കൊച്ചി: മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ കക്ഷിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. മുൻകൂർ ജാമ്യത്തിനായി ഒരു ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്നും പണം കൈപ്പറ്റിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.
ഹൈക്കോടതി ക്രിസ്മസ് അവധിക്കുശേഷം തുറന്ന ദിവസം നടത്തിയ ഫുൾ കോർട്ടിന്റെ ശുപാർശയിൽ കൊച്ചി സിറ്റി പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
സിനിമാ മേഖലയിലുള്ള കക്ഷിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാൻ ജഡ്ജിയ്ക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ പണം വാങ്ങി എന്നാണ് ആരോപണം. സംഭവം ജുഡീഷ്യറിക്ക് മേൽ ഉണ്ടാക്കിയ കളങ്കം കണക്കിലെടുത്താണ് ഫുൾ കോർട്ട് പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്.
അതീവ രഹസ്യ സ്വഭാവത്തിലായിരുന്നു ഇതിന്‍റെ നടപടികൾ. ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി അനില്‍കാന്താണ് അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസിന് നിർദേശം നൽകിയത്.
കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണമാണ് പൊലീസ് നടത്തുക. തുടര്‍ന്ന് ആവശ്യമെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് അഭിഭാഷകനെതിരെ ഹൈക്കോടതി ആവശ്യപ്രകാരം പൊലീസ് അന്വേഷണം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.