അമേരിക്കയിൽ ആറുവയസുകാരൻ അധ്യാപികയെ വെടിവെച്ച സംഭവം: സ്കൂൾ മേധാവിയെ പുറത്താക്കി

അമേരിക്കയിൽ ആറുവയസുകാരൻ അധ്യാപികയെ വെടിവെച്ച സംഭവം: സ്കൂൾ മേധാവിയെ പുറത്താക്കി

വാഷിംഗ്ടണ്‍: ഈ മാസം ആദ്യം അമേരിക്കൻ സംസ്ഥാനമായ വെര്‍ജീനിയയില്‍ ആറുവയസ്സുകാരന്‍ അധ്യാപികയ്ക്ക് നേരെ വെടിവെച്ച് പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് സ്കൂൾ സൂപ്രണ്ടിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അധ്യാപികയുടെ അഭിഭാഷകൻ സ്കൂൾ സൂപ്രണ്ട് ജോർജ് പാർക്കർക്കെതിരെ കേസെടുക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഇയാളെ പിരിച്ചുവിടാൻ സ്കൂൾ ബോർഡ് തീരുമാനിച്ചത്.

റിച്ച്‌നെക്ക് എലിമെന്ററി സ്കൂളിലെ ക്ലാസ് മുറിയില്‍വെച്ച് നെഞ്ചിൽ വെടിയേറ്റ 25 കാരിയായ അബിഗെയ്ൽ സ്വെർനർ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ടിരുന്നു. വെടിവയ്പ്പ് പൂർണ്ണമായും തടയണമെന്ന് സ്വെർനറുടെ അഭിഭാഷകൻ പറഞ്ഞു. വിർജീനിയ നഗരമായ ന്യൂപോർട്ട് ന്യൂസിനെ പിടിച്ചുകുലുക്കി ജനുവരി 6 ന് നടന്ന വെടിവയ്പ്പ് ആകസ്മികമല്ലെന്നും "മനപ്പൂർവ്വം" ആണെന്നുമാണ് അധികാരികൾ വിശേഷിപ്പിച്ചത്. മാത്രമല്ല സംഭവത്തിൽ ആർക്കെതിരെ എന്ത് നിയമപരമായ നടപടി സ്വീകരിക്കും എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു.


സ്കൂൾ സൂപ്രണ്ട് ജോർജ് പാർക്കർ

സംഭവ ദിവസം കുറച്ച് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് തവണ കുട്ടി സ്കൂളിൽ എത്തിയത് തോക്ക് കൈവശം വെച്ചുകൊണ്ടാണെന്നും ഇതുപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധപ്പെട്ട അധ്യാപകരും ജീവനക്കാരും സ്കൂൾ അഡ്മിനിസ്ട്രേഷന് മുന്നറിയിപ്പ് നൽകി. എന്നാൽ അവർ അത് കാര്യമായി എടുത്തില്ലെന്ന് അഭിഭാഷകൻ ഡയാൻ ടോസ്കാനോ പറഞ്ഞു.

ടോസ്‌കാനോ വ്യക്തമാക്കുന്നതനുസരിച്ച്, ഇടവേളയ്ക്കായി പുറപ്പെടുന്നതിന് മുമ്പ് ആറുവയസുകാരന്റെ പോക്കറ്റിൽ തോക്ക് ഉള്ളതായി തനിക്ക് തോന്നിയിരുന്നുവെന്ന് സ്‌കൂളിലെ ഒരു അധ്യാപിക ജോർജ് പാർക്കറോട് പറഞ്ഞു. എന്നാൽ കുട്ടിയുടെ പോക്കറ്റ് വളരെ ചെറുതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുട്ടിയെയും അവന്റെ ബാക്ക്‌പാക്കും തിരയാനുള്ള അധ്യാപികയുടെ അഭ്യർത്ഥന മറ്റൊരു അഡ്മിനിസ്ട്രേറ്ററും അവഗണിച്ചു.

ഇത് സംബന്ധിച്ച് സ്‌കൂളിലെ അധ്യാപകർ തമ്മിൽ നടത്തിയ ആശയവിനിമയത്തിന്റെ ടെക്‌സ്‌റ്റ് മെസേജുകൾ വാഷിംഗ്ടൺ പോസ്റ്റിന് ലഭിച്ചിരുന്നു. ഇത് ടോസ്‌കാനോയുടെ അവകാശവാദങ്ങൾക്ക് ബലമേകുന്നു. സന്ദേശങ്ങൾ അനുസരിച്ച് സ്വെർണർ ആറുവയസുകാരനെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് ജില്ലാ സൂപ്രണ്ടായ പാർക്കറെ പിരിച്ചുവിടാൻ ബുധനാഴ്ച സ്കൂൾ ബോർഡ് യോഗം ചേർന്ന് തീരുമാനിച്ചു. കൂടാതെ റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളിലെ അസിസ്റ്റന്റ് പ്രിൻസിപ്പലും ബുധനാഴ്ച രാജിവച്ചു.


വിദ്യാർത്ഥിയിൽ നിന്നും വെടിയേറ്റ അബിഗെയ്ൽ സ്വെർനർ

ന്യൂപോർട്ട് ന്യൂസ് മേയർ ഫിലിപ്പ് ജോൺസ് പുറത്തായ സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഇതുവരെയുള്ള സേവനങ്ങൾക്ക് നന്ദി പറയുകയും സ്കൂളിന് പുതിയ നേതാവിനെ നിയമിക്കുന്നതിനുള്ള ബോർഡിന്റെ ശ്രമത്തെ പിന്തുണയ്ക്കുകയും ചെയ്തു. " നമ്മുടെ സ്കൂളുകൾ സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുന്നോട്ട് പോകാനും പുതിയ തീരുമാനം സഹായിക്കും" മേയർ വ്യക്തമാക്കി.

പ്രാദേശിക വാർത്താ ഏജൻസികളുടെ റിപ്പോർട്ട് അനുസരിച്ച് സൂപ്രണ്ടിന്റെ ശമ്പളം പ്രതിവർഷം 2,50,000 ഡോളർ ആയിരുന്നു. മാത്രമല്ല കാരണമില്ലാതെ പുറത്താക്കിയതിനാൽ 2024 ജൂൺ വരെ മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും അദ്ദേഹത്തിന് തുടർന്നും ലഭിക്കും.

അധ്യാപികയെ വെടിവെച്ച കുട്ടിക്ക് "കഠിനമായ ഒരു വൈകല്യം" ഉള്ളതായി കഴിഞ്ഞ ആഴ്‌ച കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. അതിനാൽ തന്നെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇല്ലാതെ കുട്ടി സ്കൂളിൽ പോകുന്നത് വളരെ അപൂർവമാണ്. വെടിവെയ്പ്പ് നടന്ന ദിവസം കുട്ടി ഒറ്റയ്ക്കാണ് സ്കൂളിൽ പോയിരുന്നത്.

മകന് മികച്ച വിദ്യാഭ്യാസവും പഠന അന്തരീക്ഷവും തേടുമ്പോൾ തങ്ങളുടെ കുടുംബത്തെ പിന്തുണയ്ക്കാൻ അവർ ഉത്സാഹത്തോടെയും അനുകമ്പയോടെയും പ്രവർത്തിച്ചുരുന്നുവെന്ന് പറഞ്ഞുകൊണ്ട് കുട്ടിയുടെ കുടുംബം സ്വെർണറെ പ്രശംസിച്ചു.

അധ്യാപികയുടെ കൈയിലും നെഞ്ചിലും വെടിയേറ്റ ദിവസം അവർ വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കുകയും അവർക്ക് പരിക്കേൽക്കാതെ നോക്കുകയും ചെയ്ത ശേഷമാണ് സ്വെർണർ സ്വജീവൻ രക്ഷിക്കാൻ ശ്രമിച്ചതെന്ന് ന്യൂപോർട്ട് ന്യൂസ് പോലീസ് മേധാവി സ്റ്റീവ് ഡ്രൂ പറഞ്ഞു.

കുട്ടി ഉപയോഗിച്ച തോക്ക് അമ്മ നിയമപരമായി വാങ്ങിയതാണെന്നും പോലീസ് പറഞ്ഞു. ആയുധം സുരക്ഷിതമായി മാറ്റിവെച്ചിരുന്നതായി കുട്ടിയുടെ കുടുംബം പറഞ്ഞു. എന്നാൽ ഈ വാദത്തോട് പോലീസ് പ്രതികരിച്ചിട്ടില്ല. 14 വയസ്സിന് താഴെയുള്ള കുട്ടിയെ അപകടപ്പെടുത്തുന്ന തരത്തിൽ ലോഡുചെയ്‌തതും സുരക്ഷിതമല്ലാത്തതുമായ രീതിയിൽ തോക്ക് അശ്രദ്ധമായി വെക്കുന്നത് വിർജീനിയ നിയമപ്രകാരം ശിക്ഷാർഹമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.