ഓസ്‌ട്രേലിയയില്‍ തിരക്കേറിയ സ്ഥലത്ത് ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട കൗമാരക്കാരന്‍ പിടിയില്‍; പ്രതിയുടെ ആസൂത്രണം ഞെട്ടിപ്പിക്കുന്നതെന്ന് കോടതി

ഓസ്‌ട്രേലിയയില്‍ തിരക്കേറിയ സ്ഥലത്ത് ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട കൗമാരക്കാരന്‍ പിടിയില്‍; പ്രതിയുടെ ആസൂത്രണം ഞെട്ടിപ്പിക്കുന്നതെന്ന് കോടതി

അഡലെയ്ഡ്: ഓസ്‌ട്രേലിയയില്‍ തിരക്കേറിയ സ്ഥലത്ത് ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട 17 വയസുകാരന്‍ പിടിയില്‍. അഡലെയ്ഡിലെ റണ്ടില്‍ മാളിന് സമീപത്തു നിന്നാണ് കൗമാരക്കാരനെ മാരകായുധങ്ങളുമായി പിടികൂടിയത്. അഡലെയ്ഡ് യൂത്ത് കോടതിയില്‍ ഹാജരാക്കിയ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം പ്രതി നടത്താനിരുന്ന ആക്രമണം സംബന്ധിച്ച ആസൂത്രണത്തിന്റെ കോടതി രേഖകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

പ്രതിയെ പിടികൂടുമ്പോള്‍ മൊളോടോവ് കോക്ടെയില്‍ (പെട്രോള്‍ ബോംബ്) ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശമുണ്ടായിരുന്നു. ഇതു നിര്‍മിക്കാനുള്ള ഇന്ധനവും മറ്റു ഘടകങ്ങളും കത്തികളും കത്രികകളും ഇയാളുടെ പക്കലുണ്ടായിരുന്നു.

കഴിയുന്നത്ര ആളുകളെ ഒറ്റയടിക്ക് കൊല്ലാനാണ് പ്രതി ആസൂത്രണം ചെയ്തിരുന്നത്. ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ കുറിച്ചിട്ടിരുന്ന നിരവധി നോട്ട്ബുക്കുകള്‍ അന്വേഷണ സംഘം കണ്ടെടുത്തു.

17 വയസ് മാത്രം പ്രായമുള്ള പ്രതി തീവ്രവാദക്കുറ്റം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണു നേരിടുന്നത്. കൗമാരക്കാരന്‍ സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് യൂത്ത് കോടതി മജിസ്ട്രേറ്റ് ടെഡ് യൂലിയാനോ പറഞ്ഞു. കൊല്ലാനും ആക്രമിക്കാനുമുള്ള ഉദ്ദേശ്യത്തോടെ മാരകായുധങ്ങള്‍ കൈവശം വെച്ചതിനും പ്രതിക്കെതിരെ കേസെടുത്തു.

ജനുവരി 20 ന് അര്‍ദ്ധരാത്രി കൗണ്ടര്‍ ടെററിസം ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

സ്വയം ജീവനൊടുക്കുന്നതിന് മുമ്പ് 25 പേരെയെങ്കിലും കൊലപ്പെടുത്തുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം. അതിനായി ഒരു വ്യാപാര സ്ഥാപനമോ നിശാ ക്ലബ്ബോ ബോംബിട്ടു തകര്‍ക്കാനും പദ്ധതിയിട്ടു. ലക്ഷ്യം നടപ്പാക്കാന്‍ പ്രതി ബസിലും ട്രാമിലുമായി അഡലെയ്ഡിലുള്ള ഗ്ലെനെല്‍ഗിലേക്ക് യാത്ര ചെയ്‌തെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല. അതിനിടെയാണ് സൗത്ത് ഓസ്‌ട്രേലിയ പോലീസിന്റെ പിടിയിലായത്.

പോലീസ് പിടികൂടിയില്ലായിരുന്നെങ്കില്‍ പ്രതി ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കുമായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു. ആക്രമണത്തിലൂടെ ലഭിക്കുന്ന കുപ്രസിദ്ധിയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് അന്വേഷണ ഇദ്യോഗസ്ഥര്‍ പറഞ്ഞു.

ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുന്നതിനു മുന്‍പ് അടിയന്തര സേവന വിഭാഗങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഒരു വേസ്റ്റ് ബിന്‍ കത്തിക്കാന്‍ പ്രതി ലക്ഷ്യമിട്ടിരുന്നു. അതിനായുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത്.

അമേരിക്കയില്‍ 1999 ല്‍ കൊളംബൈന്‍ ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പിലെ പ്രതികളായ വിദ്യാര്‍ഥികളില്‍ ഒരാള്‍ വച്ചുപുലര്‍ത്തിയിരുന്ന സമാനമായ കാഴ്ച്ചപ്പാടാണ് ഓസ്‌ട്രേലിയന്‍ കൗമാരക്കാരന്റേതെന്ന് കോടതി രേഖകള്‍ പറയുന്നു. കൊളംബൈന്‍ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ 12 വിദ്യാര്‍ഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്.

മൊളോടോവ് കോക്ടെയിലുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പ്രതി നിരന്തരം ഗവേഷണം നടത്തുകയും സ്വയം പരിശീലിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്തതിനാല്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ഇല്ലെന്നും അന്വേഷണം തുടരുകയാണെന്നും സൗത്ത് ഓസ്‌ട്രേലിയ പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.