ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം; സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ദക്ഷിണ സുഡാന്‍ പ്രസിഡന്റ്

ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം; സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ദക്ഷിണ സുഡാന്‍ പ്രസിഡന്റ്

ഫ്രാന്‍സിസ് പാപ്പയും ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കിറും

ജൂബ: ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തെതുടര്‍ന്ന് പ്രതിപക്ഷ സഖ്യവുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കിര്‍ മയാര്‍ഡിറ്റ്. ദക്ഷിണ സുഡാനില്‍ സന്ദര്‍ശനം നടത്തുന്ന ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം.

സമാധാനത്തിനും അനുരഞ്ജനത്തിനുമായുള്ള മാര്‍പ്പാപ്പയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കിര്‍, റോമിന്റെ മധ്യസ്ഥതയില്‍ നടന്നിരുന്ന സമാധാന ചര്‍ച്ചകളിലെ തങ്ങളുടെ പങ്കാളിത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ച തീരുമാനം പിന്‍വലിച്ചത്.

സമാധാന തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസം, രാജ്യത്ത് രക്തരൂക്ഷിതമായ സംഘര്‍ഷങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ ദക്ഷിണ സുഡാനിലെ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദക്ഷിണ സുഡാന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലായിരുന്നു അദ്ദേഹത്തിന്റെ ഈ അഭ്യര്‍ത്ഥന.

'പരിശുദ്ധ പിതാവിന്റെ നമ്മുടെ രാജ്യത്തിലേക്കുള്ള ചരിത്ര സന്ദര്‍ശനത്തിന്റെയും 2023 സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വര്‍ഷമായി പ്രഖ്യാപിച്ചതിന്റെയും ബഹുമാനാര്‍ത്ഥം, പ്രതിപക്ഷ ഗ്രൂപ്പുകളുമായി റോമിന്റെ മധ്യസ്ഥതയില്‍ നടന്നുവന്നിരുന്ന സമാധാന ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് പിന്‍വലിച്ചതായി പ്രഖ്യാപിക്കുന്നു. സൗത്ത് സുഡാന്‍ പ്രതിപക്ഷ സഖ്യത്തില്‍ നിന്നുള്ള സഹോദരങ്ങള്‍ ഈ തീരുമാനത്തിന് അനുകൂലമായ മറുപടി നല്‍കുകയും നമ്മുടെ രാജ്യത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമാധാനം കൈവരിക്കുന്നതിന് തങ്ങളുമായി സത്യസന്ധമായി ഇടപഴകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ' - പ്രസിഡന്റ് സാല്‍വ കിര്‍ പറഞ്ഞു.

2022 നവംബറിലാണ് ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ സമാധാന ചര്‍ച്ചകളിലെ പങ്കാളിത്തം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ദക്ഷിണ സുഡാനീസ് പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് പ്രതിബദ്ധത ഇല്ലെന്നും അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും സാല്‍വ കിര്‍ ആരോപിച്ചിരുന്നു.

രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ദക്ഷിണ സുഡാന്‍ സന്ദര്‍ശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സാല്‍വ കിര്‍ മാര്‍പാപ്പയുടെ സാന്നിധ്യത്തെ ചരിത്രപരമായ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുകയും സന്ദര്‍ശനത്തിന് തന്റെ അഗാധമായ നന്ദി അറിയിക്കുകയും ചെയ്തു. പാപ്പയുടെ സന്ദര്‍ശനം നമ്മുടെ മനസാക്ഷിയിലും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിലും നല്ലൊരു പ്രതിഫലനം സൃഷ്ടിക്കും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019-ല്‍ ദക്ഷിണ സുഡാനില്‍ സമാധാനം ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനില്‍ വച്ച് നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും മുന്നില്‍ മുട്ട് കുത്തി, ഷൂവില്‍ ചുംബിച്ചത് ആഗോള ശ്രദ്ധ നേടിയിരുന്നു.

പാപ്പ തന്റെ പാദങ്ങളില്‍ ചുംബിക്കുകയും സമാധാനത്തില്‍ തുടരാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്തത് അപൂര്‍വ അനുഭവമെന്നാണ് പ്രസിഡന്റ് അന്നത്തെ സംഭവത്തെക്കുറിച്ച് അനുസ്മരിച്ചത്. 2018-ല്‍ ഞങ്ങള്‍ ഒപ്പിട്ട സമാധാന ഉടമ്പടി പുനരുജ്ജീവിപ്പിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഫ്രാന്‍സിസ് പാപ്പയും ആര്‍ച്ച് ബിഷപ്പ് വെല്‍ബിയും ചേര്‍ന്ന് നടത്തിയ ഇടപെടലുകളാണ് ആഭ്യന്തര കലാപങ്ങള്‍ പതിവായിരുന്ന സൗത്ത് സുഡാനില്‍ സമാധാനം സംജാതമാക്കിയത്. സൗത്ത് സുഡാനില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ക്ക് സഭാ നേതാക്കള്‍ നേതൃത്വം നല്‍കും.

പ്രഥമ പേപ്പല്‍ പര്യടനം എന്നതിലുപരി സുരക്ഷാ ഭീഷണികളുള്ള സൗത്ത് സുഡാനില്‍ ഒരു പാപ്പ സധൈര്യം തന്റെ അജഗണത്തെ കാണാന്‍ എത്തിയിരിക്കുന്നു എന്നതാണ് ഈ യാത്രയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. സംഘര്‍ഷഭരിതമായ തങ്ങളുടെ രാജ്യത്ത് സമാധാനത്തിന്റെ സന്ദേശവുമായി ത്രിദിന സന്ദര്‍ശനത്തിന് വന്നെത്തിയ പാപ്പയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ജനം ഒരുക്കിയത്.

പ്രസിഡന്റ് സല്‍വാ കിറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രസിഡന്റിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ മുന്നോട്ട് നീങ്ങിയ പാപ്പയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടെര്‍മിനലിലേക്ക് ആനയിച്ചത്. പാപ്പയെ ഒരു നോക്കു കാണാന്‍ എയര്‍പോര്‍ട്ടിനുള്ളിലും പുറത്തുമായി പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. ആംഗ്ലിക്കന്‍ സഭാ തലവന്‍ കാര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി, സ്‌കോട്ട്ലന്‍ഡിലെ ആംഗ്ലിക്കന്‍ സഭാ മോഡറേറ്റര്‍ ഇയാന്‍ ഗ്രീന്‍ ഷില്‍ഡ്സ് എന്നിവരും എക്യുമെനിക്കല്‍ സന്ദര്‍ശത്തിന്റെ ഭാഗമായി പാപ്പയെ അനുഗമിക്കുന്നുണ്ട്.

ഇന്ന് തലസ്ഥാനമായ ജൂബയിലെ സെന്റ് തെരേസാസ് കത്തീഡ്രലില്‍ ബിഷപ്പുമാരെയും വൈദികരെയും സിസ്റ്റേഴ്സിനെയും അഭിസംബോധന ചെയ്യുന്ന പാപ്പ, അഭയാര്‍ഥികളെയും യുദ്ധത്തിന്റെ ഇരകളെയും കാണും. നാളെ (ഫെബ്രുവരി 5) ജൂബയില്‍ ജോണ്‍ ഗരാംഗ് മൈതാനത്ത് അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് പര്യടനം സമാപിക്കുക.

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനില്‍നിന്ന് 2011ല്‍ സ്വതന്ത്രമായ 10 സംസ്ഥാനങ്ങള്‍ ചേര്‍ന്ന പ്രദേശമാണ് സൗത്ത് സുഡാന്‍. ഒരു കോടിയില്‍പ്പരം വരുന്ന ഇവിടത്തെ ജനസംഖ്യയില്‍ 37%വും കത്തോലിക്കരാണ്. കത്തോലിക്കാ സഭ എന്ന നിലയില്‍ സുഡാനും സൗത്ത് സുഡാനും ഒരേ മെത്രാന്‍ സമിതിക്ക് കീഴിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.