നിരോധിത സംഘടനകളിലെ അംഗത്വം: അമേരിക്കന്‍ വിധികള്‍ അന്ധമായി പിന്തുടര്‍ന്ന് ഉത്തരവുകള്‍ ഇറക്കരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

നിരോധിത സംഘടനകളിലെ അംഗത്വം: അമേരിക്കന്‍ വിധികള്‍ അന്ധമായി പിന്തുടര്‍ന്ന് ഉത്തരവുകള്‍ ഇറക്കരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

ന്യൂഡല്‍ഹി: അമേരിക്കന്‍ കോടതികള്‍ പുറപ്പടിവിക്കുന്ന വിധികള്‍ അന്ധമായി പിന്തുടര്‍ന്ന് ഉത്തരവുകള്‍ ഇറക്കരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും അതിനാല്‍ അമേരിക്കന്‍ ഭരണഘടനയും വിധികളും അടിസ്ഥാനമാക്കി മൗലിക അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവിറക്കരുതെന്നുമാണ് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടത്.

ഇക്കാര്യം ഭരണഘടന ബെഞ്ച് പുറപ്പടിവിച്ചിട്ടുള്ള വിവിധ വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന 2011 ലെ വിധിക്കെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

നിരോധിത സംഘടനകളിലെ സജീവ പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രമേ പ്രോസിക്യുഷന്‍ നടപടികള്‍ പാടുള്ളൂവെന്നും അംഗത്വം ഉണ്ടെന്ന കാരണത്താല്‍ കേസ് എടുക്കാന്‍ കഴില്ലെന്നുമായിരുന്നു 2011 ല്‍ സുപ്രീം കോടതി വിധിച്ചത്. ഭീകര വിരുദ്ധ നിയമമായ ടാഡയിലെ വ്യവസ്ഥ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 2011-ല്‍ വിധി പ്രസ്താവിച്ചത്.

ജാമ്യം ആവശ്യപ്പെട്ടും ശിക്ഷയ്ക്കെതിരെ നല്‍കിയ രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടുമാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേട്ടിരുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ടാഡ നിയമത്തിലെ വകുപ്പും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു.

ലഷ്‌കര്‍ ഇ തോയിബ നിരോധിത സംഘടന ആണെങ്കില്‍ അതിന്റെ അംഗമായി തുടരാന്‍ ആര്‍ക്കും അവകാശമില്ല. സംഘടിക്കാനുള്ള അവകാശം അനിയന്ത്രിതമായ അവകാശമല്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്ന വിഷയമാണെങ്കില്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ആകാമെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. നിയമം ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അതിലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്ത നടപടി ശരിയായില്ലെന്ന് പുനപരിശോധന ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്മാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിന്റെ നിലപാട് കേള്‍ക്കാതെ ടാഡ നിയമത്തിലെ വകുപ്പ് റദ്ദാക്കിയ നടപടിയോടും കോടതി വാക്കാല്‍ വിയോജിപ്പ് അറിയിച്ചു. അതേസമയം പുനപരിശോധന ഹര്‍ജി വിധി പറയാനായി സുപ്രീം കോടതി മാറ്റി.

നിരോധിത സംഘടനകളിലെ അംഗത്വം കൊണ്ട് കുറ്റക്കാരനാകില്ലെന്നും കലാപത്തില്‍ പങ്കാളിയാകുകയോ, കലാപത്തിന് പ്രേരിപ്പിക്കുകയോ, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമെന്നുമായിരുന്നു 2011 ല്‍ സുപ്രീം കോടതി വിധിച്ചത്. അമേരിക്കയിലെ വിവിധ കോടതി വിധികള്‍ ഉദ്ദരിച്ച് കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. അമേരിക്കന്‍ ഭരണഘടനയുടെ അവകാശ പത്രികയുമായുള്ള ഇന്ത്യന്‍ ഭരണഘടനയുടെ സാമ്യത ചൂണ്ടിക്കാട്ടിയായിരുന്നു വിധി പ്രസ്താവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.