ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; ഇന്ത്യയടക്കം ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ കരകയറും

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; ഇന്ത്യയടക്കം ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ കരകയറും

ദാവോസ്: റഷ്യ- ഉക്രൈയ്ൻ യുദ്ധം ഉൾപ്പെടെ ലോകം ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയെന്ന് ലോക സാമ്പത്തിക ഫോറ (ഡബ്ല്യുഇഎഫ്) ത്തിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷം ആഗോള മാന്ദ്യം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ നല്‍കുന്ന സൂചന.

എന്നാല്‍ ഇന്ത്യയും ബംഗ്ലാദേശും അടക്കമുള്ള ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ മാന്ദ്യത്തെ അതിജീവിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കോവിഡ് വ്യാപനം അടക്കമുള്ളവയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഉല്‍പാദന കേന്ദ്രങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നതാണ് ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ക്ക് നേട്ടമാകുന്നത്.

യുദ്ധത്തിന് പുറമേ ഊര്‍ജമേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയും ആഗോള മാന്ദ്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതെന്നാണ് ഫോറം വിലയിരുത്തുന്നത്. സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരില്‍ ഒരു വിഭാഗമാണു ഫോറം നടത്തിയ സാമ്പത്തിക സര്‍വേയില്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.

18 ശതമാനം സാമ്പത്തിക വിദഗ്ധര്‍ ഈ വര്‍ഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കാണുന്നു. മൂന്നിലൊന്നു പേര്‍ ഇതിനോടു യോജിച്ചില്ല. ഉയരുന്ന നാണ്യപ്പെരുപ്പം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവക്കുന്നുണ്ട്.

റഷ്യ-  ഉക്രൈയ്ന്‍ യുദ്ധമാണ് ആഗോള സമ്പദ് ഘടനയെ തന്നെ മാറ്റിമറിച്ചത്.
ഊര്‍ജ പ്രതിസന്ധി മൂലം യൂറോപ്പിലെ വളര്‍ച്ചാ നിരക്ക് ദുര്‍ബലമായി തുടരുമെന്ന കാര്യത്തില്‍ പൊതു അഭിപ്രായമാണുള്ളത്. യുഎസിലെ വളര്‍ച്ചാ നിരക്കും ഈ വര്‍ഷം മോശമായി തുടരുമെന്ന് 91 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

നാണ്യപ്പെരുപ്പം ലോകത്തിലെ വിവിധ മേഖലകളില്‍ വ്യത്യസ്തമായിരിക്കും. ചൈനയില്‍ അഞ്ച് ശതമാനം ഉയരാം. യൂറോപ്പിലാകട്ടെ 57ശതമാനം വരെയും. ഇപ്പോഴത്തെ പ്രശ്‌നങ്ങളെ മറികടക്കാന്‍ ഭക്ഷ്യോല്‍പാദനം, നവ ഊര്‍ജം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴില്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്ന് ഡബ്ല്യുഇഎഫ് മാനേജിങ് ഡയറക്ടര്‍ സാദിയ സഹിദി പറഞ്ഞു. ഐഎംഎഫ് അടക്കം രാജ്യാന്തര ഏജന്‍സികളില്‍നിന്നുള്ള മുതിര്‍ന്ന 22 സാമ്പത്തിക വിദഗ്ധരാണ് സര്‍വേയില്‍ പങ്കെടുത്തത്.

കോവിഡിനുശേഷം ലോകത്തെ സാമ്പത്തിക, രാഷ്ട്രീയ വിദഗ്ധര്‍ ഒത്തുചേരുന്ന ഏറ്റവും വലിയ സമ്മേളനമായ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയാണ് ദാവോസില്‍ ആരംഭിച്ചത്. 20 ന് സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.