ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കാന്‍ ഇടയാക്കിയത് ജനങ്ങളുടെ പിന്തുണ; രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കാന്‍ ഇടയാക്കിയത് ജനങ്ങളുടെ പിന്തുണ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പല പ്രതിസന്ധികള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സ്‌നേഹവും പിന്തുണയുമാണ് ഭാരത് ജോഡോ യാത്ര പൂര്‍ത്തീകരിക്കാന്‍ ഇടയാക്കിയതെന്ന് രാഹുല്‍ ഗാന്ധി. ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാത്രയുടെ ആരംഭത്തില്‍ കോളജ് കാലത്ത് കാലിന് പറ്റിയ പരിക്ക് പ്രശ്‌നമായി. യാത്രയില്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരില്‍ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ചു. ജനങ്ങളുടെ ഊഷ്മളമായ പിന്തുണയാണ് ലഭിച്ചത്. മഞ്ഞില്‍ നില്‍ക്കുമ്പോഴും തണുപ്പില്ല. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് കരുത്ത് നല്‍കിയത്.

ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് പദയാത്ര നടത്തുക എന്നത് ഒരു പ്രശ്‌നമായി ഒരിക്കലും തോന്നിയിരുന്നില്ല. ഈ യാത്ര പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നാണ് കരുതിയത്. എന്നാല്‍ അനേകായിരം പേര്‍ ഒപ്പം ചേര്‍ന്നത് വലിയ ഉത്തേജനമായി മാറി.

യാത്രക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. എത്രയോ സ്ത്രീകള്‍ കരഞ്ഞു കൊണ്ട് തങ്ങള്‍ നേരിട്ട പീഡനാനുഭവങ്ങള്‍ പങ്കുവച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്.

യാത്രയില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാകുമെന്ന് പല സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. എന്നാല്‍ മഹാത്മാഗാന്ധിയും തന്റെ കുടുംബവുമെല്ലാം പഠിപ്പിച്ചു തന്നത് എന്നും പോരാടാനാണ്. രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്. ഒരാള്‍ക്കും തണുക്കുകയോ വിയര്‍ക്കുകയോ നനയുകയോ ഇല്ല.

ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താന്‍ ആകില്ല. കാരണം അവര്‍ക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോഡിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസിലാകില്ല.

എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും അത് മനസിലാകും. പുല്‍വാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസിലാകും. എന്റെ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു? ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കുക.....

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങള്‍ രക്ഷിക്കാനാണ് പോരാടുന്നത്. താന്‍ പോരാടുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല രാജ്യത്തിനായാണ്. ഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.