കൊച്ചി: ഏകീകൃത കുർബാന വിഷയത്തില്‍ സഭാ നേതൃത്വത്തിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് സീറോ മലബാര്‍ സഭാ സിനഡ്. സിനഡിന് ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായ സഹോദരങ്ങള്‍ക്കും എഴുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഏകീകൃത രീതിയിലുള്ള വിശുദ്ധ കുര്‍ബാന അർപ്പണം നടപ്പിലാക്കുന്നതില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള അജപാലന പ്രശ്നങ്ങളെ സിനഡ് വിലയിരുത്തി.
1999 നവംബറിൽ ചേർന്ന സിനഡ് ഒരുമനസോടെ തീരുമാനിച്ച സീറോ മലബാര്‍ സഭയുടെ ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കാൻ 2021 ജൂലൈ മൂന്നിനും 2022 മാര്‍ച്ച് 25നും ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടു കത്തുകളിലൂടെ നേരിട്ടു ആവശ്യപ്പെട്ടതാണ്. സഭയുടെ പരമാധികാരിയായ മാർപ്പാപ്പയുടെ ഉദ്ബോധനം അനുസരിക്കാന്‍ സീറോ മലബാര്‍ സഭയുടെ മുഴുവൻ വിശ്വാസികളും കടപ്പെട്ടവരാണ്.
ആരാധനാക്രമ വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സഭയുടെ സിനഡും ശ്ലൈഹിക സിംഹാസനവുമാണ്. ഇതരത്തിൽ നല്‍കപ്പെട്ട നിയമത്തിനു വിരുദ്ധമായി തീരുമാനമെടുക്കാന്‍ മറ്റാര്‍ക്കും അവകാശമില്ല. ശ്ലൈഹിക സിംഹാസനം അംഗീകരിച്ച സഭാസിനഡിന്റെ തീരുമാനത്തെ മനപൂര്‍വം അവഗണിച്ചു വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതു നിയമ വിരുദ്ധമാണെന്നും സിനഡ് ചൂണ്ടിക്കാട്ടി.
എറണാകുളം-അങ്കമാലി അതിരൂപത നിലവില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന്‍ കീഴിലായതിനാല്‍ സിനഡിന് നേരിട്ട് അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം എടുക്കാനാവില്ല. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിര്‍ദ്ദേശ പ്രകാരം അതിരൂപതയില്‍ നിന്നുള്ള പിതാക്കന്മാര്‍ ഉള്‍പ്പെടുന്ന ആറംഗ സമിതി ചര്‍ച്ചകള്‍ക്കായി നിയോഗിക്കപ്പെട്ടു.
ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായി സമിതി പല തവണ ചര്‍ച്ചകള്‍ നടത്തി. അതിരൂപതാ കൂരിയായിലെ അംഗങ്ങളുമായും വിശദമായ ചര്‍ച്ചകള്‍ നടന്നു. കൂടാതെ അതിരൂപതാംഗങ്ങളായ വിവിധ അല്മായ പ്രമുഖരുമായും സമിതി ആശയ വിനിമയം നടത്തി.
സഭയുടെ ഐക്യം വര്‍ധിപ്പിക്കുന്ന രീതിയില്‍ ഏകീകൃത ബലിയര്‍പ്പണം നടപ്പാക്കണമെന്ന തീരുമാനത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് അതു നടപ്പാക്കാന്‍ അതിരൂപതയിലെ ഇടവകകള്‍ക്ക് സമയം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു ചര്‍ച്ചകള്‍ പുരോഗമിച്ചത്. കത്തീഡ്രല്‍ ബസിലിക്കയില്‍ ഞായറാഴ്ചകളിലെങ്കിലും ഏകീകൃത രൂപത്തിലുള്ള കുര്‍ബാനയര്‍പ്പിച്ചു കൊണ്ട് അനുരഞ്ജനത്തിന്റെ പ്രക്രിയ ആരംഭിക്കാമെന്നായിരുന്നു സിനഡ് പിതാക്കന്മാരുടെ പ്രതീക്ഷ.
അങ്ങനെ യോജിപ്പില്‍ എത്തുകയാണെങ്കില്‍ സിനഡിന്റെ അവസാന ദിവസം പിതാക്കന്മാരെല്ലാം ഒന്നുചേര്‍ന്നു മേജര്‍ ആര്‍ച്ച് ബിഷപിന്റെ കാര്‍മികത്വത്തില്‍ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു ഐക്യത്തിലേക്കുള്ള പ്രയാണത്തെ ത്വരിതപ്പെടുത്താമെന്ന ചില വിഭാഗങ്ങളുടെ നിര്‍ദ്ദേശവും സ്വീകാര്യമായിരുന്നു.
എന്നാല്‍ ഇനിയും വ്യക്തമാകാത്ത കാരണങ്ങളാല്‍ ഏകീകൃത കുര്‍ബാനക്രമത്തെ അംഗീകരിക്കാത്ത ചിലര്‍ വിസമ്മതിച്ചതിനാല്‍ സിനഡിന്റെ സമാപനത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയാതെ പോയി. ഐക്യത്തിന് വേണ്ടിയുള്ള സഭയുടെ മനസ് തിരിച്ചറിഞ്ഞ് എല്ലാവരും ഏക മനസോടെ സിനഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ദിവസം അകലെയല്ലെന്ന പ്രത്യാശയും സിനഡ് പങ്കിവച്ചു. അതിനാല്‍ പിതാക്കന്മാരുടെ സമിതി തുടര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നൽകും.
ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരമുണ്ടാക്കാന്‍ ഒരു മനസോടെ പരിശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ എല്ലാത്തരം പ്രതിഷേധ പ്രകടനങ്ങളില്‍ നിന്നും സമര മുറകളില്‍ നിന്നും പിന്മാറണമെന്ന് സിനഡ് ആഹ്വാനം ചെയ്തു. പരിശുദ്ധ പിതാവിന്റെ അംഗീകാരത്തോടെയുള്ള സിനഡിന്റെ തീരുമാനം നടപ്പിലാക്കാന്‍ വിശ്വാസപൂര്‍വം മുന്നോട്ട് വന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെയും അല്മായസഹോദരങ്ങളുടെയും നിലപാടു മാതൃകാപരമാണ്.
അനുരഞ്ജിതരായി തിരാന്‍ വേണ്ടി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന അനൈക്യത്തിന്റെ വേദിയാക്കി സ്വയം അപഹാസ്യരാകാതിരിക്കാന്‍ എല്ലാ വൈദികരും സമര്‍പ്പിതരും അല്മായ സഹോദരങ്ങളും ശ്രദ്ധിക്കണം. സഭാസ്നേഹികളും പാരമ്പര്യവാദികളും എന്ന പേരില്‍ നിരന്തരം പ്രകോപനപരമായി പ്രതികരിക്കുന്ന ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ സ്വയം നിയന്ത്രിക്കേണ്ടത് സഭയുടെ ഐക്യത്തിന് അനിവാര്യമാണെന്നും സിനഡ് ചൂണ്ടിക്കാട്ടി.
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം കര്‍ഷകര്‍ക്ക് ആശാവഹമാണെന്നും സിനഡ് വിലയിരുത്തി. മുഴുവന്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷി ഭൂമിയെയും തോട്ടങ്ങളെയും ബഫര്‍സോണ്‍ പരിധിയില്‍നിന്നു ഒഴിവാക്കാനുള്ള നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ജീവിക്കുന്ന ജനങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിന്റെ വക്കിലാണെന്നു സിനഡ് നിരീക്ഷിച്ചു.
നിലവിലുള്ള സങ്കേതങ്ങള്‍ക്ക് പുറമേ അട്ടപ്പാടിയില്‍ പുതുതായി വനംവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്ന ഭവാനി വന്യ ജീവി സങ്കേതം അട്ടപ്പാടിയെ കൂടുതല്‍ ദോഷകരമായി ബാധിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം കര്‍ഷകരോടുള്ള വെല്ലുവിളിയായി മാത്രമേ മനസ്സിലാക്കാനാകൂ എന്നു സിനഡ് വിലയിരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26