വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പില്ല: പി നെടുമാരന്റെ അവകാശവാദം തള്ളി ശ്രീലങ്കന്‍ സേന

വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പില്ല: പി നെടുമാരന്റെ അവകാശവാദം തള്ളി ശ്രീലങ്കന്‍ സേന

കൊളംബോ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദങ്ങള്‍ തള്ളി ശ്രീലങ്കന്‍ സേന. ഇത്തരത്തിലുള്ള ഒരു അവകാശവാദം തെളിയിക്കാന്‍ തക്ക യാതൊരു തെളിവുകളില്ലെന്നും ശ്രീലങ്കന്‍ സേനാ വക്താവ് പ്രതികരിച്ചു. കൊല്ലപ്പെട്ടത് വേലുപ്പിള്ള പ്രഭാകരന്‍ തന്നെയാണ് എന്ന് വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകൾ ശ്രീലങ്കയുടെ പക്കലുണ്ടെന്നും സേനാ വക്താവ് ബ്രിഗേഡിയര്‍ രവി ഹെറാത്ത് വ്യക്തമാക്കി.

വേലുപ്പിള്ള പ്രഭാകരന്‍ എന്ന് പറയുന്ന ആ വ്യക്തി ജീവിച്ചിരിക്കുന്നു എന്നതിന് ഒരു തെളിവുമില്ല. ആ പരാമര്‍ശം ഉന്നയിച്ച വ്യക്തിയോട് തന്നെ അതിനെ അടിസ്ഥാനത്തെ കുറിച്ച് ചോദിക്കുന്നതാണ് നല്ലത്. ശ്രീലങ്കന്‍ സേന 2009 ല്‍ പ്രഭാകരനെ കൊലപ്പെടുത്തിയിരുന്നു. ആ വര്‍ഷം അവസാനത്തോടെ തന്നെ ഓപ്പറേഷന്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ബ്രിഗേഡിയര്‍ രവി ഹെറാത്ത് പ്രതികരിച്ചു.

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്നും ഉചിതമായ സമയത്ത് ജനങ്ങള്‍ക്ക് മുന്നില്‍ വരുമെന്നും ലോക തമിഴ് ഫെഡറേഷന്‍ നേതാവ് പി നെടുമാരൻ വെളിപ്പെടുത്തിയിരുന്നു. പ്രഭാകരന്റെ അനുമതിയോടെയാണ് താന്‍ ഇത് പ്രഖ്യാപിക്കുന്നതെന്നും പ്രഭാകരന്റെ കുടുംബം അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രഭാകരന്റെ മരണത്തെ സംബന്ധിച്ച ഊഹാപോഹങ്ങളും സംശയങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ നെടുമാരൻ തഞ്ചാവൂരിലെ മുള്ളിവയ്ക്കലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പ്രഖ്യാപനം. ശ്രീലങ്കയിലെ രജപക്‌സെ ഭരണം തകര്‍ന്നതും രാജ്യത്തെ നിലവിലെ സാഹചര്യവും പ്രഭാകരന് പുറത്തുവരാനുള്ള ശരിയായ സമയമാണെന്നും നെടുമാരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രഭാകരന് പൂര്‍ണ പിന്തുണ നല്‍കുന്നതില്‍ ലോകമെമ്പാടുമുള്ള തമിഴരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് നെടുമാരന്‍ ആഹ്വാനം ചെയ്തു. പ്രഭാകരനൊപ്പം നില്‍ക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോടും പാര്‍ട്ടികളോടും തമിഴ്‌നാട്ടിലെ പൊതുജനങ്ങളോടും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. അതേസമയം നിലവില്‍ പ്രഭാകരന്‍ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും നെടുമാരന്‍ വിശദമാക്കി. പിന്നാലെയാണ് വിഷയത്തില്‍ ശ്രീലങ്കയുടെ പ്രതികരണം പുറത്ത് വരുന്നത്.

2009 മെയ് 18 നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന വ്യക്തമാക്കിയത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മെയ് 19ാം തീയതി മൃതശരീര ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.