നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതില്‍ മൂന്നു പേരുടെ വിസ്താരം പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു.

നാലു പേരെയാണ് കേസില്‍ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോകാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീര്‍ക്കാനാവും. വിചാരണ നീട്ടാനാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന പ്രതി ദിലീപിന്റെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അനാവശ്യ ക്രോസ് വിസ്താരം നടത്തി പ്രതിഭാഗമാണ് വിചാരണ ദീര്‍ഘിപ്പിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

അതേസമയം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സാവകാശം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, വിചാരണ എന്നു പൂര്‍ത്തിയാവും എന്ന് അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൂടാതെ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ വ്യാജ കാരണങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടുന്നതെന്നു ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. തെളിവുകളുടെ വിടവ് നികത്താനാണ് ഇതെന്നും ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നതിനെയും ദിലീപ് സത്യവാങ്മൂലത്തില്‍ എതിര്‍ക്കുന്നുണ്ട്. ഇത് വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നാണ് ദിലീപിന്റെ ആരോപണം. 24 പേജുള്ള സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.