കിൻഷാസ: ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവിനെ പ്രതിഷ്ഠിക്കാനും സുവിശേഷത്തിന്റെ സാക്ഷികളാകാനും ഡിആർ കോംഗോയിലെ പുരോഹിതന്മാരെയും ഡീക്കന്മാരെയും സമർപ്പിത വ്യക്തികളെയും വൈദിക വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കർത്താവിന്റെ സമർപ്പണത്തിരുനാളിൽ കിൻഷാസയിലെ ഔവർ ലേഡി ഓഫ് കോംഗോ കത്തീഡ്രലിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മാർപ്പാപ്പയുടെ ഉദ്ബോധനം.
യേശുവിനെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോൾ, നമ്മുടെ കാഴ്ചപ്പാട് മാറുന്നുവെന്ന് തിരുനാളിൽ അനുസ്മരിക്കപ്പെട്ട ശിമയോനും ക്രിസ്തുശിശുവും തമ്മിലുള്ള കൂടിക്കാഴ്ചയെ വിചിന്തനം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു.
"നമ്മുടെ എല്ലാ ശ്രമങ്ങളും പ്രയാസങ്ങളും അവന്റെ പ്രകാശത്താൽ ആവരണം ചെയ്യപ്പെടുന്നു. അവന്റെ ആത്മാവിനാൽ ആശ്വസിപ്പിക്കപ്പെടുന്നു, അവന്റെ വചനത്താൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു, അവന്റെ സ്നേഹത്താൽ നിലനിർത്തപ്പെടുന്നു" ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു.
വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും “സുവിശേഷ സേവനത്തിൽ വലിയ സന്തോഷം” നമുക്ക് കണ്ടെത്താൻ സാധിക്കും. കർത്താവിന്റെ ജനത്തെ "ആശ്വാസത്തിന്റെയും പ്രത്യാശയുടെയും തൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു. അതിനാൽ ഓരോ പുരോഹിതന്മാരും വിശ്വാസികളും ദൈവസ്നേഹത്തിന്റെ സാക്ഷികളാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്" എന്നും മാർപ്പാപ്പ ഓർമിപ്പിച്ചു.
ജനങ്ങളുടെ സേവകർ
പുരോഹിതന്മാരും കന്യാസ്ത്രീകളും മിഷനറിമാരും മതസേവനത്തിനായി വിളിക്കപ്പെട്ടിരിക്കുന്ന മറ്റുള്ളവരും യഥാർത്ഥത്തിൽ ജനങ്ങളുടെ സേവകരാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പ ഊന്നിപ്പറഞ്ഞു.
ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെയും പരിധികളില്ലാത്ത സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും ദരിദ്രരുടെ ആവശ്യങ്ങളോടുള്ള കർത്താവിന്റെ അനുകമ്പയോടെയുള്ള കരുതലിന്റെയും പ്രതീകങ്ങളായി നാം വർത്തിക്കേണ്ടതുണ്ടെന്നും പാപ്പ വ്യക്തമാക്കി.
എന്നാൽ ഈ സേവനം എപ്പോഴും ആത്മീയ മിതത്വം, ലൗകിക സുഖം, ഉപരിപ്ലവത എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കും മുന്നിലാണ് ജീവിക്കുന്നത്.
സ്വകാര്യമായതും പൊതുവായതുമായ പ്രാർത്ഥനകളിലൂടെ ഈ വെല്ലുവിളികളെ നമുക്ക് മറികടക്കാൻ കഴിയും. അതിനായി സ്വയം മറന്ന് ജീവിതം മറ്റുള്ളവർക്കായി സമർപ്പിക്കണമെന്നും സുവിശേഷത്തിന്റെ "പാഠങ്ങളിൽ നല്ല പരിശീലനം ലഭിച്ചവരും വികാരാധീനരായ" സാക്ഷികളുമായി തീരണമെന്നും മാർപ്പാപ്പ വിശദീകരിച്ചു.
ദൈവസ്‌നേഹത്തിന്റെ സാക്ഷികളായി ജനത്തെ സേവിക്കണമെങ്കിൽ ഇത്തരം വെല്ലുവിളികൾ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. നല്ല പുരോഹിതന്മാരും ഡീക്കന്മാരും സമർപ്പിതരും ആകാൻ നല്ല വാക്കുകളും ഉദ്ദേശ്യങ്ങളും മതിയാകില്ല. നിങ്ങളുടെ ജീവിതം നിങ്ങളുടെ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
നീ വിലപ്പെട്ടവനാണ്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ അംഗീകരിച്ചുകൊണ്ട് തന്നെ ഫ്രാൻസിസ് മാർപ്പാപ്പ നല്ല സമരിയാക്കാരനായ യേശുവിനെക്കുറിച്ച് പുരോഹിതരെയും മതവിശ്വാസികളെയും ഓർമ്മിപ്പിച്ചു.
“സഹോദരന്മാരേ, നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ശുശ്രൂഷ ഇതുതന്നെയാണ്. ചുറ്റും അന്ധകാരത്തിനിടയിൽ പ്രകാശിക്കുന്ന ഒരു കൈത്തിരിവെട്ടം പോലെ സാമീപ്യവും സാന്ത്വനവും നൽകാൻ” പാപ്പ പറഞ്ഞു.
പിന്നീട് വൈദികർ, ഡീക്കൻമാർ, മതവിശ്വാസികളായ സ്ത്രീപുരുഷന്മാർ, വൈദിക വിദ്യാർത്ഥികൾ എന്നിവർക്ക് ഹൃദയംഗമമായ നന്ദി അർപ്പിച്ച ഫ്രാൻസിസ് മാർപാപ്പ "നമുക്ക്, സഭയ്ക്ക്, കർത്താവിന് നിങ്ങളെ ആവശ്യമുള്ളതിനാൽ" ഒരിക്കലും നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിരുത്സാഹപ്പെടരുതെന്നും അഭ്യർത്ഥിച്ചു.
മുഴുവൻ സഭയുടെയും പേരിൽ സംസാരിച്ച മാർപ്പാപ്പ "നിങ്ങൾ ഓരോരുത്തരും വിലപ്പെട്ടവവരും വളരെയധികം പ്രധാനപ്പെട്ടവരുമാണ്" എന്ന് ഊന്നിപ്പറഞ്ഞു.
“എപ്പോഴും കർത്താവിന്റെ സാന്ത്വന സാന്നിധ്യത്തിന്റെ നീർച്ചാലുകളാകാനും, സുവിശേഷത്തിന്റെ സന്തോഷകരമായ സാക്ഷികളാകാനും, അക്രമത്തിന്റെ കൊടുങ്കാറ്റുകൾക്കിടയിൽ സമാധാനത്തിന്റെ പ്രവാചകന്മാരും, സ്‌നേഹത്തിന്റെ ശിഷ്യന്മാരും, ദരിദ്രരുടെയും കഷ്ടപ്പാടുകളുടെയും മുറിവുകൾ പരിചരിക്കാൻ സദാ സന്നദ്ധരാകാനും" അവരെ ക്ഷണിച്ചുകൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പ ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.