നിക്കരാഗ്വയില്‍ ഭരണകൂടം നാടുകടത്തിയ വൈദികരെ സ്വീകരിച്ച് മിയാമി അതിരൂപത; ബിഷപ്പ് അല്‍വാരസിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം

നിക്കരാഗ്വയില്‍ ഭരണകൂടം നാടുകടത്തിയ വൈദികരെ സ്വീകരിച്ച് മിയാമി അതിരൂപത; ബിഷപ്പ് അല്‍വാരസിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം

ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്‌കി

മിയാമി: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം നാടുകടത്തിയ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും ഇരു കൈകളും നീട്ടി സ്വീകരിച്ച് അമേരിക്കയിലെ മിയാമി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്‌കി. അമേരിക്കയില്‍ താമസിക്കുന്ന നിക്കരാഗ്വന്‍ കുടുംബങ്ങള്‍ നാടു കടത്തപ്പെട്ടവരെ സ്വീകരിക്കുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് മിയാമിയിലെ സെന്റ് ജോണ്‍ വിയാനി കോളജ് സെമിനാരിയില്‍ സ്ഥിരമായി താമസിക്കാന്‍ അവരെ ക്ഷണിക്കുകയായിരുന്നുവെന്ന് രൂപതാധ്യക്ഷന്‍ പറഞ്ഞു.

വൈദികര്‍ക്ക് അവരുടെ ഇമിഗ്രേഷന്‍ പേപ്പര്‍ വര്‍ക്ക് അന്തിമമാക്കുമ്പോഴേക്കും ഇംഗ്ലീഷ് ക്ലാസുകള്‍ എടുക്കാന്‍ ആരംഭിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

എല്ലാവരും അതിരൂപതയില്‍ തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും, സ്പാനിഷ് സംസാരിക്കുന്ന വൈദികരെ ആവശ്യമുണ്ടെന്ന് ഏതാനും ബിഷപ്പുമാര്‍ അറിയിച്ചിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്‌കി പറഞ്ഞു.

നിക്കരാഗ്വന്‍ സ്വേച്ഛാധിപതി ഡാനിയേല്‍ ഒര്‍ട്ടേഗയുടെ പ്രേരണയാല്‍ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തുകയും പൗരത്വം എന്നെന്നേക്കുമായി റദ്ദാക്കുകയും നാടുകടത്തുകയും ചെയ്ത വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും ഫെബ്രുവരി ഒന്‍പതിനാണ് വാഷിംഗ്ടണ്‍ ഡി.സി.യില്‍ എത്തിയത്. ഒര്‍ട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും ഭരണകൂടം നാടുകടത്തിയ 222 രാഷ്ട്രീയ തടവുകാരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.

അമേരിക്കയിലെത്തിയ വൈദികര്‍ മേരിലാന്‍ഡിലെ ഹയാറ്റ്സ്വില്ലിലുള്ള സെന്റ് മാര്‍ക്ക് ദി ഇവാഞ്ചലിസ്റ്റ് ഇടവകയില്‍ കൃതജ്ഞതാ ബലിയര്‍പ്പണം നടത്തി. കുര്‍ബാനയ്ക്കിടെ അവര്‍ നിക്കരാഗ്വയിലെ കുടുംബങ്ങള്‍ക്കും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് 26 വര്‍ഷം തടവിന് ശിക്ഷിച്ച മതാഗല്‍പ്പയിലെ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനും വേണ്ടി പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചു.

വൈദികരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നാടകടത്തപ്പെട്ട 222 പേര്‍ക്കൊപ്പം വിമാനത്തില്‍ കയറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് 56 വയസുകാരനായ ബിഷപ്പ് അല്‍വാരസിന് നിക്കരാഗ്വ കോടതി തടവുശിക്ഷ വിധിച്ചത്.

കഠിനമായ സാഹചര്യത്തിലും സുവിശേഷം പ്രഘോഷിക്കുന്നത് തുടരാന്‍ കര്‍ത്താവ് ബിഷപ്പ് അല്‍വാരസിന് ശക്തിയും ധൈര്യവും നല്‍കുന്നതായി ഫാദര്‍ റെയ്‌നാല്‍ഡോ ടിജെറിനോ ഷാവേസ് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍, പരിവര്‍ത്തനം ആവശ്യമുള്ള ചില ഹൃദയങ്ങളെ തിന്മ ഏറ്റെടുത്തു, നാം ആ ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം, അപലപിക്കാനല്ല ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ സേച്ഛാധിപത്യ ഭരണകൂടം അന്യായമായി ജയിലില്‍ അടച്ച ബിഷപ് അല്‍വാരസിന്റെ മോചനത്തിനായി അമേരിക്കന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യുഎസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം ആവശ്യപ്പെട്ടു. നിക്കരാഗ്വയില്‍ മതസ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ബിഷപ്പിന് 26 വര്‍ഷത്തെ ജയില്‍വാസം വിധിച്ച നടപടി അംഗീകരിക്കാവുന്നതല്ല. ഇദ്ദേഹത്തിന്റെ മോചനത്തിനായി അമേരിക്കന്‍ സര്‍ക്കാര്‍ നിക്കരാഗ്വയിലെ ഗവണ്‍മെന്റിനോട് ആവശ്യപ്പെടണം.

നിക്കരാഗ്വ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്നു ബിഷപ് അല്‍വാരസ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയെ ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ ഫ്രാന്‍സിസ് പാപ്പ ബിഷപ് അല്‍വാരസിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. 

മിയാമിയില്‍ പ്രവാസത്തില്‍ കഴിയുന്ന നിക്കരാഗ്വന്‍ ബിഷപ്പ് സില്‍വിയോ ജോസ് ബെയ്സും ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26