ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലേ? ബ്രെയിന്‍ ഫോഗിങിനെ തിരിച്ചറിയാം

ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലേ? ബ്രെയിന്‍ ഫോഗിങിനെ തിരിച്ചറിയാം

പ്രായം വര്‍ധിക്കും തോറും മിക്ക ആളുകളിലും സാധാരണയായി കാണപ്പെടുന്ന ഒരു അവസ്ഥയാണ് മറവി. എന്നാല്‍ ചെറുപ്രായത്തില്‍ ചിലരില്‍ ഇത്തരം ഓര്‍മ്മ കുറവ് വലിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ബ്രെയിന്‍ ഫോഗിങ് എന്നാണ് ഇത്തരം അവസ്ഥ അറിയപ്പെടുന്നത്. ബ്രെയിന്‍ ഫോഗിങ് എന്നത് ഒരു രോഗമല്ല. വിവിധ കാരണങ്ങളാല്‍ തലച്ചോറിന്റെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് കുറയുന്ന അവസ്ഥയാണിത്.

ബുദ്ധിമാന്ദ്യം, ഓര്‍മ്മ കുറവ്, ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകാത്ത അവസ്ഥ, ഏകാഗ്രത പ്രശ്നങ്ങള്‍, ചിന്തിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുക തുടങ്ങിയവയെല്ലാം ബ്രെയിന്‍ ഫോഗിങിന്റെ ഭാഗമായി കാണപ്പെടാറുണ്ട്.

നേരത്തെ 40 വയസിനും 50 വയസിനും ഇടയിലുള്ളവരിലാണ് കൂടുതലായി ഈ അവസ്ഥ കണ്ടിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിരവധി പേരിലാണിപ്പോള്‍ ബ്രെയിന്‍ ഫോഗിങ് കാണപ്പെടുന്നത്. കോവിഡ് ബാധിച്ച ഒരാളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയും. ഇത്തരത്തില്‍ ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം നാഡീ സംബന്ധമായ മാറ്റങ്ങള്‍ക്ക് കാരണമാകുകയും അത് ബ്രെയിന്‍ ഫോഗിങിന് കാരണമാകുകയും ചെയ്യും.

കോവിഡിന്റെ പാര്‍ശ്വഫലം:

ബ്രെയിന്‍ ഫോഗിങ് എന്ന അവസ്ഥ സാധാരണയായി കാണപ്പെടാറുണ്ടെങ്കിലും ഇതിനെ കുറിച്ച് ജനങ്ങള്‍ കൂടുതലറിയുന്നത് കോവിഡ് മഹാമാരിക്ക് ശേഷമാണ്. ചിട്ടയില്ലാത്ത ജീവിത രീതി നയിക്കുന്നവരില്‍ ബ്രെയിന്‍ ഫോഗിങ് കാണപ്പെടാറുണ്ട്. ജോലി സ്ഥലത്തെ അമിതമായ പിരിമുറുക്കം, കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദം, പഠനം, ഭാവിയെക്കുറിച്ചുള്ള ആകുലത തുടങ്ങിയ കാരണങ്ങളെല്ലാം ബ്രെയിന്‍ ഫോഗിങിന് കാരണമാകും.

ഇത്തരത്തിലുള്ള ശാരീരിക അവസ്ഥ മനുഷ്യന്റെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കും. ഇത് ഗുരുതരമായ ഒരു പ്രശ്നമല്ലെങ്കിലും ബ്രെയിന്‍ ഫോഗിങ് ബാധിച്ചയൊരാള്‍ക്ക് ദൈനംദിന ജീവിതത്തില്‍ നിരവധി പ്രശ്നങ്ങളുണ്ടായേക്കും. ഡിമെന്‍ഷ്യ അല്ലെങ്കില്‍ അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നായാണ് ബ്രെയിന്‍ ഫോഗിങ് പൊതുവെ കണക്കാക്കപ്പെടുന്നത്.

കൂടാതെ ഉത്കണ്ഠ, വിഷാദം, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയുടെ ലക്ഷണമായും ഇവ കണ്ടെന്ന് വരാം. മെനിഞ്ചൈറ്റിസ്, സ്‌ട്രോക്ക്, കുറഞ്ഞ രക്തത്തിലെ പഞ്ചസാര അല്ലെങ്കില്‍ പ്രമേഹം, മസ്തിഷ്‌ക വീക്കം, മൈഗ്രെയ്ന്‍, ശരീരത്തിലെ ഓക്സിജന്റെ അഭാവം തുടങ്ങിയ ചില ശാരീരിക രോഗങ്ങള്‍, ചില ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സക്കിടെ നല്‍കിയ തെറാപ്പികള്‍ എന്നിവയും ഈ അവസ്ഥ ഉണ്ടാകാന്‍ കാരണമാകും.

ബ്രെയിന്‍ ഫോഗിങിനുള്ള കാരണങ്ങള്‍:

*വിഷാദ രോഗം
*കടുത്ത മാനസിക സമ്മര്‍ദ്ദം
*ഗര്‍ഭാവസ്ഥയിലോ ആര്‍ത്തവ വിരാമത്തിലോ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാകുമ്പോള്‍
*രക്തം കുറവ്
*ശരീരത്തിലെ വിറ്റാമിന്‍ ബി 12ന്റെ കുറവ്
*ശരിയായ ഉറക്കമില്ലായ്മ
*മൊബൈല്‍, ടിവി എന്നിവയുടെ മുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുക തുടങ്ങിയ കാരണങ്ങളെല്ലാം ബ്രെയിന്‍ ഫോഗിങിന് കാരണമാകും.

ബ്രെയിന്‍ ഫോഗിങ് എന്ന അവസ്ഥയില്‍ മറവിയും ശ്രദ്ധക്കുറവും ഒഴികെ ആളുകളില്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുണ്ടാകുക. അത് ആളുകളിലെ ശാരീരികവും മാനസികവുമായ അവസ്ഥയുടെ അടിസ്ഥാനത്തിലാണ് പ്രകടമാകുക.

അവയില്‍ ചിലത് താഴെ പറയുന്നു:

*ഓര്‍മ്മക്കുറവ്: ആളുകളുടെയോ സ്ഥലങ്ങളുടെയോ വസ്തുക്കളുടെയോ സുപരിചിതമായ പേരുകള്‍ മറന്ന് പോകുക.
*ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക.
*അമിതമായ ഉറക്കവും ഒരു ജോലിയും ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുക.
*സ്‌കൂളിലോ ജോലിസ്ഥലത്തോ വേണ്ടത്ര കഴിവ് പ്രകടപ്പിക്കാന്‍ കഴിയാതാവുക.
*മിക്കപ്പോഴും നിരാശനായിരിക്കുക.
*നിരന്തരമായ സംശയവും ആശയക്കുഴപ്പവും ഉണ്ടാവുക.

ബ്രെയിന്‍ ഫോഗിങ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവ:

1.ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ന്യൂട്രീഷനും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക.
2.മാനസിക സമ്മര്‍ദം ഒഴിവാക്കുക (അമിതമായ ചിന്തകളും ആകുലതകളും ഒഴിവാക്കുക).
3.മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയവയുടെ അമിത ഉപയോഗം കുറക്കുക.
4.ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക.
5.വ്യായാമം പതിവാക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.