പാകിസ്ഥാനിലെ മോസ്‌കില്‍ സ്ഫോടനം നടത്തിയ ചാവേറിന്റെ തല കണ്ടെത്തി; മരണ സംഖ്യ 93

പാകിസ്ഥാനിലെ മോസ്‌കില്‍ സ്ഫോടനം നടത്തിയ ചാവേറിന്റെ തല കണ്ടെത്തി; മരണ സംഖ്യ 93

പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ പൊലീസ് ആസ്ഥാനത്തുള്ള മോസ്‌കിനുള്ളില്‍ നടന്ന സ്ഫോടനത്തില്‍ നിര്‍ണായകമായ കണ്ടെത്തല്‍. സ്ഫോടനം നടത്തിയയാളെന്ന് കരുതുന്ന താലിബാന്‍ ഭീകരന്റെ തെറിച്ചുപോയ തല അന്വേഷണ സംഘം കണ്ടെത്തി.

93 പേര്‍ മരിക്കുകയും 221 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥലത്തെ കനത്ത സുരക്ഷാ സംവിധാനം മറികടന്ന് ഭീകരന്‍ പ്രാര്‍ത്ഥനയ്ക്കായി കൂടി നിന്ന ആളുകള്‍ക്കിടയിലേക്ക് എത്തിയതെങ്ങനെ എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് പെഷവാര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ മുഹമ്മദ് ഐജാസ് ഖാന്‍ അറിയിച്ചു.

പാകിസ്ഥാനില്‍ നിരോധിച്ച സംഘടനയായ തെഹ്രിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍(ടിടിപി) സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കഴിഞ്ഞ ഓഗസ്റ്റില്‍ തന്റെ സഹോദരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് തിങ്കളാഴ്ച സ്ഫോടനം നടത്തിയതെന്ന് ടി.ടി.പി നേതാവായ ഉമര്‍ ഖാലിദ് ഖുറസാനി പ്രതികരിച്ചിരുന്നു.

ഏതെങ്കിലും ഔദ്യോഗിക വാഹനത്തിലായിരിക്കാം താലിബാന്‍ ഭീകരന്‍ അകത്തെത്തിയതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 1.40 ന് മോസ്‌കില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ബോംബ് സ്‌ക്വാഡ്, പൊലീസ് സംഘം എന്നിങ്ങനെ കനത്ത സുരക്ഷാസംഘം സ്ഥലത്തുണ്ടായിരുന്നു.

നിസ്‌കരിക്കുന്നവരില്‍  മുന്‍നിരയില്‍ നിന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മോസ്‌കിന്റെ ഒരുഭാഗം തകര്‍ന്നു. മരണമടഞ്ഞവരും പരിക്കേറ്റവരും പൊലീസ് സേനയിലെ അംഗങ്ങളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷവും സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ടിടിപി സ്ഫോടനം നടത്തിയിരുന്നു. അന്ന് 63 പേരാണ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.