ബഫര്‍സോണ്‍ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍; വിധിയില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ വാദം കേള്‍ക്കും

ബഫര്‍സോണ്‍ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍; വിധിയില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ വാദം കേള്‍ക്കും

ന്യൂഡൽഹി: ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ നല്‍കിയ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവാണ്‌ കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ ബഫര്‍ സോണ്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് കേരളവും ആവശ്യപ്പെടുന്നു.

നിലവിലുള്ള വിധി, കരട് വിജ്ഞാപനത്തിനു ബാധകമാക്കരുതെന്നും കേരളം ആവശ്യപ്പെടുന്നു. മതികെട്ടാൻ ചോലയുടെ കാര്യത്തിൽ അന്തിമ വിജ്ഞാപനവും മറ്റുള്ളവയിൽ കരട് വിജ്ഞാപനവുമാണ് നിലനിൽക്കുന്നത്.

കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയോദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. ഇവയില്‍ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനം പ്രസിദ്ധികരിച്ചിട്ടുണ്ട്. 

ഇതിന് പുറമെ പെരിയാര്‍ ദേശീയോദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാ മേഖലയിലും കേന്ദ്രം കരട് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. ഇതിനാല്‍ തന്നെ 23 സംരക്ഷിത മേഖലകളില്‍ കേന്ദ്രത്തിന്റെ ഹര്‍ജി സുപ്രീം കോടതി അനുവദിച്ചാല്‍ കേരളത്തിന് കൂടി ഇളവ് ലഭിക്കും.

അതേസമയം ബഫർസോൺ വിഷയത്തിൽ ഇടുക്കിയിൽ സ്വീകരിച്ചിരിക്കുന്ന നപടികൾ വിലയിരുത്താനുള്ള യോഗം ഇന്ന് കളക്ടറേറ്റിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ത വഹിക്കും. 

ജില്ലയിലെ തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും സ്വീകരിച്ച നടപടി യോഗത്തിൽ വിശദീകരിക്കും. സർവേ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.