ഭൂകമ്പത്തില്‍ തകര്‍ന്ന് തുര്‍ക്കിയും സിറിയയും: മരണം 4000 ത്തോട് അടുക്കുന്നു; മരണ സംഖ്യ എട്ടിരട്ടി വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ഭൂകമ്പത്തില്‍ തകര്‍ന്ന് തുര്‍ക്കിയും സിറിയയും: മരണം 4000 ത്തോട് അടുക്കുന്നു; മരണ സംഖ്യ എട്ടിരട്ടി വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ഇസ്താംബുൾ: തുർക്കി-സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,700 കടന്നു. തുർക്കിയിൽ മാത്രം 2,379 പേർ മരിച്ചതായും 5,383 പേർക്ക് പരിക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. 

സിറിയയിൽ 1,444 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നൂറുകണക്കിന് ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. 14,000ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.

ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. 

തുർക്കി സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, ആറ് എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ട് ഭൂചലനങ്ങള്‍ കൂടിയാണ് ഉണ്ടായത്. ഇതിനു തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് തുര്‍ക്കിഷ് ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.

ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയിലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. എമര്‍ജന്‍സി മെഡിക്കല്‍ ടീം ശൃംഘലകള്‍ പ്രവര്‍ത്തന നിരതമാണെന്നും ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നടത്തിവരുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും എമര്‍ജന്‍സി സാറ്റലൈറ്റ് മാപ്പിങ് അടക്കമുള്ള സേവനങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയനും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.