വത്തിക്കാനും ഒമാൻ രാഷ്ട്രവും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചു

വത്തിക്കാനും ഒമാൻ രാഷ്ട്രവും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനും ഒമാൻ സുൽത്താനേറ്റും ചേർന്ന് പരസ്പര ധാരണ പ്രോത്സാഹിപ്പിക്കാനും സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനും നയതന്ത്രബന്ധം ആരംഭിച്ചു. വത്തിക്കാനും ഒമാനും തമ്മിലുള്ള പരസ്പര ധാരണ പ്രോത്സാഹിപ്പിക്കാനും സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നതായി ഇരുവിഭാഗത്തിന്റെയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

നയതന്ത്ര ബന്ധത്തിന്റെ സ്ഥാപനം വത്തിക്കാന്റെയും ഒമാന്റെയും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും പരമാധികാര സമത്വം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത, അനാവശ്യ ഇടപെടലുകൾ ഒഴിവാക്കൽ തുടങ്ങിയ തത്വങ്ങളാൽ നയിക്കപ്പെടുമെന്നു രേഖപ്പെടുത്തുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയയും ഒമാൻ സുൽത്താനേറ്റിനായി ഐക്യരാഷ്ട്രസഭയിലെ ഒമാൻ സുൽത്താനേറ്റിന്റെ അംബാസഡർ എച്ച്.ഇ. മൊഹമ്മദ് അൽ ഹസ്നും കരാറില്‍ ഒപ്പുവെച്ചു.

1961 ഏപ്രിൽ 18 ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെ അടിസ്ഥാനത്തിൽ, ഒമാൻ സുൽത്താനേറ്റിന് വത്തിക്കാനിൽ എംബസിയും വത്തിക്കാന് ഒമാനിൽ ഒരു അപ്പോസ്തോലിക് കാര്യാലയവും ഒരുക്കുന്നത് വഴി സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കാനാണ് തീരുമാനം.

ഫെബ്രുവരി 23 ന് നടന്ന പ്രഖ്യാപനം ആശ്ചര്യകരമല്ല. കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെ വത്തിക്കാനും ഒമാന്റെ വിദേശകാര്യ മന്ത്രാലയവും തമ്മിൽ ബന്ധം സ്ഥാപിക്കുവാന്‍ ഇടപെടല്‍ നടത്തിയിരിന്നു.

ഒമാനിലെ ജനസംഖ്യയുടെ 75 ശതമാനം മുസ്ലീങ്ങളാണ്. നാല് കത്തോലിക്ക ഇടവകകളുള്ള രാജ്യത്തു മലയാളികള്‍ ഉള്‍പ്പെടെ 55,000 വിശ്വാസികളാണുള്ളത്. ഒമാൻ പ്രദേശത്തെ പ്രാദേശിക സഭ അബുദാബി ആസ്ഥാനമായുള്ള സൗത്ത് അറേബ്യയുടെ അപ്പസ്തോലിക് വികാരിയേറ്റിന്റെ കീഴിലാണുള്ളത്.

ബിഷപ്പ് പാവോളോ മാർട്ടിനെല്ലിയാണ് ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വത്തിക്കാനുമായി പൂർണ്ണമായ നയതന്ത്ര ബന്ധം സ്ഥാപിതമായതോടെ, ഒമാനിലെ കത്തോലിക്കാ സഭയെ പുരോഹിതന്മാർക്കും മതവിശ്വാസികളാലും സുൽത്താനേറ്റിന്റെ സാമൂഹ്യക്ഷേമത്തിൽ പങ്കാളികളാകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഒമാൻ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള 184 രാഷ്ട്രങ്ങളുമായി വത്തിക്കാന് ഇപ്പോൾ നയതന്ത്ര ബന്ധമുണ്ട്. 2017 ൽ മ്യാൻമറാണ് വത്തിക്കാനുമായി ഏറ്റവും ഒടുവിലായി നയതന്ത്ര ബന്ധം ചേര്‍ത്തിരിക്കുന്ന രാജ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.