പാരീസ്: സ്‌പെയിനിലും ജര്‍മനിയിലുമുണ്ടായ കത്തിയാക്രമണങ്ങളില്‍ മൂന്നു മരണം. നിരവധി പേര്‍ക്കു പരിക്ക്. ഭീകരാക്രമണമെന്ന നിഗമനത്തിലാണ് പോലീസ്.
ജര്‍മനിയിലെ കീല്‍-ഹാംബര്‍ഗ് പാതയിലെ തീവണ്ടിയില്‍ നടന്ന കത്തിയാക്രമണത്തില്‍ 17 വയസുകാരിയും 19 വയസുകാരനുമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു സംഭവം. രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഏഴു പേരെ മുറിവേല്‍പിച്ചു. അവരില്‍ രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. മറ്റു യാത്രികര്‍ അക്രമിയെ പിടികൂടി അടുത്ത സ്റ്റേഷനായ ബ്രോക്ക്‌സ്റ്റെറ്റില്‍വച്ച് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
ഇതിനിടെ സ്വയം കുത്തിപ്പരിക്കേല്‍പിച്ച പ്രതി ഇപ്പോള്‍ ചികിത്സയിലാണ്. 2014 മുതല്‍ ജര്‍മനിയില്‍ അഭയാര്‍ഥിയായി താമസിക്കുന്ന 33 കാരനായ പലസ്തീന്‍ സ്വദേശിയാണ് പ്രതി. നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ഇയാള്‍ 19നാണ് ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയത്.
അന്നുതന്നെ തെക്കന്‍ സ്‌പെയിനിലെ അള്‍ജെസിറാസ് പട്ടണത്തിലുണ്ടായ മറ്റൊരു സംഭവത്തില്‍ മൊറോക്കോ സ്വദേശി ഇരുപത്തഞ്ചുകാരനായ ഒരഭയാര്‍ഥി ദേവാലയ ശുശ്രൂഷിയെ കുത്തിക്കൊല്ലുകയും വൈദികനെ മാരകമായി പരിക്കേല്‍പിക്കുകയും ചെയ്തു.
മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി സെന്റ് ഇസിദോര്‍ പള്ളിയില്‍ കയറിയ അക്രമി കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളോട് അയാളുടെ മതത്തില്‍ ചേരാന്‍ വിളിച്ചുപറയുകയായിരുന്നു. അയാളെ തടയാന്‍ ചെന്ന ശുശ്രൂഷിയെയും വൈദികനെയും ആക്രമിച്ച അയാള്‍ പുറത്തിറങ്ങി മറ്റൊരു പള്ളിയിലെത്തിയാണ് അവിടത്തെ ശുശ്രൂഷിയെ കുത്തിക്കൊന്നത്. ആളുകള്‍ അക്രമിയെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അള്‍ജെസിറാസിലെ ആക്രമണങ്ങളെ ഭയാനകം എന്നാണു വിശേഷിപ്പിച്ചത്. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുകയും ചെയ്തു. ആക്രമണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സാഞ്ചസ് ഉറപ്പു നല്‍കി.
ഫ്രാന്‍സിലെ മൂന്നു പള്ളികള്‍ കത്തിക്കാന്‍ നാലു പ്രാവശ്യം നിഗൂഢശ്രമങ്ങളുണ്ടായി. 25നു പാരീസിലെ സെന്റ് ലോറന്‍സ് പള്ളി വാതില്‍ക്കല്‍ ആളിപ്പടര്‍ന്ന തീ കുര്‍ബാനയ്ക്കു വന്ന വിശ്വാസികളാണു കെടുത്തിയത്.
17നും 22നും പാരീസിലെ ഫാത്തിമ മാതാ പള്ളിയില്‍ തീവയ്പുണ്ടായി. 18ന് പാരീസിലെതന്നെ സെന്റ് മാര്‍ട്ടിന്‍ പള്ളിയിലും തീപിടിത്തമുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.