കാൻബെറ : ഓസ്‌ട്രേലിയയിൽ സ്ഥാപിക്കപ്പെട്ട ശക്തമായ പുതിയ ദൂരദർശിനി റെക്കോർഡ് സമയത്തിൽ പ്രപഞ്ചത്തിന്റെ വിശാലമായ ചിത്രങ്ങൾ രേഖപ്പെടുത്തി. ഒരു ദശലക്ഷം പുതിയ താരാപഥങ്ങൾ വെളിപ്പെടുത്തുകയും പുതിയ കണ്ടെത്തലുകളിലേക്കുള്ള വഴി തുറക്കുകയും ചെയ്തതായി രാജ്യത്തെ ദേശീയ ശാസ്ത്ര ഏജൻസി ചൊവ്വാഴ്ച അറിയിച്ചു.
ഓസ്ട്രേലിയൻ സ്ക്വയർ കിലോമീറ്റർ അറേ പാത്ത്ഫൈൻഡർ (അസ്കാപ്പ്) എന്ന് വിളിക്കപ്പെടുന്ന റേഡിയോ ദൂരദർശിനിക്ക് വെറും 300 മണിക്കൂറിനുള്ളിൽ മൂന്ന് ദശലക്ഷം താരാപഥങ്ങളെ ചിത്രീകരിക്കുവാൻ കഴിഞ്ഞു. നേരത്തെ ഇത്തരം സർവ്വേകൾക്ക് 10 വർഷ കാലയളവ് ആവശ്യമായിരുന്നു.
“ഇത് ശരിക്കും ഒരു ഗെയിം ചേഞ്ചറാണ്,” വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മർച്ചിസൺ റേഡിയോസ്ട്രോണമി ഒബ്സർവേറ്ററിയിൽ, ആകാശത്തെക്കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകിയ കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ (സിഎസ്‌ആർഒ) ജ്യോതിശാസ്ത്രജ്ഞൻ ഡേവിഡ് മക്കോണെൽ പറഞ്ഞു. സിഎസ്‌ആർഒ രൂപകൽപ്പന ചെയ്ത റിസീവറുകൾ ഉപയോഗിക്കുന്ന ഈ ദൂരദർശിനിയെ സവിശേഷമാക്കുന്നത് അതിന്റെ വിശാലമായ ചിത്രങ്ങൾ എടുക്കുവാനുള്ള കഴിവാണ്. ഇത് മുമ്പത്തേതിനേക്കാൾ നന്നായി ആകാശത്തിന്റെ പനോരമിക് ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നു.
പതിനായിരക്കണക്കിന് ചിത്രങ്ങൾ ആവശ്യമുള്ള മറ്റ് ഓൾ-സ്കൈ റേഡിയോ സർവേകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ദൂരദർശിനിക്ക് 903 ഇമേജുകൾ മാത്രം സംയോജിപ്പിച്ചാൽ ഇത്തരം ചിത്രങ്ങൾ ലഭ്യമാക്കുവാൻ സാധിക്കും. “മുൻ സർവേകളേക്കാൾ ഇത് വളരെ സെൻസിറ്റീവ് ആണ്, ഇത് ആകാശത്തെ മുഴുവൻചിത്രീകരിച്ചിട്ടുണ്ട്. അതിനാൽ മുൻ കാലങ്ങളിൽ കണ്ടതിനേക്കാൾ കൂടുതൽ വസ്തുക്കൾ ഞങ്ങൾ കാണുന്നു,” മക്കോണൽ പറഞ്ഞു.
ദൂരദർശിനിയിലൂടെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് ശാസ്ത്രജ്ഞർക്ക് നക്ഷത്രങ്ങളെക്കുറിച്ചും ഗാലക്സികളെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചും കൂടുതൽ പഠനങ്ങൾ നടത്താനാവും. ഈ സർവേയുടെ പ്രാഥമിക ഫലങ്ങൾ ചൊവ്വാഴ്ച ജ്യോതിശാസ്ത്ര സൊസൈറ്റി ഓഫ് ഓസ്‌ട്രേലിയയുടെ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.