പെര്‍ത്ത്: വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കാണാതായ റേഡിയോ ആക്ടീവ് ക്യാപ്സ്യൂളിനായുള്ള തെരച്ചിലില്‍ പങ്കുചേര്‍ന്ന് രാജ്യത്തെ ആണവ സുരക്ഷാ ഏജന്‍സിയും. ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയാണ് (അര്‍പാന്‍സ) വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി സഹകരിച്ച് മാരക വികിരണ ശേഷിയുള്ള ക്യാപ്സ്യൂളിനായി തെരച്ചില്‍ നടത്തുന്നത്.
മനുഷ്യ ശരീരത്തിന് അപകടകരമായ അളവില്‍ അണുവികിരണമുണ്ടാക്കുന്ന ക്യാപ്സ്യൂളാണ് കാണാതായത്. പില്‍ബാര മേഖലയിലെ ന്യൂമാന്‍ നഗരത്തില്‍നിന്ന് പെര്‍ത്ത് നഗരത്തിന് വടക്കു കിഴക്കായുള്ള സംഭരണ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്ന വഴിയായിരിക്കണം നഷ്ടപ്പെട്ടതെന്നാണ് അധികൃതര്‍ കരുതുന്നത്. 1400 കിലോമീറ്ററാണ് ന്യൂമാനില്‍നിന്ന് സംഭരണ കേന്ദ്രത്തിലേക്കുള്ളത്. വികിരണ സാധ്യത മുന്‍നിര്‍ത്തി ഹൈവേയുടെ പരിസര പ്രദേശങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഇരുമ്പയിരിന്റെ സാന്ദ്രത കണക്കാക്കാനുപയോഗിക്കുന്ന ഉപകരണത്തിന്റെ ഭാഗമാണ് നഷ്ടപ്പെട്ട കാപ്‌സ്യൂള്‍. ഇതിനായി ഒരാഴ്ച്ചയിലേറെയായി വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്.
കാപ്‌സ്യൂള്‍ കടത്തിയ വന്‍കിട ഖനി വ്യവസായ കമ്പനി റിയോ ടിന്റോ ലിമിറ്റഡ് സംഭവത്തില്‍ മാപ്പു ചോദിച്ച് രംഗത്തെത്തി. കൃത്യമായി എന്നാണ് നഷ്ടപ്പെട്ടതെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ജനുവരി 12-നാണ് കമ്പനിയുടെ ഖനിയില്‍നിന്ന് കാപ്‌സ്യൂളുമായി ട്രക്ക് പുറപ്പെട്ടത്. എന്നാല്‍, നഷ്ടപ്പെട്ട വിവരം കരാറുകാരന്‍ അറിയിക്കുന്നത് 25-നാണ്.
മണിക്കൂറില്‍ 17 എക്‌സ്-റേകള്‍ക്ക് തുല്യമായ വികിരണം പുറപ്പെടുവിക്കുന്ന സീസിയം-137 അടങ്ങിയ ചെറിയ ക്യാപ്സ്യൂളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
പെര്‍ത്തിനെയും പില്‍ബാര മേഖലയെയും ബന്ധിപ്പിക്കുന്ന ഹൈവേയില്‍ പോര്‍ട്ടബിള്‍ ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച പ്രത്യേക വാഹനവുമായി ആണവ സുരക്ഷാ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയതായി അര്‍പാന്‍സ പ്രസ്താവനയില്‍ പറഞ്ഞു.
ഓസ്ട്രേലിയന്‍ ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഓര്‍ഗനൈസേഷനില്‍നിന്നുള്ള റേഡിയേഷന്‍ വിദഗ്ധര്‍ക്കൊപ്പം സംസ്ഥാനത്തെ അഗ്‌നിശമന സേനാ വിഭാഗത്തിനാണ് തെരച്ചിലിന്റെ ചുമതല.
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ സ്റ്റേറ്റ് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ ഓസ്ട്രേലിയയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേയിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും പരിസരവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നിര്‍ദേശം നല്‍കി.
നഷ്ടമായ വസ്തു എത്രയും വേഗം കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് അധികൃതര്‍. ഇവ വലിയ തോതിലുള്ള അപകടങ്ങള്‍ സൃഷ്ടിക്കുകയോ സാധാരണ ജനങ്ങള്‍ക്ക് ഭീഷണിയാകുകയോ ചെയ്യുന്നില്ല. എന്നാല്‍ ഈ വസ്തുവുമായുള്ള സമ്പര്‍ക്കം റേഡിയേഷന്‍ മൂലമുള്ള പൊള്ളലിനും അതു മൂലമുള്ള അസുഖങ്ങള്‍ക്കും കാരണമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. സംഭവം ഗൗരവമുള്ളതാണെന്നും എത്രയും വേഗം കണ്ടെത്തുമെന്നും റിയോ ടിന്റോ അയണ്‍ മേധാവി സൈമണ്‍ ട്രോട്ട് പറഞ്ഞു.
യാത്രയുടെ ഭാഗമായുണ്ടായ ചലനങ്ങളെത്തുടര്‍ന്ന് ട്രക്കില്‍നിന്ന് താഴെപ്പോയിരിക്കാമെന്നാണ് വിലയിരുത്തല്‍. തിരച്ചിലിന്റെ ഭാഗമായി പ്രദേശങ്ങളില്‍ റേഡിയോളജിക്കല്‍ സര്‍വേ പൂര്‍ത്തിയാക്കിയതായും അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26