മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന വിധി മരവിപ്പിച്ച് ഹൈക്കോടതി

മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന വിധി മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു.

ശിക്ഷാവിധിയും കോടതി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്നും സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടെന്നുമാണ് ഫൈസലിന്റെയും കൂട്ടുപ്രതികളുടെയും വാദം.

കേസിലെ സാക്ഷിമൊഴികളില്‍ വൈരുധ്യമില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തില്ലെങ്കിലും പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ 10 വര്‍ഷത്തെ തടവു ശിക്ഷ ലഭിച്ച മുഹമ്മദ് ഫൈസല്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2009 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു മൂന്നുപേര്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടെതായിരുന്നു ഉത്തരവ്.

ഫൈസലിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് അമീന്‍, അമ്മാവന്‍ പടിപ്പുര ഹുസൈന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവായ പി.എം. സഈദിന്റെ മകളുടെ ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഫൈസലിന്റെ എം.പി സ്ഥാനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് ഉപ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഈ മാസം 27 ന് പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.