വത്തിക്കാന്‍ സിറ്റി: ഉദരത്തിലുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി എല്ലാ വര്‍ഷവും വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തവരെ ആശീര്‍വദിച്ച് ഫ്രാന്‍സിസ് പാപ്പ. മനുഷ്യജീവനെ അതിന്റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയുള്ള അവരുടെ ശ്രമങ്ങളില്‍ നാം ഉറച്ച പിന്തുണ നല്‍കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
യു.എസ്.സി.സി.ബിയുടെ (United States Conference of Catholic Bishops) പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങളുടെ സമിതി ചെയര്‍മാനായ ആര്‍ലിംഗ്ടണിലെ ബിഷപ്പ് മൈക്കേല്‍ ബുര്‍ബിഡ്ജിനെ അഭിസംബോധന ചെയ്ത സന്ദേശത്തിലാണ് മാര്‍പ്പാപ്പ അനുഗ്രഹം അറിയിച്ചത്. വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ബസിലിക്കയില്‍ നടന്ന ജീവനു വേണ്ടിയുള്ള ജാഗരണ പ്രാര്‍ത്ഥനയ്ക്കിടെ കര്‍ദിനാള്‍ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിന്‍ ഒപ്പിട്ട സന്ദേശം വായിച്ചു.
മനുഷ്യരാശിയിലെ ഏറ്റവും നിരപരാധികളും ദുര്‍ബലരുമായ കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ പരസ്യമായി തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്ന എല്ലാവരോടും മാര്‍പ്പാപ്പയ്ക്ക് ഏറെ നന്ദിയുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
മനുഷ്യജീവനെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശ്രമങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള എല്ലാവരുടെയും പ്രതിബദ്ധതയെ സര്‍വ്വശക്തനായ ദൈവം ശക്തിപ്പെടുത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.
ഈ വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ പ്രമേയം 'Next Steps: Marching into a Post-Roe America' എന്നതായിരുന്നു. അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമസാധുത റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ മാര്‍ച്ച് ഫോര്‍ ലൈഫാണ് ഇക്കുറി നടന്നത്. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ ഈ വര്‍ഷത്തെ പ്രകടനത്തില്‍ പങ്കെടുത്തത്.
ഗര്‍ഭസ്ഥ ശിശുവിന്റെ സംരക്ഷണം എന്നത് നിയമങ്ങള്‍ മാറ്റിയതു കൊണ്ടു മാത്രമായില്ല. ഹൃദയങ്ങളെയും മനസുകളെയും അതിനായി പരിവര്‍ത്തനം ചെയ്യുകയും വേണമെന്ന് ബിഷപ്പ് ബുര്‍ബിഡ്ജ് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 'അതിനാല്‍ ഞങ്ങളുടെ ദൗത്യം ആരംഭിക്കുന്നതേയുള്ളൂ' - ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
റോ വേഴ്‌സസ് വേഡ് വിധി അസാധുവായതിനു ശേഷമുള്ള ആദ്യ മാര്‍ച്ച് ഫോര്‍ ലൈഫ് കൃതജ്ഞത കൊണ്ട് അടയാളപ്പെടുത്തുന്നതാണെന്ന് ബിഷപ്പ് ബുര്‍ബിഡ്ജ് പറഞ്ഞു.
'സംസ്ഥാന തലത്തില്‍ നിയമവിധേയമാക്കിയ ഗര്‍ഭഛിദ്രത്തിന്റെ വ്യാപ്തി പ്രാദേശികമായി പരിമിതപ്പെടുത്തുക, ഗര്‍ഭച്ഛിദ്രത്തിനുള്ള ധനസഹായം അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ണായക ലക്ഷ്യങ്ങള്‍ ഇനിയും നേടിയെടുക്കാനുണ്ട്. ഇപ്രാവശ്യത്തെ പ്രകടനം പ്രോ-ലൈഫ് പ്രസ്ഥാനത്തിലെ ഒരു പുതിയ ചുവടുവയപ്പാണെന്ന് താന്‍ കരുതുന്നു. നിയമങ്ങള്‍ മാറ്റിയെഴുതുന്നതിന് മാത്രമല്ല, മനസിന്റെ പരിവര്‍ത്തനത്തിനായും നമുക്ക് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അതിനായി പുതിയ വഴികള്‍ തേടണം'.
അമേരിക്കയിലെ എല്ലാ ബിഷപ്പുമാരും പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങളില്‍ ഏകീകൃതരാണെന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍, പ്രഖ്യാപനങ്ങള്‍ എല്ലാം മനുഷ്യജീവന്റെ സംരക്ഷണത്തിനു വേണ്ടിയായിരിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
നമ്മുടെ പരിശ്രമങ്ങളും ത്യാഗങ്ങളും വ്യര്‍ഥമാകാന്‍ ദൈവം ഒരിക്കലും അനുവദിക്കില്ല. നാം പ്രതീക്ഷിക്കാത്ത വഴികളില്‍ ഉചിതമായ സമയത്ത് ദൈവത്തിന്റെ ഇടപെടലുണ്ടാകും.
അതിനാല്‍, സ്ഥിരോത്സാഹത്തിനും സാക്ഷ്യത്തിനും പ്രോ-ലൈഫര്‍മാര്‍ക്ക് നന്ദി. പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും തങ്ങളുടെ ദൗത്യം തുടരാന്‍ ലോകമെമ്പാടുമുള്ള പ്രോ-ലൈഫ് പ്രവര്‍ത്തകരെ ബിഷപ്പ് മൈക്കേല്‍ ബുര്‍ബിഡ്ജ് പ്രോത്സാഹിപ്പിച്ചു.
ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973-ലെ റോ വേഴ്‌സസ് വേഡ് വിധിയാണ് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത്. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മ്മാണത്തിന് സ്വമേധയ തീരുമാനമെടുക്കാം.
1974ലാണ് ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത കൊടുത്ത യു.എസ് സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിക്കാന്‍ 'മാര്‍ച്ച് ഫോര്‍ ലൈഫ് തുടക്കം കുറിച്ചത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് അണിചേരുന്നത്. ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ വിവിധ ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുത്ത് ആത്മീയ ഒരുക്കത്തോടെയാകും ഭൂരിപക്ഷംപേരും മാര്‍ച്ചില്‍ അണിചേരുന്നതെന്നത് ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.