തരൂര്‍ വിവാദത്തില്‍ വടിയെടുത്ത് എഐസിസി; പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

തരൂര്‍ വിവാദത്തില്‍ വടിയെടുത്ത് എഐസിസി; പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

ന്യൂഡല്‍ഹി: ശശി തരൂരിനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നതിനിടെ വിവാദങ്ങള്‍ക്ക് തടയിടാന്‍ എഐസിസിയുടെ ഇടപെടല്‍. വിവാദ വിഷയങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കാനാണ് നേതൃത്വം നിര്‍ദേശം നല്‍കിയത്.

തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സാഹചര്യം നിരീക്ഷിക്കാന്‍ താരിഖ് അന്‍വറിന് എഐസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചര്‍ച്ചകള്‍ നടത്തി മുന്‍പോട്ട് പോകണമെന്നും എഐസിസി നിര്‍ദ്ദേശിച്ചു.

മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് മറുപടിയുമായി ചെന്നിത്തല എത്തിയതോടെയാണ് കോണ്‍ഗ്രസിലെ പുതിയ വിവാദങ്ങളുടെ തുടക്കം. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.

എന്നാല്‍ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂര്‍ തിരിച്ചടിച്ചു. ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. കേരളത്തില്‍ കൂടുതല്‍ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നു, താന്‍ പരിപാടികളില്‍ പങ്കെടുക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ എഐസിസി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം ഉയരുകയാണ്. തരൂരിന്റെ തേരോട്ടത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് നേതാക്കള്‍ വിമര്‍ശനം കടുപ്പിക്കുമ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ് ശശി തരൂരും.

ജനം തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും കേരളത്തില്‍ ക്ഷണിക്കുന്ന പരിപാടികളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച ശശി തരൂര്‍ പ്രവര്‍ത്തക സമിതി ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ സമിതി നിലവില്‍ വരുമ്പോള്‍ അതിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.