മിഷിഗൺ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചിൽ തുടരുന്നു

മിഷിഗൺ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചിൽ തുടരുന്നു

വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ മിഷിഗണിലെ സംസ്ഥാന സർവകലാശാലാ ക്യാംപസിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ക്യാംപസിൽ രണ്ടിടത്ത് വെടിവെയ്പ്പുണ്ടായതാണ് റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്രമിക്കായി തിരച്ചിൽ ആരംഭിച്ചു. ഇയാൾ മാസ്ക് ധരിച്ചെത്തിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്സാക്ഷികൾ വിശദീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

വെടിവയ്പ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ആദ്യ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെടിവയ്പ് നടത്തിയതിന് ശേഷം എംഎസ്‌യു യൂണിയന്‍ കെട്ടിടത്തില്‍ നിന്ന് ഇയാൾ പുറത്തേക്ക് പോകുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. കറുത്ത, ഉയരം കുറഞ്ഞ ഒരു പുരുഷനാണ് പ്രതി. ഇയാൾക്ക് 43 വയസ് പ്രായം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.


പോലീസ് പുറത്ത് വിട്ട പ്രതിയുടെ ചിത്രം

പ്രദേശിക സമയം തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് ക്യാമ്പസിലെ ബെര്‍ക്കി ഹാളിന് സമീപം ആദ്യ വെടിവയ്പുണ്ടായത്. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഐഎം ഈസ്റ്റ് ജിമ്മില്‍ അടുത്ത വെടിവയ്പ് നടന്നതെന്നും പോലീസ് അറിയിച്ചു. വെടിവെയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ലാൻസിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ക്യാമ്പസിന്റെ വടക്ക് വശത്തുള്ള ബെർക്കി ഹാളിലും തൊട്ടടുത്തുള്ള മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കെട്ടിടത്തിലുമാണ് കൊല്ലപ്പെട്ടവരെ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം അക്രമിയുടെ ഉദ്ദേശം എന്തായിരുന്നു എന്നത് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

ആക്രമണത്തെ തുടർന്ന് മിഷിഗണ്‍ സർവകലാശാലയുടെ പ്രവര്‍ത്തനം 48 മണിക്കൂര്‍ നിര്‍ത്തിവച്ചതായി ക്യാമ്പസ് പോലീസ് ട്വീറ്റ് ചെയ്തു. സർവകലാശാലയിൽ 5,000 ലധികം വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംഭവം ഹൃദയഭേദകവും ഭീതിനിറയ്ക്കുന്നതാണെന്നും അമേരിക്കയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഭീകരത അനുവദിക്കാനിവില്ലെന്നും മിഷിഗണ്‍ സ്റ്റേറ്റ് സെക്രട്ടറി ജോസെലിന്‍ ബെന്‍സണ്‍ പറഞ്ഞു. ഡെട്രോയിറ്റിന്റെ വടക്ക്-പടിഞ്ഞാറ് 70 മൈൽ (112 കിലോമീറ്റർ) അകലെയാണ് ഈസ്റ്റ് ലാൻസിങ് സ്ഥിതി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.