അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ ആദ്യത്തെ എഐ കരാർ; വരും മാസങ്ങളിൽ കരാറിൽ പങ്കാളികളാകാൻ മറ്റ് രാജ്യങ്ങളെയും ക്ഷണിക്കുമെന്നും റിപ്പോർട്ട്

അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ ആദ്യത്തെ എഐ കരാർ; വരും മാസങ്ങളിൽ കരാറിൽ പങ്കാളികളാകാൻ മറ്റ് രാജ്യങ്ങളെയും ക്ഷണിക്കുമെന്നും റിപ്പോർട്ട്

വാഷിംഗ്ടൺ: കൃഷി, ആരോഗ്യ സംരക്ഷണം, അടിയന്തര സേവനം, കാലാവസ്ഥാ പ്രവചനം, ഇലക്ട്രിക് ഗ്രിഡ് എന്നിവ മെച്ചപ്പെടുത്തുന്നതിന് മനുഷ്യ നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗം വേഗത്തിലാക്കാനും മെച്ചപ്പെടുത്താനുമുള്ള കരാർ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ചു.

ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മുതിർന്ന അമേരിക്കൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ഈ സംരംഭത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു. അമേരിക്കയും യൂറോപ്പും തമ്മിലുള്ള ആദ്യത്തെ സമ്പൂർണ എഐ ഉടമ്പടി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. മുമ്പ്, ഈ വിഷയത്തിൽ പരസ്പരം സഹകരിച്ച് ഒപ്പുവെച്ചിട്ടുള്ള കരാറുകൾ സ്വകാര്യത വർദ്ധിപ്പിക്കുന്നത് പോലുള്ള പ്രത്യേക മേഖലകളിൽ പരിമിതപ്പെടുത്തിയിരുന്നു.

യുക്തിപരമായ തീരുമാനങ്ങൾ എടുക്കാൻ അടിസ്ഥാന വിവരങ്ങള്‍ ഉപയോഗിക്കുന്ന മെഷീൻ ലേണിംഗ് അൽഗോരിതങ്ങളെ സഹായിക്കുന്ന എഐ മാതൃക, ഗവൺമെന്റ് പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും വേഗതയും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ ഉപയോഗിക്കാം. അടിസ്ഥാന വിവരങ്ങൾ ഉള്ളിടത്ത് തന്നെ അവശേഷിക്കുമ്പോഴും സംയുക്ത മാതൃകകൾ നിർമ്മിക്കുന്നതിലാണ് പുതിയ കരാറിന്റെ മാന്ത്രികതയെന്നും മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

"അമേരിക്കൻ രേഖകൾ അമേരിക്കയിലും യൂറോപ്യൻ രേഖകൾ അവിടെയും നിലനിൽക്കും. ആ രേഖകൾ കൈമാറേണ്ട ആവശ്യമില്ല. പക്ഷേ യൂറോപ്യൻ, അമേരിക്കൻ മാതൃകകളുമായി ബന്ധപ്പെട്ട മറ്റൊരു സംയുക്ത മാതൃക നിർമ്മിക്കാൻ നമുക്ക് കഴിയും. അങ്ങനെ കൂടുതൽ വൈവിധ്യമാർന്ന വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മികച്ച ഒരു മാതൃക രൂപപ്പെടുത്താൻ സാധിക്കും" ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഈ സംരംഭം ഭരണകൂടങ്ങൾക്ക് കൂടുതൽ വിശദവും സമ്പന്നവുമായ വിവരങ്ങൾ അടങ്ങിയ എഐ മാതൃകകൾ രൂപീകരിക്കാൻ സഹായിക്കും. കൂടാതെ കൂടുതൽ കാര്യക്ഷമമായി അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഇലക്ട്രിക് ഗ്രിഡ് നടത്തിപ്പിനും മറ്റ് ആനുകൂല്യങ്ങൾ വേഗത്തിൽ നടപ്പാക്കാനും കരാറിലൂടെ സാധിക്കുമെന്നും അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇലക്‌ട്രിക് ഗ്രിഡിന്റെ കാര്യത്തിൽ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ അവ വൈദ്യുതിവിതരണത്തെ ബാധിക്കാതെ എങ്ങനെ ഉപയോഗിക്കുന്നു, എവിടെ ഉത്പാദിപ്പിക്കപ്പെടുന്നു, ഗ്രിഡിന്റെ ലോഡ് എങ്ങനെ സമതുലിതാവസ്ഥയിൽ നിലനിർത്താം എന്നവയെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്ക ശേഖരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പല യൂറോപ്യൻ രാജ്യങ്ങൾക്കും അവരുടെ സ്വന്തം ഗ്രിഡുകളുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന സമാനമായ അടിസ്ഥാന വിവരങ്ങൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ പങ്കാളിത്തത്തോടെ എല്ലാ വിവരങ്ങളും ഒരു പൊതു എഐ മാതൃകയായി ഉപയോഗിക്കും. അത് അടിയന്തര സേവന ദാതാക്കൾക്കും ഗ്രിഡ് പ്രവർത്തിപ്പിക്കുന്നവർക്കും സിസ്റ്റങ്ങൾ മെച്ചപ്പെടുത്തുന്നതിന് എഐയെ ആശ്രയിക്കുന്ന മറ്റുള്ളവർക്കും മികച്ച ഫലങ്ങൾ നൽകും.

നിലവിൽ വൈറ്റ് ഹൗസും 27 അംഗ യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യൻ കമ്മീഷനും തമ്മിലാണ് ഈ പങ്കാളിത്തം. വരും മാസങ്ങളിൽ കരാറിൽ പങ്കാളികളാകാൻ മറ്റ് രാജ്യങ്ങളെ ക്ഷണിക്കുമെന്നും മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.