വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്ന് ഇരുപത്താഞ്ചാണ്ട് തികയുന്നു. പുല്ലുവഴിയില്‍ നിന്നും പുണ്യവഴിയിലേയ്ക്ക് കാല്‍വരി കുരിശിനെ അനുസ്മരിപ്പിച്ചുകൊണ്ട് നടന്നുകയറിയ പുണ്യനക്ഷത്രമാണ് സിസ്റ്റര്‍ റാണി മരിയ. ഭാരതസഭയിലെ പ്രഥമ വനിതാ രക്തസാക്ഷി.
എഫ്.സി.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെ അംഗമായിരുന്നു സിസ്റ്റര്‍. പാവപ്പെട്ടവരെ അടിച്ചമര്‍ത്തലില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിന് മധ്യപ്രദേശിലെ ഇന്‍ഡോര്‍-ഉദയ്‌നഗര്‍ കേന്ദ്രീകരിച്ച് പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25 ന് അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
എറണാകുളം ജില്ലയിലെ പുല്ലുവഴിയിലെ വട്ടാലില്‍ പൈലി ഏലീശ്വാ ദമ്പതികളുടെ ഏഴു മക്കളില്‍ രണ്ടാമത്തെ മകളായി 1954 ജനുവരി 29 നാണ് സിസ്റ്റര്‍ റാണി മരിയ ജനിച്ചത്. 1972 ജൂലൈ മൂന്നിനായിരുന്നു സന്യാസിനി സഭാ പ്രവേശനം. 1974 മെയ് ഒന്നിന് സഭാവസ്ത്ര സ്വീകരിച്ചു. സാമൂഹിക സേവന പരിശീലനത്തിന് തുടക്കം കുറിച്ചത് 1974 ജൂലൈ ഒന്‍പതിന് പട്‌നയില്‍ ആയിരുന്നു. 1975 മുതല്‍ 1983 വരെ ബിജ്‌നോര്‍ രൂപതയില്‍ പ്രവര്‍ത്തിച്ചു. 1980 മെയ് 22 നായിരുന്നു നിത്യവ്രത വാഗ്ദാനം. 1983 മുതല്‍ 1992 വരെ സാത്ന രൂപതയില്‍ പ്രവര്‍ത്തിച്ചു. 1994 ല്‍ ഭോപ്പാലിലെ അമല പ്രൊവിന്‍സില്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ആയിരുന്നു.
മധ്യപ്രദേശിലെ മിര്‍ജാപ്പൂരില്‍ പ്രേക്ഷിത ശുശ്രൂഷ നടത്തി വന്ന സി. റാണി മരിയ ജന്‍മിവാഴ്ചയ്ക്കും കര്‍ഷക ചൂഷണത്തിനും ഇരയായി കഴിഞ്ഞിരുന്ന ഗ്രാമവാസികളെ, ജന്മിമാരുടെ മുമ്പില്‍ തലകുനിക്കാതെ, വരുമാനത്തിന്റെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നില്‍ ജീവിതം പണയം വയ്ക്കാതിരിക്കാനും പഠിപ്പിച്ചു. സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട ജന്മിമാര്‍ ഏര്‍പ്പാടാക്കിയ സമുന്ദര്‍ സിംഗെന്ന വാടകഗുണ്ടയുടെ കുത്തേറ്റാണ് 1995 ഫെബ്രുവരി 25 ന് നാല്‍പ്പത്തിയൊന്നുകാരിയായ സിസ്റ്റര്‍ റാണി മരിയ രക്തസാക്ഷിത്വം വരിച്ചത്.
വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കും ചാവറയച്ചനും ഏവുപ്രാസ്യമ്മയ്ക്കും ശേഷം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട സന്യാസിനിയാണ് സിസ്റ്റര്‍ റാണി മരിയ. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി എന്ന ഖ്യാതിയോടെയാണ് സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ന്നത്. കത്തോലിക്കാ സഭയുടെ പുണ്യ നക്ഷത്രമായി സിസ്റ്റര്‍ റാണി മരിയ എന്നും ജ്വലിച്ച് നില്‍ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26