മെൽബൺ: ഓസ്‌ട്രേലിയയിൽ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം റോഡ് അപകടങ്ങളേക്കാൾ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുവെന്ന് പഠനം. മെൽബൺ യൂണിവേഴ്‌സിറ്റിയുടെ പുതിയ ഗവേഷണം പ്രകാരം രാജ്യത്തെ 11,000 ത്തിലധികം ആളുകൾ ഓരോ വർഷവും വാഹന മലിനീകരണം മൂലം അകാലത്തിൽ മരിക്കുന്നുണ്ട്.
വാഹന മലിനീകരണം 19,000 ത്തിലധികം ആളുകളിൽ ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കരണമാകുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. മാത്രമല്ല ആസ്മ കേസുകൾ ഓരോ വർഷവും 66,000 ആയി വർദ്ധിച്ചു. 11,105 പേർ വാഹന മലിനീകരണം മൂലം വർഷം തോറും അകാലത്തിൽ മരിക്കുന്നു. ഇത് മുൻകാലങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും മെൽബൺ സർവകലാശാലയിൽ നിന്നുള്ള റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
കാലാവസ്ഥാ-ഗതാഗത വിദഗ്ധർ കണ്ടെത്തലുകളെ ഞെട്ടിപ്പിക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ പഠനഫലത്തിൽ ആശ്ചര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു. കൂടുതൽ സജീവവും സീറോ എമിഷൻ രീതികളും പ്രോത്സാഹിപ്പിക്കുന്നതിന് അടിയന്തിര നയ മാറ്റങ്ങൾ വിദഗ്ധർ ആവശ്യപ്പെടുകയും ചെയ്തു.
സർവ്വകലാശാലയുടെ മെൽബൺ ക്ലൈമറ്റ് ഫ്യൂച്ചേഴ്സ് ഗ്രൂപ്പ് മോട്ടോർ വാഹന മലിനീകരണത്തിന്റെ ആഘാതം കണക്കാക്കാൻ ന്യൂസിലാൻഡിൽ വികസിപ്പിച്ചെടുത്ത ഒരു പിയർ-റിവ്യൂഡ് ഫോർമുല ഉപയോഗിച്ചാണ് പഠനം നടത്തിയത്. നിരീക്ഷങ്ങളിൽ നിന്നും വാഹന മലിനീകരണത്തിന്റെ അളവ് മുൻകാല കണക്കുകളേക്കാൾ "വ്യാപ്തി കൂടുതൽ" ആണെന്ന് കണ്ടെത്തി.
വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം പ്രതിവർഷം 11,105 അകാല മരണങ്ങൾക്ക് കാരണമാകുന്നു. കൂടാതെ 12,210 പേരിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും 6,840 പേരിൽ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്തിയെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം 2022 ൽ 1,187 പേരാണ് റോഡപകടങ്ങളിൽ മരിച്ചത് എന്നതും ശ്രദ്ധേയമാകുന്നു.
നൈട്രജൻ ഡയോക്‌സൈഡിന്റെ ഉത്പാദനവും ചെറിയ കറുത്ത കാർബൺ കണങ്ങളും ശ്വസിക്കുകയും അവ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതാണ് കാറുകളിൽ നിന്നുള്ള മലിനീകരണത്തിൽ ഗുരുതരം. കൂടാതെ പഠനത്തിൽ കുട്ടികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും അപകടസാധ്യതയുള്ളതായും കണ്ടെത്തി.
വാഹന മലിനീകരണം ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യത്തിൽ ചെലുത്തുന്ന ആഘാതത്തിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് പഠനം തെളിയിച്ചതായി സഹ-ലേഖകനായ ഡോ കെൽവിൻ സേ പറഞ്ഞു.
റോഡ് അപകട നിരക്കിനെക്കുറിച്ച് അവബോധം വളർത്തുന്നതിന് സർക്കാരുകൾ ധാരാളം പണം ചെലവഴിക്കുന്നു. പക്ഷേ റോഡ് മലിനീകരണ തോതിന്റെ ഔദ്യോഗിക കണക്കുകൾ പോലും ശേഖരിക്കുന്നില്ല. ഈ മനോഭാവം മാറേണ്ടതുണ്ടെന്നും ഡോ. സേ വ്യക്തമാക്കി.
ഫെഡറൽ ഗവൺമെന്റ് 2030 ൽ 3.8 മില്ല്യൺ ഇലക്ട്രിക് വാഹനങ്ങൾ ലക്ഷ്യമിടുന്നു. പുതിയ കാർ രജിസ്ട്രേഷനുകളിൽ 90 ശതമാനവും ഇലക്ട്രിക് വാഹനങ്ങളും ആയതിനാൽ, ഓസ്‌ട്രേലിയയിലെ ആരോഗ്യ ചെലവുകൾക്ക് കാര്യമായതും ഗുണപരവുമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ഡോ. സേ വിശദീകരിച്ചു.
മലിനീകരണങ്ങൾ കുറയ്ക്കുന്നതിനും വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റ് ഗുണനിലവാരം പരിശോധിക്കുന്നതിനും മലിനീകരണ കാരണങ്ങൾ അന്വേഷിക്കുന്നതിനും കൂടുതൽ സജീവമായ പ്രവർത്തങ്ങൾ വേണം. മാത്രമല്ല പുതിയ വാഹന, ഇന്ധന മാനദണ്ഡങ്ങൾ അവതരിപ്പിക്കാൻ ഫെഡറൽ ഗവൺമെന്റിനോട് പഠനം ശുപാർശ ചെയ്യുന്നുണ്ട്.
ആസ്മ ഓസ്‌ട്രേലിയ, കാലാവസ്ഥാ ആരോഗ്യ സഖ്യം, ഓസ്‌ട്രേലിയൻ ക്രോണിക് ഡിസീസ് പ്രിവൻഷൻ അലയൻസ് എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകൾ ഈ ശുപാർശകൾ അംഗീകരിച്ചു.
മലിനീകരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ വാഹന മലിനീകരണത്തെക്കുറിച്ച് അവബോധം വളർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പരിസ്ഥിതി വക്താവ് ഡോ.വിക്കി കോട്സിരിലോസ് പറഞ്ഞു.
ആസ്തമ അല്ലെങ്കിൽ ആവർത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രോഗികൾ എത്രമാത്രം വായു മലിനീകരണത്തിന് വിധേയരാണെന്ന് നാം മനസിലാക്കേണ്ടതുണ്ടെന്ന് ഡോ.കോട്സിരിലോസ് പറഞ്ഞു.
സ്കൂളുകൾ, ഷോപ്പിംഗ് സെന്ററുകൾ, ചൈൽഡ് കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം മൂലം കുട്ടികൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവേഷണത്തിന്റെ ഫലങ്ങൾ ഞെട്ടിക്കുന്നതെന്ന് കാലാവസ്ഥാ കൗൺസിൽ അഡ്വക്കസി ഹെഡ് ഡോ. ജെന്നിഫർ റെയ്‌നർ പറയുന്നു.
ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഓസ്‌ട്രേലിയക്കാരെ കൂടുതൽ നടക്കാനും സൈക്കിൾ ഓടിക്കാനും പൊതുഗതാഗതം സ്വീകരിക്കാനും സർക്കാരുകൾ പ്രോത്സാഹിപ്പിക്കണമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.