സിഡ്നി: ന്യൂ സൗത്ത് വെയില്‍സിന്റെ ആരോഗ്യ സേവന മേഖലയില്‍ കത്തോലിക്ക സഭ നല്‍കുന്ന സംഭാവനകള്‍ക്ക് നന്ദി അറിയിച്ച് പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ്. കഴിഞ്ഞ ദിവസം ആചരിച്ച ലോക രോഗീ ദിനത്തോടനുബന്ധിച്ച്, കാത്തലിക് ഹെല്‍ത്ത് ഓസ്‌ട്രേലിയയുടെ കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകമായി അയച്ച വീഡിയോ സന്ദേശത്തിലാണ് പ്രീമിയര്‍ ആശംസയും നന്ദിയും അറിയിച്ചത്. പ്രീമിയറുടെ വാക്കുകള്‍:
'ലോക രോഗീ ദിനത്തില്‍ നമുക്കു സ്വയം ചോദിക്കാം, രോഗികളും ദുര്‍ബലരും പലവിധ പ്രയാസങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്കും നാം ശരിയായ പരിചരണം നല്‍കുന്നുണ്ടോ? ഒരു സമൂഹമെന്ന നിലയില്‍ ഈ ചോദ്യം അവനവന്റെ വിശ്വാസമോ മതചിന്തകളോ പരിഗണിക്കാതെ പ്രസക്തമാണ്. എല്ലാവര്‍ക്കും ജീവിതത്തില്‍ അസുഖം അനുഭവപ്പെടും. രോഗിയായ ഒരാളെ എല്ലാവരും സ്നേഹിക്കണം'.
ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ രോഗീ പരിചരണം തുടര്‍ച്ചയായി മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഡൊമിനിക് പെറോട്ടേറ്റ് വാഗ്ദാനം ചെയ്തു. ഒരു സമൂഹമെന്ന നിലയില്‍ നാം ദയയും അനുകമ്പയും ഉള്ളവരായിരിക്കണം. പരസ്പരം പിന്തുണയ്ക്കാനുള്ള വഴികള്‍ തേടേണ്ടത് പ്രധാനമാണെന്നും പ്രീമിയര്‍ ഓര്‍മിപ്പിച്ചു.
'മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാത്തലിക് ഹെല്‍ത്ത് ഓസ്‌ട്രേലിയയിലെ എല്ലാ ജീവനക്കാര്‍ക്കും ഞാന്‍ നന്ദി അര്‍പ്പിക്കുന്നു. നിങ്ങളുടെ ജോലിയില്‍ എല്ലാവിധ ആശംസകളും നേരുന്നു' - ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പ്രീമിയര്‍ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശം പൂര്‍ത്തിയാക്കി.
ലൂര്‍ദ്ദ് മാതാവിന്റെ തിരുന്നാള്‍ ദിനമായ ഫെബ്രുവരി 11 നാണ് കത്തോലിക്ക സഭ ലോക രോഗീ ദിനം ആചരിച്ചത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാം മാര്‍പ്പാപ്പാ 1992 മെയ് 13-നാണ് ആഗോള സഭാതലത്തില്‍ ലോക രോഗീ ദിനാചരണം ഏര്‍പ്പെടുത്തിയത്. രോഗികളെയും അവരെ പരിപാലിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേകമായി ഓര്‍ക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനുമുള്ള അവസരമായിരുന്നു ഈ ദിനം.
പ്രീമിയറുടെ ഉഷ്മളമായ സന്ദേശത്തിന് കാത്തലിക് ഹെല്‍ത്ത് ഓസ്‌ട്രേലിയ സി.ഇ.ഒ പാറ്റ് ഗാര്‍ഷ്യ നന്ദി പറഞ്ഞു. കഠിനാധ്വാനികളും അര്‍പ്പണബോധവുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അര്‍പ്പിച്ചുള്ള പ്രീമിയറുടെ സന്ദേശത്തിന് നന്ദിയും സ്നേഹവും അര്‍പ്പിക്കുന്നു - പാറ്റ് ഗാര്‍ഷ്യ പറഞ്ഞു.
അനുകമ്പയോടെയും തുല്യതയോടെയുമുള്ള ആരോഗ്യ, വയോജന പരിചരണ സംവിധാനത്തിനായി ഒരു സംഘടന എന്ന നിലയില്‍ വാദിക്കുന്നത് ഞങ്ങള്‍ തുടരും. രോഗികളെയും ദുര്‍ബലരെയും പരിചരിക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന വിലപ്പെട്ട സേവനങ്ങള്‍ പ്രതിഫലിപ്പിക്കാനും ഓര്‍മ്മിക്കാനും ലോക രോഗീ ദിനം വിനിയോഗിക്കണമെന്നും പാറ്റ് ഗാര്‍ഷ്യ അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26