നീതിയില്ലാതെ സമാധാനമില്ല; സമാധാനത്തിനായുള്ള ഓരോ പരിശ്രമത്തിനും നീതിയോടുള്ള സമർപ്പണം ആവശ്യമാണ്: ജഡ്ജ്മാരോടും മജിസ്‌ട്രേറ്റുമാരോടും മാർപ്പാപ്പ

നീതിയില്ലാതെ സമാധാനമില്ല; സമാധാനത്തിനായുള്ള ഓരോ പരിശ്രമത്തിനും നീതിയോടുള്ള സമർപ്പണം ആവശ്യമാണ്: ജഡ്ജ്മാരോടും മജിസ്‌ട്രേറ്റുമാരോടും മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: സമാധാനത്തിനായുള്ള എല്ലാ പരിശ്രമങ്ങൾക്കും നീതിയോടുള്ള സമര്‍പ്പണം ആവശ്യമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ട്രൈബ്യൂണലിന്റെ 94-ാമത് കോടതിവത്സരത്തിന്റെ (Judicial Year) ഉദ്ഘാടന വേളയിൽ ജഡ്ജിമാരെയും മജിസ്‌ട്രേറ്റുമാരെയും അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പയുടെ ഓർമപ്പെടുത്തൽ.

ഉദ്ഘാടനച്ചടങ്ങിൽ ഇറ്റാലിയൻ നീതിന്യായ മന്ത്രി കാർലോ നോർഡിയോയും പ്രധാനമന്ത്രിയുടെ അണ്ടർസെക്രട്ടറി ആൽഫ്രെഡോ മാന്തോവാനോയും ഇറ്റാലിയൻ ഭരണകൂടത്തിലെ ഉന്നത നീതിന്യായ സ്ഥാപനങ്ങളുടെ നിരവധി പ്രതിനിധികളും പങ്കെടുത്തിരുന്നു.

നീതിയില്ലാത്ത സമാധാനം സമാധാനമില്ല

നീതിയില്ലാത്ത സമാധാനം യഥാർത്ഥ സമാധാനമില്ല, അതിന് ഉറച്ച അടിത്തറകളോ ഭാവിയുടെ സാധ്യതകളോ ഉണ്ടാകില്ല. ലോകത്തിൽ ഇന്ന് അരങ്ങേറുന്ന ഒരുതരം സ്വയം വിനാശകരമായ സംഘർഷങ്ങൾക്കു മുന്നിൽ സമാധാനത്തിനും നീതിക്കുമായുള്ള നമ്മുടെ ദാഹം വർധിക്കേണ്ടതുണ്ട്. നീതിയും കരുണയും എപ്പോഴും ഒരുമിച്ച് നടക്കുമെന്നും ഫ്രാൻസിസ് പാപ്പ അനുസ്മരിക്കുന്നു.

ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ “ദുരന്ത പരിണാമത്തെ” കുറിച്ചും മാർപ്പാപ്പ പ്രത്യേകം പരാമർശിച്ചു. കോവിഡ് 19 മഹാമാരി സമ്മാനിച്ച ഭീകരമായ അഗ്നിപരീക്ഷയ്ക്കും പ്രതിസന്ധികൾക്കു ശേഷം എത്രയും വേഗം ജീവിതം പുനരാരംഭിക്കാമെന്ന പ്രത്യാശയെ, വ്യാപകമായ ഐക്യദാർഢ്യാത്തിലൂടെ ഊട്ടിവളർത്തിയിരുന്നു. എന്നാൽ ഇതിനിടയിൽ നർഭാഗ്യവശാൽ പൊട്ടിപ്പുറപ്പെട്ട ഉക്രെയ്‌ൻ യുദ്ധം പ്രതിസന്ധിയെ അതിരൂക്ഷമാക്കിയിരിക്കുന്നുവെന്ന് പാപ്പ പറഞ്ഞു.

ഈ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, സമാധാനവും നീതിയും കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് സാക്ഷ്യമേകണ്ടതിന്റെ ആവശ്യകത അത്യന്താപേക്ഷിതമായിത്തീരും വിധം നമ്മുടെ മനസാക്ഷിയിൽ ശക്തിപ്പെടുന്നുവെന്ന് പാപ്പ പറഞ്ഞു.

സമാധാനത്തിനായുള്ള ഓരോ പ്രതിബദ്ധതയ്ക്കും നീതിയോടുള്ള സമർപ്പണം ആവശ്യമാണ്

ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന ഈ നാടകീയമായ സാഹചര്യത്തിലും അക്രമവും യുദ്ധവും നിരുത്സാഹപ്പെടുത്തുന്ന ഒരു കാലത്തിലേക്ക്, സമാധാനവും നീതിയും കെട്ടിപ്പടുക്കുന്നതിന് സാക്ഷ്യം വഹിക്കുന്നതിനാണ് ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നുതെന്ന് ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു.

സമാധാനത്തിനായുള്ള ഓരോ പരിശ്രമവും നീതിക്കായുള്ള യത്നമാണെന്നും അത് നീതിയോടുള്ള സമർപ്പണമാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. നീതിയില്ലാതെയുള്ള സമാധാനം യഥാർത്ഥ സമാധാനമല്ലയെന്നും അതിന് ഉറച്ച അടിത്തറയോ ഭാവി സാധ്യതയോ ഉണ്ടാകില്ലെന്നും പാപ്പ ഊന്നിപ്പറഞ്ഞു.

നീതി എന്നത് അമൂർത്തമോ കല്പനാസൃഷ്ടിയോ അല്ലയെന്നും ബൈബിളിൽ, അത് ദൈവത്തോടുള്ള എല്ലാ കടമകളുടെയും സത്യസന്ധവും വിശ്വസ്തവുമായ നിറവേറ്റലും ദൈവഹിത നിർവ്വഹകണവും ആണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. നീതി എല്ലാവർക്കും അർഹതയുള്ളത് നൽകുന്ന ഒരു പുണ്യമാണ്.

പൊതുജീവിതത്തിന്റെ എല്ലാ മേഖലകളുടെയും ശരിയായ പ്രവർത്തനത്തിനും എല്ലാവർക്കും സമാധാനപരമായ ജീവിതം നയിക്കുന്നതിനും നീതി ഒഴിച്ചുകൂടാനാവാത്തതാണ്. വൈക്തിക പരിവർത്തനത്തിനായുള്ള പരിശ്രമത്തിലൂടെ വളർത്തിയെടുക്കേണ്ടതാണ് നീതി. മാത്രമല്ല വിവേകം, ധൈര്യം, സംയമനം എന്നീ മൗലികപുണ്യങ്ങൾക്കൊപ്പം ഇത് അഭ്യസിക്കേണ്ടതാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

വത്തിക്കാൻ വിചാരണ വേദനാജനകമായ ഒരു അനിവാര്യതയാണ്

സിവിൽ, ക്രിമിനൽ കേസുകൾ തീർപ്പാക്കുന്നതിൽ "വത്തിക്കാന്റെ നന്മയ്ക്കായി വിലയേറിയ പങ്ക് വഹിക്കുന്ന" വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ട്രൈബ്യൂണലുകൾ ഈ വീക്ഷണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പ ഉയർത്തിക്കാട്ടി.

വത്തിക്കാൻ ഉദ്യോഗസ്ഥർക്കെതിരെ സമീപ വർഷങ്ങളിൽ നടന്ന സാമ്പത്തിക കുറ്റവിചാരണകളെ പാപ്പ പ്രത്യേകം എടുത്ത് പറഞ്ഞു. "ദൈവത്തിന്റെ വെളിച്ചം പ്രതിഫലിപ്പിക്കുന്നതിലും അതിന്റെ ഫലപ്രാപ്തിയിലും ഇത്തരം നടപടികൾ ഗുരുതരമായ വിധത്തിൽ ദോഷകരമായി ബാധിച്ചു" മാർപ്പാപ്പ കൂട്ടിച്ചേർത്തു.

നീതിയും കരുണയും

സഭയുടെ മുഖം മറയ്ക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തെറ്റായ പെരുമാറ്റത്തെ തുടർന്നുണ്ടാകുന്ന ഇത്തരം കേസുകൾ കണ്ടെത്തുമ്പോൾ "നീതിയും കരുണയും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നതിന്" വത്തിക്കാൻ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.

കർക്കശമായ വിവേചനാധികാരം കൂടാതെ സഭനിയമനുസരിച്ചുള്ള ധർമത്തിലൂന്നിയ വിവേകപൂർണ്ണമായ അവലംബം എന്നിവ ഈ സന്തുലിതാവസ്ഥയിലെത്താൻ സഹായിക്കുമെന്ന് മാർപ്പാപ്പ നിർദ്ദേശിച്ചു. കരുണയും നീതിയും ഒന്നിനൊന്ന് ബദലല്ല, അവ ഒരേ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നടക്കുകയാണ് ചെയ്യേണ്ടത്. കാരണം കരുണ എന്നത് നീതിയുടെ മുന്നിലെ സന്ദേഹമല്ല, മറിച്ച് അതിന്റെ പൂർത്തീകരണമാണ്.

പരസ്പരം കലഹിക്കുന്ന സമൂഹാംഗങ്ങൾക്കു മദ്ധ്യേയും സമൂഹത്തിനകത്തും ധ്വംസിക്കപ്പെട്ട സമാധാനം പുനഃസ്ഥാപിക്കുന്നതിന് നീതിന്യായ മണ്ഡലത്തിലുള്ളവരുടെ ഉത്തരവാദിത്വത്തിന് ഈ പുണ്യം സവിശേഷമാംവിധം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

നീതിയുടെ പാത എല്ലാവരേയും, പ്രത്യേകിച്ച് ഏറ്റം ദുർബ്ബലരെ സംരക്ഷിക്കുന്ന സാഹോദര്യം സാദ്ധ്യമാക്കിത്തീർക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു. തനിക്ക് സൗജന്യമായി ലഭിച്ച കാരുണ്യത്തിന് വാക്കിലും പ്രവൃത്തിയിലും സാക്ഷ്യം വഹിക്കുമ്പോഴാണ് സഭ സർവ്വോപരി അവളുടെ നിയോഗം നിറവേറ്റുന്നതെന്ന വസ്തുതയും പാപ്പ എടുത്തുകാട്ടി.

അതിനാൽ, സത്യവും നീതിയും അന്വേഷിക്കാനുള്ള തങ്ങളുടെ പ്രവർത്തനത്തിനിടയിൽ ഈ വസ്തുത മനസിൽ സൂക്ഷിക്കണമെന്ന് വത്തിക്കാൻ മജിസ്‌ട്രേറ്റുമാരോട് ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് പാപ്പ തന്റെ വാക്കുകൾ ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.