ആലപ്പുഴ: സഹപ്രവര്‍ത്തകരായ യുവതികളുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്ന പരാതിയില്‍ സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ സെന്റര്‍ അംഗം എ.പി സോണയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ജില്ലാ നേതൃത്വം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇത് സൗത്ത് ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. മഹീന്ദ്രന്‍, ജി. രാജമ്മ എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍.
ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്താന്‍ ശ്രമിച്ചെന്ന പേരില്‍ സോണയ്ക്ക് അടുത്തിടെ നാട്ടുകാരുടെ മര്‍ദ്ദനം ഏറ്റിരുന്നു. ഇതിനിടെ തെറിച്ചുപോയ മൊബൈല്‍ ഫോണ്‍ പരിശോധിപ്പോഴാണ് മറ്റു വീഡിയോകള്‍ കണ്ടെത്തിയത്. ആലപ്പുഴയിലും അമ്പലപ്പുഴയിലുമുള്ള 34 സ്ത്രീകളുടെ വീഡിയോകള്‍ ഇതിലുണ്ടായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി സജി ചെറിയാനെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ കമ്മിഷനെ നിയമിക്കുകയായിരുന്നു. 30ലധികം സ്ത്രീകളെ നേരിട്ടു കണ്ടു സംസാരിച്ചതിന്റെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കി നടപടി സ്വീകരിച്ചത്.
ഒന്നിലധികം സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു മാസം മുമ്പാണ് ജില്ലാ സെക്രട്ടേറിയറ്റ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പക്ഷേ അന്വേഷണം മന്ദഗതിയിലായിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയിലേക്കു കടന്നത്.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ സജ്ജീകരിച്ച സ്റ്റുഡിയോയില്‍ ജി. വേണുഗോപാല്‍, കെ.എച്ച് ബാബുജാന്‍, ജി.ഹരിശങ്കര്‍, എം. സത്യപാലന്‍, ആര്‍.നാസര്‍, പി.പി ചിത്തരഞ്ജന്‍ എന്നിവര്‍ ദൃശ്യങ്ങള്‍ കണ്ടാണ് പരാതിയിലെ വാസ്തവം ബോദ്ധ്യപ്പെട്ടത്.
ഗുരുതരമായ കുറ്റം ചെയ്തതിനാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും നിന്ന് സോണയെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വീഡിയോകളില്‍ പലതും പാര്‍ട്ടി ഓഫീസുകളില്‍ വച്ചാണ് മൊബൈലില്‍ പകര്‍ത്തിയതെന്ന് പശ്ചാത്തല ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പാര്‍ട്ടിയുടെ വനിതാ സംഘടനയിലെ നേതാക്കളുടേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. പല സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും താത്കാലിക ജോലി തരപ്പെടുത്തിയാണ് ഇയാള്‍ കെണിയില്‍ വീഴ്ത്തിയതെന്ന് പാര്‍ട്ടിയിലെത്തന്നെ ഒരു വിഭാഗം ആരോപിക്കുന്നു.
സോണയുടെ മൂന്നു സഹോദരിമാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ജോലി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു സഹോദരി കളപ്പുര ഗസ്റ്റ് ഹൗസ് ഹൗസിലും മറ്റൊരാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഓഫീസിലും ഒരു സഹോദരി ഹോമിയോ ആശുപത്രി ഓഫീസിലും ഒരു സഹോദരിയുടെ ഭര്‍ത്താവ് ആലപ്പുഴ സഹകരണ ആശുപത്രിയിലെ പമ്പ് ഓപ്പറേറ്ററായുമാണ് ജോലി ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.