനും രഹസ്യ വിവരങ്ങൾ കൈമാറിയത്തിലൂടെ രാജ്യത്തിന്റെ ആന്തരികവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിച്ചതും മുൻനിർത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അലിരേസ അക്ബരിക്ക് വധശിക്ഷ വിധിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി.
അലിരേസ അക്ബരി ബ്രിട്ടന്റെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ എം I6 ന്റെ ചാരൻ ആണെന്നും ദേശീയ സുരക്ഷാ വിവരങ്ങൾ കൈമാറിയെന്നും ആരോപിച്ച് 2019 ലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ അക്ബാരി ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലായിരുന്നു.
അലിരേസ അക്ബാരിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് നേരത്തെ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് വകവയ്ക്കാതെയാണ് ഇറാന്റെ ഇപ്പോഴത്തെ നടപടി.
അലിരേസ അക്ബരി ഇറാന്റെയും ബ്രിട്ടന്റെയും പൗരത്വമുള്ള വ്യക്തിയാണ്. എന്നാല്‍ ഇറാനില്‍ ഇരട്ട പൗരത്വം അംഗീകരിക്കുന്നില്ല. അതിനാല്‍ ഇത്തരം സംഭവങ്ങളില്‍ പിടിയിലാകുന്നവരുടെ വിചാരണയുള്‍പ്പെടെ കര്‍ശനമായാണ് നടപ്പാക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വിചാരണകളില്‍ പങ്കെടുക്കാനോ വിദേശ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനമോ സര്‍ക്കാര്‍ അനുവദിക്കപ്പെടില്ല.
1997 മുതൽ 2005 വരെയുള്ള കാലയളവില്‍ ഇറാന്‍ പ്രസിഡണ്ട് ആയിരുന്ന മുഹമ്മദ് ഖാത്തമിയുടെ കാലത്തായിരുന്നു അലിരേസ അക്ബരി ഇറാന്‍ ഉപ പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ചത്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ മുതിര്‍ന്ന അംഗവുമായിരുന്നു അദ്ദേഹം. 1988 ല്‍ ഇറാനും ഇറാഖും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ വ്യക്തികൂടിയായിരുന്നു അലിരേസ അക്ബരി.
പ്രതിരോധ മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം ബ്രിട്ടണിലേക്ക് കുടിയേറിയ അക്ബരി സ്വകാര ഗവേഷണ സ്ഥാപനം നടത്തിവരികയായിരുന്നു. ഇതേ സ്ഥാപനകത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അക്ബരിക്ക് എതിരായ ഇറാന്‍ നടപടി.
അതേസമയം, അലിരേസ അക്ബരി ചാരനല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ വ്യക്തമാക്കി. പത്തോ പന്ത്രണ്ടോ വര്‍ഷം മുമ്പ് അദ്ദേഹം യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഓഫീസറുമായി നടത്തിയ കൂടിക്കാഴ്ചയെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇറാന്റെ നടപടിയെന്നും അലിരേസ അക്ബരിയുടെ ഭാര്യ കുറ്റപ്പെടുത്തി. മാത്രമല്ല തന്റെ മേലുള്ള ആരോപണം നിഷേധിച്ച അക്ബാരി, കുറ്റസമ്മതം നടത്തണമെന്നാവശ്യപ്പെട്ട് താൻ പീഡിപ്പിക്കപ്പെടുകയാണ് എന്ന് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
2018 ലും 2019 ലും താൻ ഇറാൻ സന്ദർശിച്ചിരുന്നുവെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയെ കാണുകയും ഷർട്ടും ഒരു കുപ്പി പെർഫ്യൂമും സമ്മാനമായി നൽകിയതായും അക്ബാരി പറഞ്ഞിരുന്നു. എന്നാൽ ആ കൂടിക്കാഴ്ചയിൽ ചില രഹസ്യവിവരങ്ങൾ ലഭിച്ചുവെന്നും അത് താൻ ബ്രിട്ടന് കൈമാറിയെന്നുമാണ് തനിക്കെതിരെയുള്ള ആരോപണമെന്നും അദ്ദേഹം പറയുന്നു.
ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം ബ്രിട്ടനോട് പ്രതികാരം തീർക്കുകയാണ്. ഷാംഖാനി രഹസ്യവിവരങ്ങൾ ചോർത്തിയെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല എന്നും അക്ബാരി ചോദിച്ചു. 2000 ത്തിന്റെ തുടക്കത്തിൽ ഷാംഖാനി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ അക്ബരി ഷാംഖാനിയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തന്നെ പീഡിപ്പിക്കുകയും മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന മരുന്നുകൾ നൽകി കുറ്റസമ്മതം നടത്താൻ നിർബന്ധിക്കുകയും ചെയ്തുവെന്നും അക്ബാരി ബിബിസിയ്ക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ എപ്പോഴാണ് ഈ സന്ദേശം രേഖപ്പെടുത്തിയതെന്ന് വ്യക്തമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.