ദൈവ സമ്മാനവും നന്മയുമാണ് വിവാഹം: വിശുദ്ധമായ കൂദാശ കേവലം ഒരു ആചാരമല്ല മറിച്ച് വിശ്വസ്തതയിലൂന്നിയ ഒരു സുദൃഢ ബന്ധമാണ്: ഫ്രാൻസിസ് മാർപ്പാപ്പ

ദൈവ സമ്മാനവും നന്മയുമാണ് വിവാഹം: വിശുദ്ധമായ കൂദാശ കേവലം ഒരു ആചാരമല്ല മറിച്ച് വിശ്വസ്തതയിലൂന്നിയ ഒരു സുദൃഢ ബന്ധമാണ്: ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: "കുടുംബത്തിന്റെ സുവിശേഷം" പ്രഘോഷിക്കുക എന്നത് സഭയുടെ അനിവാര്യമായ കടമകളിലൊന്നാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. റോമൻ കത്തോലിക്കാ സഭയുടെ അപ്പോസ്തലിക കോടതിയായ റോത്ത റോമാനയുടെ നീതിന്യായ വർഷത്തിന്റെ ഉദ്ഘാടന വേളയിൽ സന്ദേശം നൽകവെയാണ് പാപ്പ കുടുംബത്തെക്കുറിച്ചും വിവാഹമെന്ന കൂദാശയെക്കുറിച്ചും സംസാരിച്ചത്.

സഭയിലും ലോകത്തിലും സ്ത്രീയും പുരുഷനും തമ്മിലുള്ള ദാമ്പത്യബന്ധത്തെ അടിസ്ഥാനമാക്കിയുള്ള കുടുംബത്തിന്റെ അർത്ഥം വീണ്ടെടുക്കേണ്ടതിന്റെ ശക്തമായ ആവശ്യമുണ്ടെന്ന് പാപ്പ ഊന്നിപ്പറഞ്ഞു. "ദാമ്പത്യത്തിന്റെയും കുടുംബസ്നേഹത്തിന്റെയും മഹത്തായ രഹസ്യം" കൂടുതൽ പ്രകാശിപ്പിക്കുകയും ശക്തമായി നിലനിർത്തുകയും ചെയ്യുന്ന സുവാർത്ത പ്രഘോഷിക്കാനുള്ള ദൗത്യം സഭയ്ക്കുണ്ട്.

വിവാഹം ഒരു സമ്മാനം

ക്രൈസ്തവ വെളിപാടനുസരിച്ച് വിവാഹം ഒരു ആചാരമോ സാമൂഹിക സംഭവമോ ഒരു മുറയോ അല്ല മറിച്ച് കൃത്യമായ ഒരു സുദൃഢ ബന്ധമാണ്. അത് വെറും സ്നേഹ സംതൃപ്തിക്കായി ഓരോരുത്തരുടേയും ബോധ്യമനുസരിച്ച് വ്യത്യാസപ്പെടുത്താവുന്നതുമല്ലെന്ന് പാപ്പ പറഞ്ഞു.

യഥാർത്ഥ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വിവാഹം അവരുടെ എല്ലാ പരിമിതികളെയും പരാജയങ്ങളെയും ഉൾക്കൊണ്ട് ജീവിക്കാൻ വേണ്ടിയാണ് നടത്തപ്പെടുന്നത്. ഈ വസ്തുത കണക്കിലെടുക്കുമ്പോൾ എങ്ങനെയാണ് വിവാഹങ്ങൾ ആകർഷകവും വിശ്വസ്തവും ശാശ്വതവുമാകുമെന്ന് മാർപ്പാപ്പ ചോദിച്ചു.

വൈവാഹിക ബന്ധത്തിന്റെ അഖണ്ഡതയെക്കുറിച്ച് സംസാരിച്ച പാപ്പ സ്ത്രീയും പുരുഷനും തമ്മിൽ ഇത്ര ബാധ്യതയുള്ള ഒരു ബന്ധം സാധ്യമാകുന്നത് എന്നതിന് യേശുവാണ് ഉത്തരം തരുന്നതെന്നും പറഞ്ഞു. കൂദാശകളോട് കൂടിയ ക്രൈസ്തവ വിവാഹങ്ങളും ഒപ്പം കൂദാശകൾ ഇല്ലാത്ത എല്ലാ യഥാർത്ഥ വിവാഹങ്ങളും ആ ഇണകൾക്ക് ദൈവം നൽകുന്ന സമ്മാനമാണ് എന്ന വസ്തുതയിലാണ് ഈ ചോദ്യത്തിനുള്ള ഉത്തരം സ്ഥിതിചെയ്യുന്നത്.

ഓരോ യഥാർത്ഥ വിവാഹവും ദൈവത്തിന്റെ ദാനമാണ്. വിവാഹ ജീവിതത്തിന്റെ വിശ്വസ്ഥതയുടെ അടിസ്ഥാനം ദൈവത്തിന്റെ വിശ്വസ്തതയിലാണ്. കുടുംബബന്ധത്തിന്റെ സാഫല്യം ദൈവത്തിന്റെ സാഫല്യത്തിലുമാണെന്നും എന്ന് പാപ്പ ചൂണ്ടിക്കാണിച്ചു.

ഇക്കാരണത്താൽ വിവാഹത്തെ "ഒരു വികാരാധീനമായ തലത്തിലേക്കോ കേവലം സ്വാർത്ഥ സംതൃപ്തിയിലേക്കോ ചുരുക്കാൻ" കഴിയില്ല. അതായത്, സ്നേഹമുള്ളിടത്തോളം വരെയെ വിവാഹം നീണ്ടു നിൽകൂ എന്ന ആശയം നിരസിക്കണമെന്ന് മാർപ്പാപ്പ വ്യക്തമാക്കി.

പകരം വൈവാഹിക സ്നേഹം വിവാഹത്തിൽ നിന്ന് വേർതിരിക്കാൻ കഴിയാത്തതാണെന്ന് ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു. മനുഷ്യസ്നേഹം ബലഹീനവും കുറവുകളുള്ളതുമാണെങ്കിലും എപ്പോഴും വിശ്വസ്തവും കരുത്താർദ്രവുമായ ദൈവത്തിന്റെ സ്നേഹവുമായി അതിനെ ചേർത്ത് കാണണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.

“പരസ്‌പരം സ്‌നേഹിക്കണം” എന്ന യേശുവിന്റെ കൽപ്പന നമുക്ക് നിറവേറ്റാൻ കഴിയണം. അതും വിവാഹവുമായി ബന്ധപ്പെട്ടതാണ്. കാരണം "ക്രിസ്തു തന്നെയാണ് തന്റെ കൃപയാൽ ഇണകളെ ഒന്നുചേർക്കുന്നത്" മാർപ്പാപ്പ കൂട്ടിച്ചേർത്തു.

വിവാഹം ഒരു നന്മ

ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമെന്ന നിലയിൽ വിവാഹത്തെക്കുറിച്ച് വിശദീകരിച്ച ഫ്രാൻസിസ് മാർപ്പാപ്പ ശേഷം വിവാഹം ഒരു നന്മയാണെന്ന് കൂടി ഊന്നിപ്പറഞ്ഞു. എല്ലാവർക്കും അസാധാരണമായ മൂല്യമുള്ള ഒരു നന്മയാണ് വിവാഹം. വധൂവരന്മാർക്ക് മാത്രമല്ല, അവരുടെ കുട്ടികൾക്കും, കുടുംബങ്ങൾക്കും സഭയ്ക്കും സമൂഹത്തിനും നന്മയാണ് കുടുംബം. ക്രൈസ്തവ രക്ഷയുടെ സംവിധാനത്തിൽ കുടുംബം പുണ്യത്തിന്റെ രാജപാതയാണ് എന്ന് പാപ്പ ചൂണ്ടിക്കാണിച്ചു.

"രക്ഷയുടെ ക്രിസ്തീയ സമ്പദ്‌വ്യവസ്ഥയിൽ, വിവാഹം ഒന്നാമതായി വിശുദ്ധിയിലേക്കുള്ള ഉയർന്ന പാതയാണ്. ഒരു സാധാരണ ജീവിതത്തിൽ ജീവിക്കുന്ന വിശുദ്ധിയാണിതെന്നും ഫ്രാൻസിസ് പാപ്പ ഓർമിപ്പിച്ചു. ഇത് "കുടുംബത്തെക്കുറിച്ചുള്ള സുവിശേഷത്തിന്റെ ഒരു പ്രധാന ഭാഗമാണ്."

അതിനാൽ കുടുംബങ്ങളുടെ അജപാലന ദൗത്യത്തിൽ പ്രതിസന്ധിയിൽ ജീവിക്കുന്ന ദമ്പതിളെയും ഉൾപ്പെടുത്തണമെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. സഭയുടെ അജപാലന പ്രതികരണത്തിൽ വിവാഹത്തെക്കുറിച്ചുള്ള അവബോധം പുതുക്കുന്നത് "പിൻവലിക്കാൻ കഴിയാത്ത സമ്മാനം" എന്ന നിലയിൽ ആയിരിക്കണം.

സഭയുടെ അജപാലന ദൗത്യം കുടുംബത്തിന്റെ സുവിശേഷം സജീവമായി പകർന്നു നൽകണം. അതിൽ മാനുഷിക ശാസ്ത്രങ്ങളുടെ സഹകരണവും ആവശ്യമാണ് കാരണം വൈവാഹിക ജീവിതത്തിന്റെ യഥാർത്ഥ അവസ്ഥയിൽ അനുരഞ്ജനം ഒരു പ്രധാന പങ്കുവഹിക്കുന്നു. അങ്ങനെ ദമ്പതികളുടെ ജീവിതത്തെ പിൻതുടരുന്ന മാനുഷിക ബലഹീനതകൾ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ തകർച്ചയിലേക്ക് നയിക്കാതെ രക്ഷയിലേക്ക് നയിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.