ഗോധ്ര കലാപം: കുട്ടികളുള്‍പ്പടെ 17 പേരെ കൊലപ്പെടുത്തിയ 22 പ്രതികളെ വെറുതെ വിട്ടു

ഗോധ്ര കലാപം: കുട്ടികളുള്‍പ്പടെ 17 പേരെ കൊലപ്പെടുത്തിയ 22 പ്രതികളെ വെറുതെ വിട്ടു

ഗാന്ധിനഗര്‍: ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ച് മഹല്‍ ജില്ലയിലെ ദെലോളിലെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. അഡിഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ഷ് ത്രിവേദിയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവിറക്കിയത്.

പതിനെട്ട് വര്‍ഷം നീണ്ട വിചാരണക്കിടെ കേസിലെ എട്ട് പ്രതികള്‍ മരിച്ചിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള കോടതിയുടെ ഉത്തരവ്. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കേസിലെ സാക്ഷികള്‍ പോലും കൂറുമാറിയെന്നും പ്രതിഭാഗം അഭിഭാഷകന്‍ ഗോപാല്‍സിങ് സോളങ്കി പറഞ്ഞു.

കലാപത്തില്‍ കൊല്ലപ്പെട്ടെന്ന് പറയുന്നവരുടെ മൃതദേഹങ്ങള്‍ ഇതുവരെയും കണ്ടെത്താനായില്ലെന്നും നദീതീരത്തെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് പൊലീസ് അസ്ഥികള്‍ കണ്ടെടുത്തുവെങ്കിലും അത് കലാപത്തില്‍ മരിച്ചവരുടേതാണെന്ന് പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.

2002 ഫെബ്രുവരി 27 നാണ് ഗോധ്ര കലാപമുണ്ടായത്. കലാപത്തില്‍ 59 പേരാണ് മരിച്ചത്. മരിച്ചവരില്‍ 29 പേര്‍ പുരുഷന്മാരും 22 പേര്‍ സ്ത്രീകളും എട്ട് കുട്ടികളും ഉണ്ടായിരുന്നു. പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്ര ടൗണിന് സമീപം ഒരുക്കൂട്ടം ആളുകള്‍ സബര്‍മതി ട്രെയിനിന് കല്ലെറിയുകയും ട്രെയിനിന്റെ ബോഗികള്‍ കത്തിക്കുകയുമായിരുന്നു.

ട്രെയിനിലുണ്ടായിരുന്നവരില്‍ അധികവും അയോധ്യയില്‍ നിന്ന് മടങ്ങുന്ന കര്‍സേവകരും തീര്‍ഥാടകരുമായിരുന്നു. കലാപത്തിന് ശേഷമുള്ള തൊട്ടടുത്ത ദിവസം ഗോധ്രയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കലോല്‍ പട്ടണത്തിലെ ദെലോളിലും കലാപമുണ്ടായി. ഈ കലാപത്തിലാണ് 17 പേര്‍ വെന്തു മരിച്ചത്. സംഭവം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.