ഹൈദരാബാദ്: പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ പോളം റെഡ്ഢി മണികണ്ഠ റെഡ്ഢിയാണ് പാമ്പുകടിയേറ്റ് മരിച്ചത്.
നെല്ലൂരിലെ കോവൂര്‍ ജംഗ്ഷനു സമീപം ജ്യൂസ് കട നടത്തിവരികയായിരുന്നു മണികണ്ഠ റെഡ്ഢി. കഴിഞ്ഞ ദിവസം വൈകുന്നേരം പാമ്പുകളുമായി ഒരു പാമ്പാട്ടി മണികണ്ഠയുടെ കടയിലെത്തി. തന്റെ പക്കല്‍ നിരവധി പാമ്പുകള്‍ ഉണ്ടെന്നും അവ ആരെയും ഉപദ്രവിക്കില്ലെന്നും പാമ്പാട്ടി മണികണ്ഠയോട് പറഞ്ഞു. ഇതോടെ അതിലൊന്നിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആഗ്രഹം മണികണ്ഠ പാമ്പാട്ടിയെ അറിയിച്ചു.
ഉടന്‍ പാമ്പാട്ടി ഒരെണ്ണത്തിനെ എടുത്ത് മണികണ്ഠയുടെ കഴുത്തില്‍ ചുറ്റിക്കൊടുത്തു. സെല്‍ഫി എടുത്തശേഷം പാമ്പിനെ കഴുത്തില്‍ നിന്ന് എടുക്കവെ അത് മണികണ്ഠയെ കൊത്തുകയായിരുന്നു. കൈയിലാണ് കടിച്ചത്. കടിയേറ്റകാര്യം പാമ്പാട്ടിയോട് പറഞ്ഞെങ്കിലും അതിന് വിഷമില്ലെന്നും
പേടിക്കേണ്ടെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. അല്പം കഴിഞ്ഞതോടെ അവശത തോന്നിയ മണികണ്ഠയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.
പാമ്പാട്ടിയെ പിടികൂടിയോ എന്ന് വ്യക്തമല്ല. നിയമപ്രകാരമല്ലാതെ പാമ്പിനെ പിടികൂടുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ആളാണ് പാമ്പാട്ടി എന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.