തിരുവനന്തപുരം: ഇസ്രായേലിലെ കൃഷി രീതി പഠിക്കാന്‍ പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നും കാണാതായ ബിജു കുര്യനെ ഇസ്രായേലി പോലീസ് കണ്ടെത്തി. ബിജുവിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നും തിങ്കളാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുമെന്നുമാണ് വിവരം.
ബിജു കുര്യനെ കണ്ടെത്തിയ കാര്യം ഇസ്രായേല്‍ പോലീസ് ഇന്റര്‍പോളിനെ അറിയിക്കുകയായിരുന്നു. ഇന്റര്‍പോള്‍ ഈ വിവരം പിന്നീട് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി.
ടെല്‍ അവീവിന് സമീപത്തുള്ള ഹെര്‍സ്ലിയ നഗരത്തില്‍ വച്ചാണ് ബിജു കുര്യന്‍ സംഘത്തില്‍ നിന്നും മുങ്ങിയത്. ഇയാള്‍ക്കായി രാത്രിയും പകലും കാത്തിരുന്ന ശേഷം കൃഷി വകുപ്പ് സെക്രട്ടറി ബി.അശോകും സംഘവും ഹെര്‍സ്ലിയ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ എംബസിയിലും ഇസ്രയേല്‍ അധികൃതര്‍ക്കും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു.
ഈ പരാതിയില്‍ അന്വേഷണം നടത്തിയാണ് ഇസ്രായേല്‍ പൊലീസ് ബിജു കുര്യനെ കണ്ടെത്തിയത്. മലയാളികള്‍ ധാരാളമായുള്ള ഒരു ഗ്രാമത്തിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് ലഭ്യമായ വിവരം. ബിജുവിനെ സംരക്ഷിക്കുന്നവര്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇസ്രയേല്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബിജുവിനെ കണ്ടെത്താനായത്.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ബിജു കുര്യന്‍ തിങ്കളാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ബിജു നേരിട്ട് വിളിച്ചുവെന്ന് സഹോദരന്‍ ബെന്നി കുര്യന്‍ പറഞ്ഞു. ഇക്കാര്യം കൃഷി മന്ത്രി പി.പ്രസാദും പറഞ്ഞു.
ബിജു ഇസ്രയേലില്‍ വച്ച് മുങ്ങിയതല്ലെന്നും പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. തിരിച്ചെത്തിയാല്‍ ഔദ്യോഗിക സംഘത്തില്‍ നിന്നും എങ്ങോട്ട് മുങ്ങിയെന്ന കാര്യത്തില്‍ ബിജു സര്‍ക്കാരിന് വിശദീകരിക്കണം നല്‍കേണ്ടി വരും.
ഇയാളുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല. വിസാ കാലാവധി കഴിയും മുന്‍പെ തിരികെ പോയതിനാല്‍ ബിജുവിനെതിരെ ഇസ്രായേല്‍ സര്‍ക്കാരും നടപടിയെടുക്കില്ല.
ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകുമാണ് കൃഷി രീതികള്‍ പഠിക്കാനായി ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. 17 ന് രാത്രി ഹെര്‍സ്ലിയ നഗരത്തിലെ ഹോട്ടലില്‍ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.