രാജ്യത്തലവനും ഇളവില്ല; ട്രാഫിക് നിയമ ലംഘനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പൊലീസ് പിഴ ചുമത്തി

രാജ്യത്തലവനും ഇളവില്ല; ട്രാഫിക് നിയമ ലംഘനത്തിന്  ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പൊലീസ് പിഴ ചുമത്തി

ലണ്ടന്‍: കാര്‍ യാത്രയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴ ചുമത്തി പൊലീസ്. യാത്രയ്ക്കിടെ വിഡിയോ ചിത്രീകരിക്കുന്നത് പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രി സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മനസിലാകുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ലന്‍കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.

'ലന്‍കാഷെയറില്‍ യാത്രക്കാരന്‍ കാറില്‍ സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് ലണ്ടനില്‍ നിന്നുള്ള 42 കാരനായ ഒരു വ്യക്തിക്ക് നിശ്ചിത പിഴ ഈടാക്കിയെന്ന്' ലന്‍കാഷെയര്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനായാണ് അദ്ദേഹം സീറ്റ് ബെല്‍റ്റ് അഴിച്ചുമാറ്റിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ പ്രധാനമന്ത്രിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തില്‍ പ്രധാനമന്ത്രി റിഷി സുനക് തന്നെ ക്ഷമാപണം നടത്തിയിരുന്നു. തന്റെ സീറ്റ് ബെല്‍റ്റ് കുറച്ച് സമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നും തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നതായും സുനക്കിന്റെ വക്താവ് ഇന്നലെ അറിയിച്ചിരുന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്നും വക്താവ് അറിയിച്ചിരുന്നു.

യുകെയില്‍ കാറിലിരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 100 പൗണ്ടാണ് പിഴ. കേസ് കോടതിയില്‍ പോയാല്‍ 500 പൗണ്ടായി വര്‍ധിക്കും. വീഡിയോ പുറത്ത് വന്നതോടെ വന്‍ വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്.

രാജ്യത്തുടനീളമുള്ള 100-ലധികം പ്രോജക്റ്റുകള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള സര്‍ക്കാറിന്റെ പുതിയ ലെവലിംഗ് അപ്പ് ഫണ്ടിനെ കുറിച്ചുള്ള വീഡിയോ ചിത്രീകരണത്തിനിടെയാണ് പ്രതിഷേധത്തിനര്‍ഹമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ കാറിനെ പൊലീസ് ഉദ്യോഗസ്ഥര്‍ മോട്ടോര്‍ ബൈക്കുകളില്‍ അകമ്പടി സേവിക്കുന്നതും വീഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ നോര്‍ത്ത് ഹോള്‍ട്ടില്‍ നിന്നും ബ്ലാക് പൂളിലേക്ക് റോയല്‍ എയര്‍ഫോഴ്‌സ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്ത സംഭവവും വിവാദമായിരുന്നു. പ്രധാനമന്ത്രിയുടെ സമയം പരമാവധി പ്രയോജനപ്പെടുത്താനാണ് വിമാനം ഉപയോഗിക്കുന്നതെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെയാണ് സീറ്റ് ബെല്‍റ്റിടാത്തതിനും വിമര്‍ശനം ഉയര്‍ന്നത്.

അതേസമയം ഇത് രണ്ടാം തവണയാണ് റിഷി സുനകിന് പിഴ ചുമത്തപ്പെടുന്നത്. 2020 ഏപ്രിലില്‍ ഡൗണിംഗ് സ്ട്രീറ്റില്‍വച്ച്, അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സുനകിന് പിഴ അടയ്ക്കേണ്ടി വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.