റീ റീലീസിലും പ്രേക്ഷക ഹൃദയം കീഴടക്കി ആട് തോമ; സ്ഫടികം വീണ്ടും തീയേറ്ററിലെത്തിയത് ഫോര്‍ കെ സാങ്കേതിക വിദ്യയില്‍

റീ റീലീസിലും പ്രേക്ഷക ഹൃദയം കീഴടക്കി ആട് തോമ; സ്ഫടികം വീണ്ടും തീയേറ്ററിലെത്തിയത് ഫോര്‍ കെ സാങ്കേതിക വിദ്യയില്‍

അഞ്ച് വിളക്കിന്റെ നാടായ ചങ്ങനാശേരിയിലും പരിസരങ്ങളിലും ചിത്രീകരണം നടത്തിയ മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയില്‍ ഇടം നേടിയ സ്ഫടികം വീണ്ടും തീയേറ്ററില്‍. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ ഔദാര്യങ്ങളും പ്രയോജനപ്പെടുത്തി ഫോര്‍ കെ ഫോര്‍മാറ്റിലാണ് ഭദ്രന്‍ ചിത്രമായ സ്ഫടികം തീയേറ്ററിലെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ ഏകദേശം 40 രാജ്യങ്ങളില്‍ വിജയകമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തെ കുറിച്ച് യുവാക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

മലയാളത്തിന് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഭദ്രന്‍ 1995 ല്‍ മോഹന്‍ലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് സ്ഫടികം. ഫെബ്രുവരി ഒന്‍തിനാണ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനം തുടങ്ങിയത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളിലൊന്നായ സ്ഫടികം 4 കെ ഫോര്‍മാറ്റിലാണ് വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. പുനര്‍നിര്‍മിച്ച പതിപ്പില്‍ ചില പുതിയ രംഗങ്ങളുണ്ട്. പഴയ പതിപ്പിനെ അപേക്ഷിച്ച് പുതിയ പതിപ്പില്‍ എട്ടര മിനിറ്റ് കൂടുതലുണ്ട്. ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ പാടി ആടി തിമിര്‍ത്ത ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹന്‍ലാല്‍ വീണ്ടും പാടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിങ് ആണ് നടത്തിയിരിക്കുന്നതെന്നാണ് സംവിധായകന്‍ ഭദ്രന്‍ അവകാശപ്പെടുന്നത്. തിയേറ്റര്‍ അനുഭവം ലഭിക്കേണ്ടുന്ന സിനിമ ആയതിനാല്‍ തന്നെ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി. ടി, സാറ്റലൈറ്റ് റിലീസ്ഉണ്ടാവുമെന്നും ഭദ്രന്‍ അറിയിച്ചു.

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. ലാലിനൊപ്പം സ്ഫടികത്തെ അനശ്വരമാക്കാന്‍ സഹായിച്ച തിലകന്‍, സില്‍ക്ക് സ്മിത, രാജന്‍ പി. ദേവ്, കെ.പി.എ.സി. ലളിത, നെടുമുടി വേണു, കരമന ജനാര്‍ദ്ദനന്‍ നായര്‍, എന്‍.എഫ് വര്‍ഗീസ് തുടങ്ങിയ വലിയ താരനിര ഇന്ന് ജീവിച്ചിരിപ്പില്ല. താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ ഭദ്രന്‍ പറയുന്നത്.

ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിച്ചിരുന്ന അച്ചനും, കൊമ്പന്‍ മീശ പിരിച്ച് റെയ്ബാന്‍ ഗ്ലാസും വച്ച് തിന്മയ്ക്കെതിരെ പോരാടിയ തോമാച്ചനുമൊക്കെ ഇന്നും മലയാളി മനസുകളില്‍ ജ്വലിച്ച് നില്‍ക്കുന്നു. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഫടികം കണ്ടിറങ്ങിയ ഒരു ചങ്ങനാശേരിക്കാരന്‍ പറഞ്ഞത്.. ആട് തോമയും ചാക്കോ മാഷും ശരിക്കും ഈ നാട്ടില്‍ പല സ്ഥലങ്ങളിലും ജീവിക്കുന്ന കഥാപാത്രങ്ങളാണ് എന്നാണ്.

മോഹന്‍ലാല്‍ ആടുതോമയായും തിലകന്‍ ചാക്കോ മാഷായും അഭ്രപാളികളില്‍ ജീവിച്ച സ്ഫടികം മലയാള സിനിമയിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. അധ്യാപകനായ അച്ഛനും അച്ഛന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ പ്രയാസപ്പെടുന്ന മകനുമായി തിലകനും മോഹന്‍ലാലും അഭിനയിച്ചു അനശ്വരമാക്കിയ ചിത്രം.

40 വര്‍ഷത്തിലധികമായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി പ്രവര്‍ത്തിച്ച ഭദ്രന്‍ മാട്ടേല്‍ ധാരാളം സൂപ്പര്‍ ഹിറ്റ് പടങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. സ്ഫടികം കൂടാതെ അയ്യര്‍ ദി ഗ്രെറ്റ്, ഉടയോന്‍, വെള്ളിത്തിര, ഒളിമ്പ്യന്‍ അന്തോണി ആദം, അങ്കിള്‍ ബണ്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളാണ്.

1952-ല്‍ കോട്ടയം ജില്ലയിലെ പാലായില്‍ മാട്ടേല്‍ രാജന്‍കുട്ടി മാട്ടേലിന്റെയും ത്രേസ്യാമ്മയുടെയും മൂത്ത മകനായി ജനിച്ച ഭദ്രന്‍ പാലാ സെന്റ് തോമസ് സ്‌കൂള്‍, ഡോണ്‍ സ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഹരിഹരന്‍ സംവിധാനംചെയ്ത രാജഹംസം എന്ന ചലച്ചിത്രത്തില്‍ സംവിധാന സഹായിയായിട്ടാണ് ചലചിത്ര പ്രവേശം. 1982 ല്‍ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.