ന്യൂഡല്‍ഹി: കടുവ സങ്കേത കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ വന്യജീവി വാസ കേന്ദ്രങ്ങളില്‍ ടൂറിസം പ്രവൃത്തികള്‍ തടയണമെന്ന് സുപ്രീം കോടതി ചുമതലപ്പെടുത്തിയ ഉന്നത അധികാര സമിതി ആവശ്യപ്പെട്ടു. കടുവ സങ്കേത കേന്ദ്രങ്ങളിലെ സഫാരികള്‍, മൃഗശാലകള്‍ എന്നിവ അവസാനിപ്പിക്കണമെന്നും സമിതി നിർദ്ദേശിച്ചു.
ഇതിനായി കടുവ സങ്കേത കേന്ദ്രങ്ങളിലെ ബഫര്‍ മേഖലകളില്‍ സഫാരി നടത്താന്‍ അനുമതി നല്‍കിയ 2012 ലെ മാനദണ്ഡവും 2016,19 വര്‍ഷങ്ങളില്‍ പുറത്തിറക്കിയ ഭേദഗതികളും പിന്‍വലിക്കാനോ ഭേദഗതി ചെയ്യാനോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാകണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളില്‍ മൃഗങ്ങളെ രക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മാത്രമേ അനുമതി നല്‍കാവൂ എന്നാണ് സമിതിയുടെ നിര്‍ദേശം. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കും.
ദേശീയ കടുവ സംരക്ഷണ അതോറിറ്റി 2012 ല്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളിലാണ് കടുവ സങ്കേത കേന്ദ്രങ്ങളിലെ ബഫര്‍ മേഖലകളില്‍ സഫാരി നടത്താന്‍ അനുമതി നല്‍കിയത്. 2016, 19 എന്നീ വര്‍ഷങ്ങളില്‍ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുവെങ്കിലും സഫാരി നടത്താനുള്ള അനുമതി തുടരുകയാണ് ഉണ്ടായത്.
1980 ലെ വന സംരക്ഷണ നിയമ പ്രകാരം വനമേഖലയില്‍ മൃഗശാലകള്‍ സ്ഥാപിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. എന്നാല്‍ മൃഗശാലകള്‍ വനേതര പ്രവര്‍ത്തനം അല്ലെന്നും അതിനാല്‍ അനുമതി ആവശ്യമില്ലെന്നും കഴിഞ്ഞ വര്‍ഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഈ നിര്‍ദേശവും പിന്‍വലിക്കണമെന്ന് സമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് കടുവ സങ്കേത കേന്ദ്രത്തിന്റെ ബഫര്‍ സോണില്‍ സഫാരി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് തേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.