വന്യജീവി ശല്യം രൂക്ഷം: വയനാട്ടില്‍ ഇന്ന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം

വന്യജീവി ശല്യം രൂക്ഷം: വയനാട്ടില്‍ ഇന്ന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം

വയനാട്: വന്യജീവി ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ വയനാട്ടിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു. കടുവ ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.

വന്യജീവി ആക്രമണം പ്രതിസന്ധിയാകുന്നതിനിടെ ഇവയുടെ ജനന നിയന്ത്രണത്തിനുള്ള സാധ്യത​ തേടുമെന്ന് വനംമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ജനന നിയന്ത്രണത്തിനുള്ള നിയമപരമായ സാധ്യത പരിശോധിക്കും. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പാലക്കാട് ധോണിയിലും വയനാട് സുൽത്താൻ ബത്തേരിയിലും കാട്ടാന ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായി നിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി വനംമന്ത്രി തന്നെ രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.