ഇറാന്‍ ഭരണകൂടത്തിന്റെ ക്രൂരത; ജയിലിലെ നിരാഹാരത്തെ തുടർന്ന് ഇറാനിയൻ വിമതൻ അവശനായ നിലയിൽ

ഇറാന്‍ ഭരണകൂടത്തിന്റെ ക്രൂരത; ജയിലിലെ നിരാഹാരത്തെ തുടർന്ന് ഇറാനിയൻ വിമതൻ അവശനായ നിലയിൽ

ടെഹ്‌റാൻ: നിർബന്ധിത ഹിജാബ് ധരിക്കുന്നതിൽ പ്രതിഷേധിച്ചതിന് ജയിലിൽ അടയ്ക്കപ്പെട്ട ഇറാനിയൻ വിമതൻ നിരാഹാരത്തെ തുടർന്ന് തളർന്ന് അവശനായിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ രോഷം ഉയർത്തുന്നു. ഇറാന്റെ ശിരോവസ്ത്ര നയത്തിനെതിരെ പ്രതിഷേധിക്കുന്ന വനിതാ ആക്ടിവിസ്റ്റുകളെ പിന്തുണച്ചതിന് 2018 മുതൽ 53 കാരനായ ഫർഹാദ് മെയ്സാമി ജയിലിൽ കഴിയുകയാണ്.

അടുത്തിടെ പ്രതിഷേധക്കാരെ ഇറാൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടർന്ന് ഒക്ടോബർ ഏഴിന് നിരാഹാര സമരം ആരംഭിച്ചിരുന്നതായി മെയ്സാമിയുടെ അഭിഭാഷകൻ പറഞ്ഞു. വധശിക്ഷകൾ അവസാനിപ്പിക്കുക, സാദാരണക്കാരെയും രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക, "നിർബന്ധിത-ഹിജാബ് പീഡനം" അവസാനിപ്പിക്കുക എന്നീ മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് മെയ്‌സാമിയുടെ നിരാഹാരം.


ഫർഹാദ് മെയ്സാമി

ഫർഹാദ് മെയ്സാമിയുടെ ജീവൻ അപകടത്തിലാണെന്ന് അഭിഭാഷകൻ മുഹമ്മദ് മൊഗിമി ട്വീറ്റ് ചെയ്തു. അടുത്തിടെ തെരുവിൽ സർക്കാർ നടത്തിയ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹം നിരാഹാര സമരം നടത്തി. മെയ്സാമിയുടെ ഭാരം ഇപ്പോൾ 52 കിലോ കുറഞ്ഞതായി അദ്ദേഹം പറഞ്ഞു.

മെയ്സാമി ഒരു ആശുപത്രി കിടക്കയിൽ ചുരുണ്ടുകിടക്കുന്നതായും അവന്റെ വാരിയെല്ലുകൾ വ്യക്തമായി കാണുന്ന രീതിയിലായതായുമുള്ള ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ മെയ്സാമിയുടെ മനുഷ്യാവകാശങ്ങളോടുള്ള ഇറാനിയൻ അധികാരികളുടെ അവഹേളനത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി.

ഫർഹാദ് മെയ്സാമിയെ ഉടൻ മോചിപ്പിക്കുന്നതിനായി യുഎന്നും അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും അടിയന്തരമായി ഇടപെടണമെന്ന് ഇറാനിലെ മനുഷ്യാവകാശ കേന്ദ്രം (CHRI) പറഞ്ഞു.

ഏഴ് മാസത്തെ ജയിൽവാസത്തിന് ശേഷം ഇറാൻ അവാർഡ് ജേതാവായ സംവിധായകൻ ജാഫർ പനാഹിയെ ജാമ്യത്തിൽ വിട്ട അതേ ദിവസം തന്നെ മെയ്സാമിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മെയ്സാമിയുടെ ചിത്രങ്ങൾ ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ഓർമ്മിപ്പിച്ചതായി പനാഹി പറഞ്ഞു.

അതേസമയം ഇറാൻ ഭരണകൂടം ഈ നിരാഹാര സമരം നിരസിച്ചു, നാല് വർഷം മുമ്പ് ഫിസിഷ്യനായിരുന്ന മെയ്സാമി നിരാഹാര സമരം നടത്തിയപ്പോഴുള്ള ഫോട്ടോകളാണിതെന്നാണ് അധികൃതരുടെ വാദം. ഇതിന് തെളിവായി അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ വൈജെസി, മെയ്‌സാമിയുടെ ഏറ്റവും പുതിയ ഫോട്ടോ എന്ന് അവകാശപ്പെട്ടുകൊണ്ട് പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം മെലിഞ്ഞതായി കാണപ്പെടുന്നില്ല. എന്നാൽ ഈ ചിത്രം സംബന്ധിച്ച് ഇതുവരെ ആധികാരികത ഉറപ്പ് വരുത്താൻ കഴിഞ്ഞിട്ടില്ല.


ഇറാൻ അധികൃതർ പുറത്ത് വിട്ട മെയ്‌സാമിയുടെ ചിത്രം

അതേസമയം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുകയായിരുന്ന പനാഹി, ഈ ആഴ്ച നിരാഹാര സമരത്തിലേക്ക് കടന്നിരുന്നു. തുടർന്ന് വെള്ളിയാഴ്ച കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പനാഹിയെ വിട്ടയക്കാന്‍ ഇറാൻ അധികൃതർ തീരുമാനമെടുത്തത്. അമേരിക്ക ആസ്ഥാനമായുള്ള സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ (സിഎച്ച്ആർഐ) ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.

മോചനത്തെക്കുറിച്ച് ഇറാന്റെ ജുഡീഷ്യറിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായില്ല. 2022 ജൂലായ് 11 നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി പനാഹിയെ അറസ്‌റ്റ് ചെയ്യുന്നത്. ആറ് വർഷം തടവിന് വിധിച്ച് ടെഹ്റാനിലെ എവിൻ ജയിലിലേക്ക് പനാഹിയെ മാറ്റി. ബുധനാഴ്ചയാണ് അദ്ദേഹം നിരാഹാര സമരത്തിലേക്ക് കടന്നത്.

''തന്റെ ജീവനില്ലാത്ത ശരീരം ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് വരെ ഈ സമരം തുടരുമെന്ന'' പനാഹിയുടെ വാക്കുകളോടെ അദ്ദേഹത്തിന്റെ ഭാര്യ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നിരാഹാര സമരത്തെ കുറിച്ച് ലോകം അറിയുന്നത്. ഇതോടെ പനാഹിയെ വിട്ടയക്കണമെന്ന ആവശ്യമുയര്‍ത്തി നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.

ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ സിനിമകള്‍ ചിത്രീകരിച്ചതിന് "സംവിധാനത്തിനെതിരായ പ്രചരണം" എന്ന കുറ്റം ചുമത്തി പനാഹിയെ 2010 ല്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ആറ് വര്‍ഷത്തെ തടവിന് വിധിച്ച് അദ്ദേഹത്തിന് നിരവധി വിലക്കുകളും ഏര്‍പ്പെടുത്തി. എന്നാല്‍ രണ്ട് മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഈ വിധി ഇറാൻ സുപ്രീം കോടതി റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

സിനിമകള്‍ ചെയ്യുന്നതിനും മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുമുള്ള വിലക്ക് തുടര്‍ന്നു. എന്നാല്‍‌ രഹസ്യമായും സാഹസികമായും അദ്ദേഹം സിനിമാ ചിത്രീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ആ സിനിമകളെല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ വലിയ കൈയടിയും നേടി.

1979 ലെ വിപ്ലവത്തിന് ശേഷം ഇറാന് നേരിടേണ്ടി വന്ന ഏറ്റവും ശക്തമായ വെല്ലുവിളികളിലൊന്നായ ഇറാനിയൻ കുർദിഷ് വനിത മഹ്സ അമിനി പോലീസ് കസ്റ്റഡിയിൽ സെപ്തംബർ 16 ന് മരിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായ അശാന്തി പടർന്നിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റിലായവരില്‍ നിരവധി സിനിമാക്കാരുമുണ്ട്.

ശിരോവസ്ത്രം ധരിക്കാത്ത ചിത്രങ്ങൾ പ്രസിദ്ധീകരിച്ച ഇറാനിയൻ നടി തരാനെ അലിദോസ്തി ജയിൽ മോചിതയായത് ജനുവരിയിലാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 500 ലേറെ പേര്‍ കൊല്ലപ്പെടുകയും 20,000 ത്തോളം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തുവെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഇറാനിയൻ നീതിന്യായ വ്യവസ്ഥയുടെ കണക്കനുസരിച്ച് കുറഞ്ഞത് നാല് പേരെ തൂക്കിലേറ്റിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.