കോഹ്‌ലി ആഞ്ഞടിച്ചു: കാര്യവട്ടത്ത് ബാറ്റിങ് പെരുമഴ; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

കോഹ്‌ലി ആഞ്ഞടിച്ചു: കാര്യവട്ടത്ത് ബാറ്റിങ് പെരുമഴ; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബാറ്റിങ് വിരുന്നൊരുക്കി ഇന്ത്യ. വിരാട് കോഹ്‌ലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറി ബലത്തില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്നാം പോരില്‍ കൂറ്റന്‍ വിജയ ലക്ഷ്യമാണ് ഇന്ത്യ കാഴ്ചവെച്ചിരിക്കുന്നത്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഈ പോരാട്ടം ജയിച്ച് പരമ്പര 3-0ത്തിന് തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

85 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്‌ലിയുടെ ശതകം. കരിയറിലെ 46ാം ഏകദിന സെഞ്ച്വറിയാണിത്. പരമ്പരയില്‍ താരം നേടുന്ന രണ്ടാം സെഞ്ച്വറി. പിന്നാലെ ഗിയര്‍ മാറ്റിയ കോഹ്‌ലി കളം അടക്കി വാണു.

പിന്നീട് കണ്ടത് കോഹ്‌ലിയുടെ നിറഞ്ഞാട്ടമാണ്. എട്ട് കൂറ്റന്‍ സിക്സും 13 ഫോറും സഹിതം കോഹ്‌ലി 166 റണ്‍സുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ കോഹ്‌ലിക്കൊപ്പം രണ്ട് റണ്‍സുമായി അക്ഷര്‍ പട്ടേലായിരുന്നു ക്രീസില്‍.

89 പന്തില്‍ 11 ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് ഗില്‍ 100 തികച്ചത്. ആകെ 97 പന്തില്‍ 14 ഫോറുകളും രണ്ട് സിക്‌സും സഹിതം 116 റണ്‍സ് താരം കണ്ടെത്തി. കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറിയാണ് ഗില്‍ നേടിയത്. ഗില്ലിനെ രജിത ബൗള്‍ഡാക്കി.

രണ്ടാം വിക്കറ്റില്‍ കോഹ്ലിയും ഗില്ലും ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗില്ലിന് പിന്നാലെ എത്തിയ ശ്രേയസ് അയ്യരും മികവില്‍ ബാറ്റ് വീശിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിന്റെ വഴിയിലെത്തി. 32 പന്തില്‍ 38 റണ്‍സുമായി ശ്രേയസ് പുറത്തായി. പിന്നാലെ വന്ന കെഎല്‍ രാഹുലിന് അധികം ക്രീസില്‍ നില്‍ക്കാനായില്ല. താരം ഏഴ് റണ്‍സുമായി മടങ്ങി. 49 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 42 റണ്‍സടിച്ച രോഹിതിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആറാമനായി ക്രീസിലെത്തിയ സൂര്യകുമാറിനും അല്‍പ്പായുസായിരുന്നു.

ശ്രീലങ്കയ്ക്കായി ലഹിരു കുമാര, കസുന്‍ രജിത രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ചമിക കരുണരത്നെ ഒരു വിക്കറ്റെടുത്തു.

നേരത്തെ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. 16ാം ഓവറില്‍ ഇന്ത്യ 100 കടന്നു. രോഹിത്- ശുഭ്മാന്‍ ഗില്‍ സഖ്യം ഓപ്പണിങില്‍ 95 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.