'എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല'; എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണമില്ല?: രാഹുല്‍ ഗാന്ധി

 'എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല'; എന്തുകൊണ്ട്  അദാനിക്കെതിരെ അന്വേഷണമില്ല?: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്സഭയിലെ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ച ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച അദേഹം തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും ആരോപിച്ചു.

' ഞാന്‍ അദ്ദേഹത്തോട് ലളിതമായ ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് അദ്ദേഹം മറുപടി നല്‍കിയില്ല. അത് സത്യം വ്യക്തമാക്കുന്നതാണ്. അവര്‍ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ പ്രധാനമന്ത്രി അന്വേഷണത്തിന് സമ്മതിക്കുമായിരുന്നു. പ്രതിരോധ മേഖലയിലെ ഷെല്‍ കമ്പനികളെ കുറിച്ചുള്ള ആരോപണത്തിന് അദ്ദേഹം ഒരു മറുപടിയും നല്‍കിയില്ല.

പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണൈന്ന് വ്യക്തമാണ്. ഇത് ദേശീയ സുരക്ഷയുടേയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രശ്നമാണ്. അത് പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പറയേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല'- രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഗൗതം അദാനിയുടെയും ബന്ധം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ചോദ്യം ചെയ്തിരുന്നു. അദാനിയും മോഡിയും ഒരുമിച്ച് നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും ഇതെല്ലാം അദാനിയെ സഹായിക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. മോദിക്കൊപ്പം യാത്ര ചെയ്യുന്ന അദാനിയുടെ ചിത്രങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെ, രാഹുലിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയടക്കം ബിജെപി എംപിമാര്‍ രംഗത്തുവന്നിരുന്നു. പിന്നാലെ ലോക്സഭ സ്പീക്കര്‍ രാഹുലിന്റെ ഈ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കുകയായിരുന്നു.

ഇതിന് പിന്നാലെ രാഹുലിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. ചിലരുടെ മനോനില വ്യക്തമായെന്ന് രാഹുലിന്റെ പേരെടുത്ത് പറയാതെ മോഡി പരിഹസിച്ചു. സ്ഥിരതയുള്ള സര്‍ക്കാരാണിത്. അപ്പോള്‍ ആക്രമണങ്ങള്‍ സ്വാഭാവികമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വിമര്‍ശനങ്ങളെ സൂചിപ്പിച്ച് മോഡി ലോക്സഭയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.