ഒടുവില്‍ കോവിഡ് അനുബന്ധ മരണ നിരക്ക് പുറത്തുവിട്ട് ചൈന; 35 ദിവസത്തിനിടെ 60,000 മരണം

ഒടുവില്‍ കോവിഡ് അനുബന്ധ മരണ നിരക്ക് പുറത്തുവിട്ട് ചൈന; 35 ദിവസത്തിനിടെ 60,000 മരണം

ബീജിങ്: ഏറെ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം കോവിഡ് മരണ നിരക്ക് പുറത്തു വിട്ട് ചൈന. കഴിഞ്ഞ ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

59,938 കോവിഡ് അനുബന്ധ മരണങ്ങളാണ് ഒരുമാസത്തിനിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു. 2022 ഡിസംബര്‍ എട്ടു മുതല്‍ ഈ വര്‍ഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവയില്‍ 5,503 മരണങ്ങള്‍ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നാണെന്ന് ജിയാവോ വ്യക്തമാക്കി. 54,435 പേര്‍ മരണപ്പെട്ടത് കാന്‍സര്‍, ഹൃദ്രോഗ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പിന്നാലെ കോവിഡ് വന്നതിനെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.

മരണമടഞ്ഞവരുടെ ശരാശരി പ്രായം എണ്‍പത് ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരില്‍ 90 ശതമാനവും 65 വയസോ അതിനു മുകളിലോ പ്രായമുള്ളവര്‍ ആണെന്നും സൗത്ത് ചൈനാ മോണിങ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൃത്യമായ രോഗ, മരണ നിരക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസവും ചൈനയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. എന്നാല്‍ കണക്കുകള്‍ മറച്ചുവെച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി ചൈനീസ് ശാസ്ത്രജ്ഞര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നുമാണ് ബീജിങ് എംബസിയുടെ വക്താവായ ലിയു പെങ്ക്യു പറഞ്ഞത്.

2020ന്റെ തുടക്കത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയില്‍ ആരംഭിച്ച നിയന്ത്രണങ്ങള്‍ സമീപകാലം വരെ വിട്ടുവീഴ്ചയില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ സീറോ കോവിഡ് നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ഈയടുത്ത് ഇളവുകള്‍ നല്‍കിത്തുടങ്ങിയത്. അതോടെ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വന്‍തോതില്‍ വര്‍ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.