സിഡ്നി: ഓസ്‌ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ പുരോഹിതന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് സിഡ്നി സെന്റ് മേരീസ് കത്തീഡ്രലില്‍ അന്ത്യവിശ്രമം. വേനല്‍ച്ചൂടിനെ അവഗണിച്ച് നൂറുകണക്കിന് വിശ്വാസികളാണ് ഇന്നു രാവിലെ നടന്ന മൃതസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ദേവാലയത്തിന് പുറത്തുള്ളവര്‍ക്കും കാണാനായി ചടങ്ങുകള്‍ വലിയ സ്‌ക്രീനുകളില്‍ തത്സമയം സംക്ഷ്രേണം ചെയ്തു.
നിത്യതയിലേക്കു യാത്രയായ കര്‍ദിനാളിന് സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരും കര്‍ദിനാളിന്റെ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിമാരായ ടോണി അബോട്ട്, ജോണ്‍ ഹോവാര്‍ഡ്, ഫെഡറല്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍, ന്യൂ സൗത്ത് വെയില്‍സ് ധനമന്ത്രി ഡാമിയന്‍ ടുഡെഹോപ്പ് ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങളില്‍ പങ്കെടുത്തു.
പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ കത്തീഡ്രലിലെ മണികള്‍ നിരന്തരം മുഴങ്ങി. സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ശുശ്രുകള്‍ക്കു നേതൃത്വം നല്‍കി.
അതേസമയം മൃതസംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ കത്തീഡ്രലിനു പുറത്ത് പ്രതിഷേധം നടത്തിയവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എല്‍ജിബിടി ഗ്രൂപ്പുകളും അവരുടെ പിന്തുണക്കാരുമാണ് കത്തീഡ്രലിന് എതിര്‍വശത്തുള്ള ഹൈഡ് പാര്‍ക്കില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
'ഞങ്ങളില്‍ ചിലര്‍ക്ക് അദ്ദേഹത്തിന്റെ സുഹൃത്താകാന്‍ ഭാഗ്യം ലഭിച്ചു. കര്‍ദിനാളിന്റെ വിയോഗം ഏറെ വേദനയുണ്ടാക്കുന്നതാണ്. - ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ പറഞ്ഞു.
'ദൈവകൃപയാല്‍ നാമെല്ലാരും സ്വര്‍ഗത്തില്‍ കണ്ടുമുട്ടും. മാലാഖമാര്‍ അദ്ദേഹത്തിന്റെ ആത്മാവിനെ സ്വീകരിക്കുകയും അത്യുന്നതനായ ദൈവത്തിന് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'.
അന്തരിച്ച കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
2017-ല്‍ വിക്ടോറിയന്‍ പോലീസ് കര്‍ദിനാള്‍ പെല്ലിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെ മാധ്യമം-രാഷ്ട്രീയ-പോലീസ് പ്രചാരണം എന്നാണ് ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ വിശേഷിപ്പിച്ചത്.
'ഓസ്ട്രേലിയയിലെ ഹൈക്കോടതി അദ്ദേഹത്തെ ഏകകണ്ഠമായി കുറ്റവിമുക്തനാക്കിയതിന് ശേഷവും ചിലര്‍ അദ്ദേഹത്തെ പൈശാചികവല്‍ക്കരിക്കുന്നത് തുടരുന്നു' - ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
സംസ്‌കാരച്ചടങ്ങില്‍ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തതെന്ന് സിഡ്നി കാത്തലിക് അതിരൂപത അറിയിച്ചു.
ഇന്ന് വൈകിട്ട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സ്വകാര്യ ശുശ്രൂഷയില്‍ കര്‍ദ്ദിനാള്‍ പെല്ലിന്റെ ഭൗതിക ദേഹം അതിരൂപതയുടെ നിലവറയില്‍ അടക്കം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.