വില ഉയരുന്നു; റബർ കര്‍ഷകരുടെ ശുക്രന്‍ തെളിയുന്നു

വില ഉയരുന്നു; റബർ കര്‍ഷകരുടെ ശുക്രന്‍ തെളിയുന്നു

കൊച്ചി: കണ്ണീരിന്റെ നനവുള്ള റബര്‍ കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ ഹരിതാഭമാക്കി റബര്‍ വില ഉയരുന്നു. കഴിഞ്ഞ  ആറു വര്‍ഷത്തെ ഏറ്റവും മികച്ച വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബറിന് കോട്ടയം മാര്‍ക്കറ്റില്‍ 163 രൂപ ലഭിച്ചു. ഇതിന് മുമ്പ് 2014 ജനുവരി ഒന്നിനാണ് റബറിന് ഇതേ വില രേഖപ്പെടുത്തിയത്.

ബാങ്കോക്ക് വിപണിയില്‍ റബര്‍ വില 179 രൂപയിലെത്തി. വരും ദിവസങ്ങളില്‍ രാജ്യാന്തര വില വീണ്ടും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ ലഭ്യമാകുന്ന സൂചന പ്രകാരം റബര്‍ പഴയ പ്രതാപത്തിലേക്ക് തിരികെ പോകാനാണ് സാധ്യതയെന്ന് പാലായിലെ ഒരു മുതിര്‍ന്ന റബര്‍ കര്‍ഷകന്‍ സീ ന്യൂസ് ലൈവിനോട് പറഞ്ഞു. 2011 ഏപ്രില്‍ അഞ്ചിന് കോട്ടയം മാര്‍ക്കറ്റില്‍ ലഭിച്ച കിലോയ്ക്ക് 243 രൂപയാണ് റബര്‍ വിലയിലെ സര്‍വകാല റെക്കോര്‍ഡ്.  കഴിഞ്ഞ 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 2016 ഫെബ്രുവരി എട്ടിനാണ്. 91 രൂപയിലേക്കാണ് അന്ന് വില ഇടിഞ്ഞത്.

കഴിഞ്ഞ എട്ട് വര്‍ഷമായി കേരളത്തിലെ റബര്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റബര്‍ വില ക്രമാതീതമായി കുറഞ്ഞതോടെ നിരവധി കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിച്ച് മറ്റ് മാര്‍ഗങ്ങള്‍ തേടിയതാണ് കാരണം. ടാപ്പിങ് കൂലിയും മറ്റ് അനുബന്ധ ചിലവുകളും വര്‍ദ്ധിച്ചതോടെ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച താങ്ങു വില അടക്കമുള്ള ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ട വിധം ഉപയോഗപ്പെട്ടതുമില്ല. എന്തായാലും വരും ദിവസങ്ങളില്‍ റബര്‍ കര്‍ഷകരുടെ ശുക്രന്‍ തെളിയാനുള്ള സാധ്യതയേറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.