ദൈവ കല്‍പനകളില്‍ കാപട്യം കലര്‍ത്തരുത്‌: ഫ്രാന്‍സിസ് പാപ്പ

ദൈവ കല്‍പനകളില്‍ കാപട്യം കലര്‍ത്തരുത്‌: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: തങ്ങളുടെ വിശ്വാസം നിറവേറ്റുന്നതിനായി വിശ്വാസികള്‍ പൂര്‍ണമായും സ്വയം സമര്‍പ്പിക്കാനും ദൈവത്തെ അളവില്ലാതെ സ്‌നേഹിക്കാനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ മധ്യാഹ്ന പ്രാര്‍ത്ഥനാ വേളയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.

ദൈവസ്നേഹം എങ്ങനെ വിശ്വാസത്തിലൂടെ നിറവേറ്റാം അല്ലെങ്കില്‍ ദൈവസ്നേഹം സ്വന്തം ജീവിതത്തില്‍ എങ്ങനെ പ്രതിഫലിപ്പിക്കാം എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ കാതല്‍. ദിവ്യബലി മദ്ധ്യേ വായിച്ച ദൈവ വചന ഭാഗങ്ങളില്‍, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 17-37 വരെയുള്ള വാക്യങ്ങളാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. അതായത്, താന്‍ വന്നിരിക്കുന്നത് നിയമത്തെ ഇല്ലാതാക്കാനല്ല അതു പൂര്‍ത്തിയാക്കാനാണെന്ന് യേശു വിശദമാക്കുന്ന സുവിശേഷഭാഗം ആയിരുന്നു അത്.

'നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്ന് നിങ്ങള്‍ കരുതരുത്; അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്' (മത്തായി 5:17). ദൈവ വചനം വായിച്ച് പാപ്പ തുടര്‍ന്നു. 'മതനിയമങ്ങള്‍ നമുക്ക് അനിവാര്യമാണ്. എന്നാല്‍ അത് ഒരു തുടക്കം മാത്രമാണെന്ന് യേശു നമ്മെ ഓര്‍മിപ്പിക്കുന്നു. ആ നിയമങ്ങള്‍ നിറവേറ്റുന്നതിന്, അവയുടെ അര്‍ത്ഥം അറിഞ്ഞ് ജീവിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ എന്താണ്് നിറവേറ്റുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്' - പാപ്പ ചോദിച്ചു

നിയമങ്ങള്‍ നിറവേറ്റി ജീവിതം നയിക്കാന്‍ പാപ്പ ആഹ്വാനം ചെയ്യുന്നു. 'കൊല്ലരുത്' എന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നു. എന്നാല്‍, ഒരുവന്‍ ശാരീരികമായി കൊന്നില്ലെങ്കിലും തന്റെ സഹോദരങ്ങളെ വാക്കുകളാല്‍ വേദനിപ്പിക്കുകയാണെങ്കില്‍ അത് നിറവേറ്റല്‍ അല്ലെന്നു യേശു ചൂണ്ടിക്കാണിക്കുന്നു.

'വ്യഭിചാരം ചെയ്യരുത്' എന്ന കല്‍പ്പന ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍, ഇരട്ടത്താപ്പും കാപട്യവുമുള്ള ഒരു സ്‌നേഹത്തില്‍ ജീവിക്കുകയാണെങ്കില്‍ 'വ്യഭിചാരം ചെയ്യരുത്' എന്ന നിയമം പൂര്‍ണതയില്ലാത്തതോ അല്ലെങ്കില്‍ കാപട്യം കലര്‍ന്നതോ ആയി മാറുന്നു.

'കള്ള സത്യം ചെയ്യരുത്' എന്ന് തിരുവെഴുത്ത് പറയുന്നു, എന്നാല്‍ അതിനുശേഷം നിങ്ങള്‍ കാപട്യത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഈ വചനത്തിന് പൂര്‍ത്തീകരണം ലഭിക്കുന്നില്ല.

ദൈവത്തിന്റെ ദാനങ്ങള്‍ക്ക് പകരമായി ഒരുവന്‍ കാഴ്ച സമര്‍പ്പിക്കുന്നു. ഇവിടെ ദൈവമാണ് നമ്മെ ആദ്യം സൗജന്യമായി സ്‌നേഹിക്കുന്നതെന്നു കാണാം. നമുക്ക് യോഗ്യതയില്ലെങ്കിലും അവിടുന്ന് നമ്മുടെ നേര്‍ക്ക് ആദ്യ ചുവടു വെയ്ക്കുന്നു. അപ്പോള്‍, നാം എന്താണു ചെയ്യേണ്ടത്? നമ്മെ മുറിപ്പെടുത്തിയവരുമായി അനുരഞ്ജനത്തിനുള്ള ആദ്യ ചുവടു വയ്ക്കാതെ നമുക്ക് അവിടുത്തെ സ്‌നേഹം ആഘോഷിക്കാന്‍ കഴിയില്ല. അതായത് ആദ്യം ആ സഹോദരനുമായി അനുരഞ്ജനപ്പെടണം. ഇങ്ങനെ മാത്രമേ ദൈവത്തിന്റെ ദൃഷ്ടിയില്‍ പൂര്‍ത്തീകരണമുണ്ടാകൂ. അല്ലാത്തപക്ഷം ബാഹ്യമായ ആചരണം എന്ന നിലയില്‍ നമ്മുടെ പ്രവൃത്തി അര്‍ത്ഥശൂന്യമായി മാറുന്നു.

ദൈവം നമുക്ക് നല്‍കിയ കല്‍പ്പനകള്‍ ബാഹ്യ ആചരണത്തിന്റെ ശ്വാസംമുട്ടിക്കുന്ന പേടകങ്ങളില്‍ പൂട്ടിവയ്ക്കാനുള്ളതല്ല. ഇത് കാലാതീതമായ ഒരു വിഷയമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുന്നു. വിശ്വാസം ഒരു ഔപചാരികമായ ആചരണമല്ല. നാം ഏറ്റവും ചുരുങ്ങിയത് കൊണ്ട് തൃപ്തിപ്പെടുമ്പോള്‍ പരമാവധി പൂര്‍ത്തീകരണത്തിനായി യേശു നമ്മെ ക്ഷണിക്കുന്നു'.

അതായത് കണക്കുകൂട്ടലുകളും പട്ടികകളും ഉപയോഗിച്ച് ദൈവം നമ്മെ വിധിക്കുന്നില്ല. പകരം നമ്മെ ആകര്‍ഷിക്കുന്ന ഒരു വ്യക്തിയായി അവിടുന്ന് സ്‌നേഹിക്കുന്നു. അത് ചുരുങ്ങിയ തോതിലല്ല, മറിച്ച് അളവില്ലാത്ത വിധം, പരമാവധിയായി അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു.

യഥാര്‍ത്ഥ സ്‌നേഹം എന്നത് ഒരിക്കലും ഒരു നിശ്ചിത ബിന്ദുവില്‍ അവസാനിക്കുന്നില്ല. ആ സ്‌നേഹം എപ്പോഴും അതിനപ്പുറം കടക്കുന്നു.

നമുക്കായി കുരിശില്‍ ജീവന്‍ ത്യജിച്ചും തന്റെ കൊലയാളികളോട് ക്ഷമിച്ചും കര്‍ത്താവ് ഇത് നമുക്ക് കാണിച്ചുതരുന്നു. അവിടുന്ന് നമ്മെ സ്‌നേഹിച്ചതുപോലെ നാം പരസ്പരം സ്‌നേഹിക്കണം. ഇതാണ് നിയമത്തെയും വിശ്വാസത്തെയും യഥാര്‍ത്ഥ ജീവിതത്തെയും പൂര്‍ത്തീകരിക്കുന്ന സ്‌നേഹം!

നമുക്ക് സ്വയം ചോദിക്കാം, മാര്‍പ്പാപ്പ തുടര്‍ന്നു. 'ഞാന്‍ എങ്ങനെയാണ് എന്റെ വിശ്വാസത്തില്‍ ജീവിക്കുന്നത്? ഒരു ദ്രോഹവും ചെയ്യാതിരിക്കുക, 'മുഖം' രക്ഷിക്കുക എന്നതില്‍ മാത്രം ഞാന്‍ തൃപ്തിയടയുകയാണോ, അതോ ദൈവത്തോടും മറ്റുള്ളവരോടും ഉള്ള സ്‌നേഹത്തില്‍ വളരാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടോ?

ഇടയ്ക്കിടെ ഞാന്‍ യേശുവിന്റെ മഹത്തായ കല്‍പ്പനകളെക്കുറിച്ച് ആത്മശോധന ചെയ്യുകയും കര്‍ത്താവ് എന്നെ സ്‌നേഹിക്കുന്നതുപോലെ ഞാന്‍ എന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കുകയും ചെയ്യുന്നുണ്ടോ ? എന്തെന്നാല്‍, മറ്റുള്ളവരെ വിധിക്കുന്നവരായിരിക്കാം നാം. ദൈവം നമ്മോടു പ്രകടിപ്പിക്കുന്നതു പോലെ, മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കാന്‍ നാം മറന്നുപോയേക്കാം.

ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനായി പ്രാര്‍ത്ഥന

സന്ദേശം ഉപസംഹരിച്ച ശേഷം നിക്കരാഗ്വേയെ പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളില്‍ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥിച്ചു. ഡാനിയല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യം ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ 26 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാപ്പാ നിക്കരാഗ്വേയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്.

'നിക്കരാഗ്വേയില്‍ നിന്നുള്ള വാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. മതഗല്‍പ്പയിലെ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ ആശങ്കയോടെ ഓര്‍ക്കാതെ വയ്യ' - പാപ്പാ പറഞ്ഞു. അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട 222 നിക്കരാഗ്വന്‍ രാഷ്ട്രീയ തടവുകാര്‍ക്കും ആ രാഷ്ട്രത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും താന്‍ പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

'സത്യം, നീതി, സ്വാതന്ത്ര്യം, സ്‌നേഹം എന്നിവയില്‍ അധിഷ്ഠിതമായതും ക്ഷമയിലൂടെ നേടിയെടുക്കുന്നതുമായ സമാധാനത്തിനായുള്ള ആത്മാര്‍ത്ഥമായ അന്വേഷണത്തിനായി രാഷ്ട്രീയ നേതാക്കന്മാരുടെയും എല്ലാ പൗരന്മാരുടെയും ഹൃദയങ്ങള്‍ തുറക്കാന്‍ ഞങ്ങള്‍ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയിലൂടെ കര്‍ത്താവിനോട് അപേക്ഷിക്കുന്നു' - പാപ്പാ പ്രാര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.