വാഷിങ്ടണ്‍: അമേരിക്കയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത പേടകത്തെ യുദ്ധവിമാനത്തില്‍ നിന്ന് വെടിവെച്ച് വീഴ്ത്തി. അലാസ്‌ക സംസ്ഥാനത്തിന് മുകളില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം. ചൈനീസ് ബലൂണ്‍ അമേരിക്ക വെടിവെച്ച് വീഴ്ത്തി ഒരാഴ്ചയ്ക്കകമാണ് പുതിയ സംഭവം.
ഹൈ ആള്‍ട്ടിറ്റിയൂഡ് ഒബ്‌ജെക്ട് എന്ന് മാത്രമാണ് പെന്റഗണ്‍ ഇതേക്കുറിച്ച് പറഞ്ഞത്. 40,000 അടി ഉയരത്തില്‍ അലാസ്‌ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു ഈ പേടകം. 20 മുതല്‍ 40 മൈല്‍ വരെ വേഗത്തിലാണ് പേടകം പറന്നിരുന്നത്. ഒരു ചെറുകാറിന്റെ വലിപ്പമാണ് പേടകത്തിനുള്ളതെന്ന് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പേടകം വെടിവെച്ച് വീഴ്ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.
പ്രാദേശിക സമയം 1.45 നാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. എഫ് 22 യുദ്ധ വിമാനത്തില്‍ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകര്‍ത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് വ്യക്തമാക്കാന്‍ പെന്റഗണ്‍ ഇതുവരെ തയ്യാറായിട്ടില്ല. അകത്ത് ആളില്ലായിരുന്നുവെന്ന് ഉറപ്പാക്കിയിരുന്നതായി പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്.
ബ്യൂഫോര്‍ട്ട് കടലിലിലെ തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ക്ക് മുകളിലാണ് പേടകം തകര്‍ന്നുവീണത്. ഇതിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ ഹെലികോപ്റ്ററുകളും ഗതാഗത വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് യുഎസ് ആകാശത്ത് ചൈനീസ് ബലൂണ്‍ പരിഭ്രാന്തി പരത്തിയത്. പിന്നീട് ബലൂണ്‍ യു.എസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.