തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലെ വ്യാപക ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്തിയ തുടര്‍ പരിശോധനയിലും വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തി.
തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ സ്വദേശിയായ ഒരാള്‍ക്ക് അപ്പെന്‍ഡിസൈറ്റിസ് രോഗത്തിന് ഒരു ദിവസം മാത്രം ചികിത്സ തേടിയ രേഖയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗ ചികിത്സയ്ക്കുള്ള ധനസഹായം നേടിയിട്ടുണ്ട്. തിരുവനന്തപുരം കരോട് സ്വദേശിയായ ഒരാള്‍ മുഖേന നെയ്യാറ്റിന്‍കര താലൂക്കിലെ ഇരുപതില്‍ അധികം പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ലഭിച്ചു.
കൊല്ലം കരുനാഗപ്പള്ളി താലൂക്കില്‍ നടത്തിയ പരിശോധനയില്‍ 18 അപേക്ഷകളില്‍ 13 എണ്ണത്തിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത് കരുനാഗപ്പള്ളി നെഞ്ച് ആശുപത്രിയിലെ ഡോക്ടറാണ്. ഇതില്‍ ആറ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു വീട്ടിലെ അംഗങ്ങള്‍ക്കും രണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റൊരു വീട്ടിലെ അംഗങ്ങള്‍ക്കുണ്.
പത്തനംതിട്ട കോഴഞ്ചേരി താലൂക്കില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്. ചിലര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് രണ്ടുവര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പേ വീണ്ടും ധനസഹായം നല്‍കി. ഏനാദിമംഗലം വില്ലേജില്‍ 61 അപേക്ഷകളില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ തന്നെ രേഖപ്പെടുത്തിയതായും വിജിലന്‍സ് കണ്ടെത്തി.
വര്‍ക്കല താലൂക്ക് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ആറ് അപേക്ഷകള്‍ അയച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ ഒരു ആയുര്‍വ്വേദ ഡോക്ടര്‍ 54 സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലും ക്രമക്കേട് കണ്ടെത്തി.
കൊല്ലം കല്ലടയില്‍ ഒരു കേടുമില്ലാത്ത വീട് പുതുക്കി പണിയാന്‍ നാല് ലക്ഷം രൂപയാണ് നല്‍കിയത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിലും പരിശോധനകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
അനര്‍ഹര്‍ക്ക് ധനസഹായം ലഭിക്കാന്‍ ഇടയായ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇനിയും അനര്‍ഹര്‍ക്ക് സഹായം ലഭിക്കുന്നത് ഒഴിവാക്കാന്‍ ഓരോ ആറ് മാസം കൂടുമ്പോഴും ഓഡിറ്റ് നടത്താന്‍ ആവശ്യപ്പെടും.
കൂടാതെ, ദുരിതാശ്വാസ ഫണ്ടിലേക്കുള്ള അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനായി എല്ലാ കളക്ടറേറ്റിലും ഒരു സ്പെഷല്‍ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്താനും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.