ചാരവൃത്തിയിൽ പങ്കുണ്ടെന്ന് സംശയം: ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക

ചാരവൃത്തിയിൽ പങ്കുണ്ടെന്ന് സംശയം: ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക

ന്യൂയോർക്ക്: ചാരബലൂണിനെ സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മിൽ തർക്കം തുടരുന്നതിനിടെ ഈ ചാരവൃത്തിയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ബൈഡന്‍ ഭരണകൂടം. ദേശീയ സുരക്ഷയ്ക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയാകുന്ന ചൈനയുടെ ചാരപ്രവൃത്തി നേരിടാന്‍ ശക്തമായ ഇടപെടലുണ്ടാകുമെന്ന വൈറ്റ് ഹൗസ് പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പുതിയ നടപടി.

അഞ്ച് കമ്പനികളും ഒരു ഗവേഷണ സ്ഥാപനവുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവ. ബീജിങ് നാന്‍ജിയാങ് എയറോസ്‌പേസ് ടെക്‌നോളജി, ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് കോര്‍പ്പറേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദോങ്വാന്‍ ലിങ് കോങ് റിമോട്ട് സെന്‍സിങ് ടെക്‌നോളജി, ഈഗിള്‍സ് മെന്‍ ഏവിയേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ്, ഗ്വാങ് ഷോ ഹൈ ഷിയാങ് ഏവിയേഷന്‍ ടെക്‌നോളജി, ഷാങ്‌സി ഈഗിള്‍സ് മെന്‍ ഏവിയേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് എന്നിവയാണ് അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍.

ഗ്വാങ് ഷോ ഹൈ ഷിയാങ് ഏവിയേഷന്‍ ടെക്‌നോളജി ചൈനീസ് സൈന്യവുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ്. സൈന്യത്തിന് വേണ്ടിയും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കാറുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ തന്നെ പറയുണ്ട്. മറ്റ് കമ്പനികളും സൈന്യത്തിന് വേണ്ടി ഉപകരണങ്ങള്‍ നല്‍കുന്നവരോ പദ്ധതികളില്‍ ഭാഗമാകുന്നവരോ ആണ്.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സൈനിക നീക്കങ്ങളേയും എയർഷിപ്പുകളും ബലൂണുകളും ഉൾപ്പെടെയുള്ള എയറോസ്പേസ് പ്രോഗ്രാമുകളേയും പിന്തുണയ്ക്കുന്നതിനാണ് ആറ് സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ചേർത്തതെന്ന് അമേരിക്കൻ ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. ഇതിന്റെ തെളിവുകള്‍ ലഭിച്ചതായും അമേരിക്കൻ വാണിജ്യ വിഭാഗം ചൂണ്ടിക്കാട്ടി.

അതേസമയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയോട് വാഷിങ്ടണിലെ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ ആകാശത്ത് ചൈനീസ് ബലൂണ്‍ കണ്ടെത്തിയത്. ഇത് ചാര ബലൂണാണെന്ന് അമേരിക്കയും, ദിശമാറി വന്ന കാലാവസ്ഥാ ഉപകരണമാണെന്ന് ചൈനയും വാദിച്ചു.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനത്തിന് മുന്‍പായിരുന്നു ചാര ബലൂണ്‍ കണ്ടെത്തിയത്. ഇതോടെ ബ്ലിങ്കന്‍ നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. കഴിഞ്ഞദിവസം ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു. അറ്റ്‌ലാന്‌റിക്‌ സമുദ്രത്തില്‍ നിന്ന് ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച ശേഷം വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യയുള്‍പ്പെടെ ഇതിലുണ്ടെന്ന് തിരിച്ചറിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വെളിപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.